‘രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിയിച്ചയാള്‍; യോഗത്തില്‍ എത്താന്‍ വൈകിയത് കാര്‍ കിട്ടാത്തതു കൊണ്ട്’

Mail This Article
തിരുവനന്തപുരം∙ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എത്താന്‍ വൈകിയത് കാര്‍ കിട്ടാത്തതു കൊണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കാര്‍ വന്നപ്പോള്‍ ഉടനെ കയറിവരികയും ചെയ്തു. എന്നാൽ ചില തല്‍പ്പര കക്ഷികള്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമർപ്പണ വേളയിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയായതോടെയാണ് മാധ്യമപ്രവർത്തകരോട് വിശദീകരണം നടത്തിയത്.
രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും പ്രസ്ഥാനത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പുതിയ ആളല്ല. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബിജെപി അതിശക്തമായി മുന്നോട്ട് പോകുമെന്നും എല്ലാവരും ഒരുമിച്ച് ചേർന്നു പ്രവർത്തിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.