കാത്തിരിപ്പിന് വിരാമം; മെക്സിക്കോ ഉൾക്കടലിൽ സ്പ്ലാഷ് ഡൗൺ: സുനിതയുടെ ലാൻഡിങ് ഇങ്ങനെ

Mail This Article
ഒൻപത് മാസം...കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം...കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടലിൽ വീണത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു. യാത്രികരെ സ്ട്രെച്ചറുകളിൽ വിമാനത്തിൽ കയറ്റി ഫ്ലോറിഡയിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിക്കും. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.
ഇന്നലെ രാവിലെയാണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 മൊഡ്യൂൾ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ട് ഭൂമിയിലേക്കു പുറപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ്, ഏകദേശം 15,000 കി.മീ. ഉയരത്തിൽ വച്ച് പേടകത്തിൽനിന്ന് സോളർ പാനൽ അടക്കമുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമർന്നു. പേടകം അതിവേഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് 15 മിനിറ്റ് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വേഗം കുറച്ചു. പിന്നെ പതിയെ, നിയന്ത്രിതമായ നിലയിൽ അന്തരീക്ഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയം പുലർച്ചെ രാവിലെ 2.54ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി. 2.57ഓടെ നോസ് കോൺ അടയ്ക്കൽ പൂർത്തിയായി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഘർഷണം കാരണം പേടകത്തിനു മേലുണ്ടാവുക 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട്. ഇതിനെ പ്രതിരോധിക്കാനുള്ള ഹീറ്റ് ഷീൽഡും തയാറാക്കി.
പുലർച്ചെ 3.11ന് ഫ്രീഡം ഡ്രാഗൺ ക്യാപ്സൂളിൽനിന്ന് ഭൂമിയിലേക്ക് സന്ദേശമെത്തി. ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഘർഷണം കാരണം കൊടുംചൂടിലേക്ക് കടക്കുന്ന പേടകത്തിന് അൽപസമയത്തേക്ക് ആശയവിനിമയം നഷ്ടമായി. ഈ ‘കമ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ടി’ന് പുലർച്ചെ 3.21ഓടെ അവസാനിച്ചു. പേടകത്തിനു ചുറ്റും പ്ലാസ്മ രൂപപ്പെടുന്നതിനാലാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ട് സംഭവിക്കുന്നത്. അതിവേഗത്തിലായിരിക്കും ഈ സമയം പേടകം സഞ്ചരിക്കുക. ഒപ്പം അതീവതാപവും പേടകത്തിന്മേൽ അനുഭവപ്പെടും. ഈ സാഹചര്യത്തിൽ പേടകത്തിനു ചുറ്റുമുള്ള വായു തന്മാത്രകൾ അയണൈസ് ചെയ്യപ്പെട്ട് തിളക്കമുള്ള പ്ലാസ്മ ‘കവചം’ രൂപപ്പെടുന്നതാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിന് കാരണമാകുന്നത്.
പേടകത്തിന്റെ വേഗം പതിയെ കുറഞ്ഞു. പിന്നാലെ മെയിൻ പാരച്യൂട്ടുകളും തുറന്നു. പേടകത്തിന്റെ വേഗം പിന്നെയും കുറഞ്ഞു. പേടകവുമായി ഫ്ലോറിഡ തീരത്തെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് നാല് പാരച്യൂട്ടുകളും സാവധാനം പറന്നിറങ്ങി . പൂർണമായും ഓട്ടമാറ്റിക്കായായിരുന്നു പ്രവർത്തനം.മെക്സിക്കോ ഉൾക്കടലിലാണ് (ട്രംപ് പേരുമാറ്റിയതു പ്രകാരം അമേരിക്കൻ ഉൾക്കടൽ) ഡ്രാഗൺ ക്യാപ്സൂൾ വീണത്. അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ.
സെപ്റ്റംബറിൽ നിലയത്തിലെത്തിയ ക്രൂ9 ദൗത്യത്തിലെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരും സുനിതയുടെ സംഘത്തിലുണ്ട്. പരിചയ സമ്പന്നനായ നിക് ഹേഗിനായിരുന്നു യാത്രയുടെ കമാൻഡ്. സ്പേസ്എക്സിന്റെ കർശനമായ സുരക്ഷാചട്ടങ്ങൾ കാരണമാണ് യാത്ര 17 മണിക്കൂർ നീണ്ടത്. ഈ യാത്ര റഷ്യൻ പേടകങ്ങൾ 3.5 മണിക്കൂറിൽ പൂർത്തിയാക്കാറുണ്ട്. പ്രത്യേക റീ എൻട്രി സ്യൂട്ടുകളും ബൂട്ടുകളും ഹെൽമറ്റുകളും ധരിച്ചായിരുന്നു യാത്രികരുടെ മടക്കയാത്ര. മൂന്നു യാത്രകളിലായി സുനിത വില്യംസ് ആകെ 608 ദിവസം ബഹിരാകാശത്തു ചെലവഴിച്ചു. 675 ദിവസം ബഹിരാകാശത്തു ജീവിച്ച പെഗി വിറ്റ്സൻ മാത്രമാണ് ഇക്കാര്യത്തിൽ സുനിതയ്ക്കു മുന്നിലുള്ള വനിത.
സുനിതയും വിൽമോറും കഴിഞ്ഞ ജൂണിൽ ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതിനെത്തുടർന്നാണു പ്രതിസന്ധി രൂപപ്പെട്ടത്. ഒരാഴ്ചത്തേക്കു പോയ സഞ്ചാരികളുടെ മടക്കം ഇതോടെ അനിശ്ചിതത്വത്തിലായി. നാസയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച, യുഎസിൽ രാഷ്ട്രീയ വിവാദങ്ങൾക്കുപോലും വഴിയൊരുക്കിയ സംഭവത്തിനാണ് സുനിതയുടെ തിരിച്ചുവരവോടെ അവസാനമാകുന്നത്.