‘തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ട; ഗാസയിൽ ഇസ്രയേലിന്റെ കടന്നുകയറ്റത്തെക്കുറിച്ചും പറയണമായിരുന്നു’

Mail This Article
കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂർണമായി തള്ളാതെ കെ.മുരളീധരൻ. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘‘യുക്രെയ്നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാർട്ടിലൈൻ അനുസരിച്ച് ലോക്സഭയിൽ പ്രസംഗിച്ചയാളാണ് തരൂർ. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.
രാജ്യാന്തര വിഷയം സംസാരിച്ച സ്ഥിതിക്ക് അദ്ദേഹം ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നുകയറ്റത്തെക്കുറിച്ചും പറയേണ്ടതായിരുന്നു. നിരവധി സ്ത്രീകളും കുട്ടികളും ഗാസയിൽ കൊല്ലപ്പെട്ടു. ഇപ്പോൾ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാൻ ഇസ്രയേലിന് സാധിക്കില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കു കേട്ട് ഒരു രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അതിനെ അപലപിക്കാൻ കൂടി അദ്ദേഹം തയാറാകേണ്ടതായിരുന്നു. പ്രധാനമന്ത്രി അക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ തരൂരിന്റെ വാക്കുകൾ തിരുത്തേണ്ടതാണെങ്കിൽ അതു ചെയ്യേണ്ടത് കേന്ദ്ര നേതൃത്വമാണ്. സംസ്ഥാന നേതൃത്വത്തിന് അതിൽ പങ്കില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ അവസാനത്തെ ആഘോഷമാണ് അവർ നടത്താൻ പോകുന്നത്. മാലിന്യ മുക്ത കേരളമെന്നാണ് സർക്കാർ പറയുന്നത്. തലസ്ഥാനത്തെ കലക്ടറേറ്റിൽ പോലും തേനീച്ചയെക്കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതാണ് സർക്കാർ പറയുന്ന ശുചിത്വ കേരളം.
ആശാ വർക്കറുമാരുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള ചർച്ചയിൽ കേന്ദ്രവിഹിതം കിട്ടാനുണ്ടെന്നുള്ള കാര്യം പിണറായി അറിയിച്ചില്ല. എത്ര നാൾ കഴിഞ്ഞാലും ആശാവർക്കർമാരുടെ സമരം വിജയിക്കുക തന്നെ ചെയ്യുമെന്നും കെ.മുരളീധരൻ പറഞ്ഞു.