നിര്മലമാകുമോ 'റെക്കോര്‍ഡ്' ബജറ്റ്? ബജറ്റവതരണം അടുത്തമാസം, ഉറ്റുനോട്ടം ആദായ നികുതിയില്‍

Mail This Article
കേന്ദ്ര ധനമന്ത്രിയായി വീണ്ടും ചുമതലയേറ്റ നിര്‍മല സീതാരാമന്‍ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അടുത്തമാസം അവതരിപ്പിക്കും. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഇക്കുറി പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം. ആദ്യദിനത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം. അങ്ങനെയെങ്കില്‍ ജൂലൈ 22ന് ബജറ്റ് അവതരണം പ്രതീക്ഷിക്കാം.
തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോര്‍ഡുമാണ് ഇതുവഴി നിര്‍മല സീതാരാമന്‍ സ്വന്തമാക്കുക. നിലവില്‍ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കൊപ്പമാണ് നിര്‍മല. 2019 മുതല്‍ 2023 വരെ വര്‍ഷങ്ങളില്‍ സമ്പൂര്‍ണ ബജറ്റുകളും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റുമാണ് നിര്‍മല അവതരിപ്പിച്ചത്.
ബജറ്റിലെ പ്രതീക്ഷകള്‍
തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം മുറുകെപ്പിടിച്ചാണ് നിര്‍മല ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ, വോട്ട് നോട്ടമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്‍റെ മൂലധനച്ചെലവ് 11 ശതമാനം ഉയര്‍ത്തി 11.11 ലക്ഷം കോടി രൂപയാക്കിയതും (ജിഡിപിയുടെ 3.4 ശതമാനം) വളര്‍ന്നുവരുന്ന പുത്തന്‍ മേഖലകള്‍ക്കായി (സണ്‍റൈസ് സെക്ടറുകള്‍) 50 വര്‍ഷത്തെ പലിശരഹിത വായ്പാപദ്ധതിയുമായിരുന്നു ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍.

ഇക്കുറി സമ്പൂര്‍ണ ബജറ്റ് ജനപ്രിയമാക്കാന്‍ നിര്‍മല ശ്രമിച്ചേക്കും. എന്‍ഡിഎയിലെ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും യഥാക്രമം ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടിയേക്കും.
നികുതിയില്‍ തൊടുമോ?
ഇടക്കാല ബജറ്റില്‍ നികുതി വ്യവസ്ഥകളിലൊന്നും മാറ്റംവരുത്താന്‍ നിര്‍മല തയ്യാറായിരുന്നില്ല. സമ്പൂര്‍ണ ബജറ്റില്‍ കാതലായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇറക്കുമതി തീരുവകളില്‍ മാറ്റം വരുത്തിയേക്കാം. ആദായ നികുതിയിലെ തീരുമാനങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. പഴയ സ്കീമില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായോ ഒരുലക്ഷം രൂപയായോ ആയി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള ഇളവ് നിലവില്‍ ഒന്നരലക്ഷം രൂപയാണ്. 2014-15ലാണ് ഇത് ഒരുലക്ഷം രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കിയത്. തുടര്‍ന്ന്, മാറ്റംവരുത്തിയിട്ടില്ല. ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം പകരാന്‍ ഈ ഇളവ് രണ്ടുലക്ഷം രൂപയാക്കണമെന്ന ആവശ്യവും ഏറെക്കാലമായുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികള്‍, യുലിപ്, ടാക്സ് സേവിങ് എഫ്‍ഡി തുടങ്ങിയവയിലെ നിക്ഷേപത്തിലൂടെ നികുതി ബാധകമായ വരുമാനത്തില്‍ ഒന്നരലക്ഷം രൂപയുടെ ഇളവ് നേടാന്‍ സഹായിക്കുന്നതാണ് സെക്ഷന്‍ 80സി.