എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം: സർക്കാർ ഏറ്റെടുത്തെന്ന വാദം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി

Mail This Article
തിരുവനന്തപുരം∙ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ ഏറ്റെടുത്തു എന്ന വാദം തെറ്റാണെന്നും സുപ്രീംകോടതി നിർദേശപ്രകാരം ശുപാർശ സമിതികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിച്ചു സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നിയമന നടപടികൾ താമസമില്ലാതെ പൂർത്തിയാക്കണമെന്നും ഭിന്നശേഷി വിഭാഗത്തിൽ ഒഴിവുള്ള പക്ഷം പ്രൊവിഷനലായി നിയമിച്ച മറ്റു ജീവനക്കാരെ വിടുതൽ ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഒരു സംസ്ഥാനതല സമിതി രൂപീകരിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.
സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർഥികളെ നിയമിക്കാൻ മാനേജർമാർ ബാധ്യസ്ഥരാണെന്നും ഇത് സംബന്ധിച്ച അഭിപ്രായം സമർപ്പിക്കുന്നതിനും സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കുവാൻ സുപ്രീംകോടതി അനുമതി നൽകി. തുടർന്ന് സമിതികൾ രൂപീകരിച്ചും ചുമതലകൾ നിശ്ചയിച്ചുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു.