സർവകലാശാല നിയമഭേദഗതി ബിൽ: മന്ത്രിക്ക് ഗുണകരമാകുന്ന വകുപ്പ് കൂട്ടിച്ചേർത്ത് ‘സർക്കാർ തന്ത്രം’

Mail This Article
തിരുവനന്തപുരം∙ മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലിൽ ഉന്നതവിദ്യാഭ്യാസകാര്യ മന്ത്രി ആർ.ബിന്ദുവിന് ഗുണകരമാകുന്ന പുതിയ വകുപ്പ് എഴുതിച്ചേർത്തെന്ന് ആരോപണം. കോർപറേഷൻ മേയർ, മുൻസിപ്പൽ കോർപറേഷൻ അധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളിൽ നിയോഗിക്കപ്പെടുന്ന സ്വകാര്യ കോളജ് അധ്യാപകർക്ക് പ്രസ്തുത പദവിയിലിരിക്കുന്ന കാലയളവ് ഔദ്യോഗിക അവധിയായി കണക്കാക്കുന്ന പുതിയ വകുപ്പ് അക്കാദമിക് മികവിനുള്ള നിയമഭേദഗതികൾക്കൊപ്പം പുതുതായി കൂട്ടിച്ചേർത്തെന്നാണ് ആരോപണം.
എയ്ഡഡ് കോളജ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് കേരള സർവീസ് ചട്ടങ്ങളിൽ 2021ൽ ഭേദഗതി വരുത്തിയെങ്കിലും അതിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരുമ്പോൾ തന്നെ നിയമഭേദഗതി കൊണ്ടുവരുന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഗുണകരമാക്കുന്നതിനാണെന്നാണ് ആക്ഷേപം. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷം ആർ. ബിന്ദു തൃശൂർ കോർപറേഷൻ മേയർ ആയിരുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മന്ത്രി തൃശൂർ കേരളവർമ കോളജിൽനിന്ന് സ്വമേധയാ വിരമിച്ചിരുന്നു. നിയമഭേദഗതി വരുന്നതോടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് മേയർ പദവിയിലെ കാലയളവുകൂടി പെൻഷൻ ആനുകൂല്യങ്ങൾക്ക് കണക്കാക്കി വർധിച്ച പെൻഷൻ അനുകൂല്യങ്ങൾ വാങ്ങാനാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻപ് അധ്യക്ഷരായിരുന്ന എയ്ഡഡ് കോളജ് അധ്യാപകർ, പ്രസ്തുത കാലയളവ് സർവീസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ സർക്കാരിന്റെ പരിഗണയിലുണ്ട്. നിയമസഭ പാസാക്കുന്ന സർവകലാശാല ഭേദഗതി നിയമത്തിൽ പുതിയ വകുപ്പ് എഴുതി ചേർക്കുന്നതോടെ ഉത്തരവിറക്കുന്നതിലുള്ള തടസങ്ങൾ നീങ്ങി കിട്ടും. 2023 മേയ് വരെ സർവീസ് ഉണ്ടായിരുന്ന മന്ത്രി ആർ.ബിന്ദു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 2021 മാർച്ചിലാണ് സ്വമേധയാ വിരമിച്ചത്. അഞ്ച് വർഷം മേയർ ആയിരുന്നതുൾപ്പടെ 26 വർഷത്തെ സർവീസാണുള്ളത്.