രണ്ടു പ്രത്യേക ലിസ്റ്റഡ് കമ്പനികൾ; 1000 കടന്ന് ടാറ്റ മോട്ടോഴ്സ് ഓഹരികൾ
Mail This Article
ടാറ്റ മോട്ടോഴ്സസിനെ രണ്ടു പ്രത്യേക ലിസ്റ്റഡ് കമ്പനികളാക്കി വിഭജിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വില. കമ്പനി ഓഹരികൾ ആദ്യമായി 1000 രൂപ കടന്നു. 6.5 ശതമാനത്തിലധികം ഉയർന്ന ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയായ 1065.60 രൂപയിലെത്തി. നിലവിൽ 1050.90 രൂപയിലാണ് (10.15 AM)വ്യാപാരം പുരോഗമിക്കുന്നത്.
വിഭജനം ഇങ്ങനെ
വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങള്‍ എന്നിങ്ങനെയാണ് ടാറ്റ മോട്ടോഴ്സിനെ വിഭജിക്കുന്നത്. ഇലക്ട്രിക് വാഹനം, ജാഗ്വർ ലാൻഡ് റോവർ(ജെഎൽആർ) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ഒറ്റക്കമ്പനി ആകും. വാണിജ്യ വാഹന ബിസിനസും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും വേറൊരു കമ്പനിയുമായി മാറും.
വിഭജനത്തെ തുടർന്ന് രൂപം നൽകുന്ന രണ്ടു കമ്പനികളിലും നിലവിലെ ഓഹരി ഉടമകൾക്ക് തുല്യ അളവിൽ ഓഹരി ഉടമസ്ഥത ലഭിക്കും. വിവിധ അനുമതികൾ ലഭിച്ച് വിഭജനം പൂർത്തിയാകാൻ 12–15 മാസം എടുത്തേക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ അറിയിച്ചു.