ആഡംബര ബ്രാൻഡുകൾക്ക് പിന്നിലെ കോടികളുടെ 'അർമാദം'
Mail This Article
അനന്ത് അംബാനിയുടെ വിവാഹത്തിന് വന്ന ഷാരൂഖ് ഖാൻ, രൺവീർ സിങ് എന്നിവരടക്കം ചില അടുപ്പക്കാർക്ക് 2 കോടിയുടെ വിലവരുന്ന വാച്ചുകളാണ് അംബാനിക്കുടുംബം സമ്മാനമായി നൽകിയത്. അനന്ത് അംബാനിക്ക് സമ്മാനിച്ച വാച്ചിലാകട്ടെ 18 കാരറ്റ് സ്വർണം കൊണ്ട് നിർമ്മിച്ച 41 എംഎം കെയ്‌സും നീലക്കല്ലിന്റെ ക്രിസ്റ്റലുമാണുള്ളത്. ഓടെമാർസ് പിഗ്‌വേ എന്ന ബ്രാൻഡിന്റേതാണ് ഈ വിലകൂടിയ ആഡംബര വാച്ച്. അനന്ത് –രാധിക വിവാഹാഘോഷത്തിൽ എല്ലാവരുടെയും കണ്ണ് മഞ്ഞളിച്ചത് ലോകത്തിലെ വമ്പൻ ബ്രാൻഡുകളുടെയെല്ലാം ഈ അതിപ്രസരം കണ്ടിട്ടാണ്. ബോളിവുഡും ബിസിനസ് ലോകവും സമ്മേളിച്ച വിവാഹ മാമാങ്കത്തിൽ വമ്പൻ ബ്രാൻഡുകളുടെയാകെ ഘോഷയാത്രയായിരുന്നു.
സെലിബ്രിറ്റികൾക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടെങ്കിലും, അതിൽ പകുതിയെങ്കിലും ബ്രാന്‍ഡഡ് സാധനങ്ങൾ വാങ്ങാൻ ചെലവഴിക്കേണ്ടി വരും. മുന്തിയ ബ്രാൻഡ് വസ്ത്രങ്ങളും ആഭരണങ്ങളും ചെരുപ്പുകളും ബാഗുകളും ഇത്തരക്കാരുടെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്. ബ്രാൻഡഡ് വസ്തുക്കളാണ് സെലിബ്രിറ്റികളെ അവരുടെ സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താൻ സഹായിക്കുന്നത്. ആരെയും കൊതിപ്പിക്കുന്നതും, അൽഭുതപ്പെടുത്തുന്നതും അസൂയപ്പെടുത്തുന്നതും ആയ കാര്യമാണ് ആഡംബര ഉൽപ്പന്നങ്ങളുടെ പകിട്ട്. ലൂയി വിറ്റോൺ, ഗൂച്ചി, ഷെനെൽ, പ്രാഡ, ഹെർമിസ് തുടങ്ങിയ ബ്രാൻഡുകൾ ആഡംബര ഫാഷൻ ലോകത്തെ ഏറ്റവും പ്രശസ്തരാണ്. ഈ ബ്രാന്‍ഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ലക്ഷങ്ങൾ വിലയുമുണ്ട്. എന്താണ് ഇവയെ ഇത്ര സവിശേഷ വസ്തുക്കളാക്കുന്നത്?
ലോകത്തിൽ കോടാനുകോടി മനുഷ്യരുണ്ടെങ്കിലും അവരിൽ കുറച്ചുപേർക്ക് മാത്രമായി സൃഷ്ടിക്കുന്നതാണ് ആഡംബര ഉൽപ്പന്നങ്ങൾ എന്ന് പറയാം. 'എക്സ്ക്ലുസീവ് ' എന്ന വിഭാഗത്തിൽപ്പെടുന്നതിനാൽ നിത അംബാനിയെ പോലുള്ളവർക്കോ, ഹോളിവുഡ് സെലിബ്രിറ്റികൾക്കോ മാത്രമായിട്ടായിരിക്കും ഇവയിൽ ചിലത് ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുക. സാധാരണക്കാരുടെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാൽ പോലും സെലിബ്രിറ്റികൾ ഒരു ചടങ്ങിന് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങാനാകില്ല എന്ന് ചുരുക്കം. ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന വില, വിരലിലെണ്ണാവുന്നവർക്ക് മാത്രമേ താങ്ങാനും സാധിക്കൂ. തങ്ങളുടെ ഫീൽഡിൽ തങ്ങളെ വെല്ലാൻ ആളില്ല എന്ന സന്ദേശം പ്രതിഫലിപ്പിക്കാനും ഈ ബ്രാൻഡുകൾ പ്രത്യേകം ശ്രദ്ധിക്കും.
ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ബ്രാൻഡുകളുടെ വിൽപനതന്ത്രങ്ങൾ ഒരിക്കലും ആഡംബര ബ്രാൻഡുകൾ ഉപയോഗിക്കില്ല. കാരണം ഈ ഉൽപ്പന്നങ്ങൾ കലാപരമായി അതുല്യമെന്ന് കാണിക്കുന്നതിനും, ഇമേജ് ഉണ്ടാക്കുന്നതിനും ഉള്ളവയാണ്. പ്രീമിയം വിലയ്ക്കപ്പുറം ആഡംബരത്തിന്റെ മനഃശാസ്ത്രം ശരിക്ക് മനസിലാക്കിയാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്.
ചരിത്രവും പാരമ്പര്യവും
ഇന്ത്യൻ സന്ദർശന വേളയിൽ അക്ഷത മൂർത്തി ധരിച്ച വസ്ത്രത്തിനെ ചൊല്ലി ഒരുപാടു ചർച്ചകൾ ഉണ്ടായതാണ്. ഇന്ത്യയുടേയും, യു കെയുടെയും ചരിത്രവും, പാരമ്പര്യവും അവരുടെ വസ്ത്രങ്ങളിൽ പ്രതിഫലിപ്പിച്ചിരുന്നു എന്ന് വിദേശ മാധ്യമങ്ങൾ വരെ പുകഴ്ത്തി എഴുതിയിരുന്നു. ഒരു പ്രത്യേക അവസരത്തിൽ അണിയുന്ന വസ്ത്രത്തിന്റെ ചരിത്രവും പാരമ്പര്യവുമായ പ്രത്യേകതകൾ എടുത്തു കാണിക്കാൻ അതുകൊണ്ട് ആഡംബര ബ്രാൻഡുകൾ എല്ലാം വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. സാധാരണക്കാർ ഷോപ്പിങ് നടത്തുമ്പോൾ ആമസോണിൽ ഏറ്റവും വില കുറഞ്ഞ വസ്ത്രം തിരഞ്ഞെടുക്കുന്നതുപോലെയല്ല ആഡംബര ഗണത്തിൽപ്പെട്ട എണ്ണപ്പെട്ട വസ്ത്ര വില്പന എന്നർത്ഥം. ചരിത്രവും പൈതൃകവും മാത്രമല്ല വിജയം, പിന്തുടർച്ച, സമ്പത്ത്, അഭിരുചി, അധികാരം, അന്തസ് എന്നിവയും ആഡംബര ബ്രാൻഡുകൾ എടുത്ത് കാണിക്കും.
ഭാഷ
ആഡംബര വസ്തുക്കളിൽ ഉപയോഗിക്കുന്ന നിറത്തിനും, അവ ഉണ്ടാക്കാൻ തിരഞ്ഞെടുക്കുന്ന വസ്തുക്കൾക്കും 'ക്‌ളാസ് ലുക്ക്' വിളിച്ചോതുന്ന കാര്യങ്ങൾ ഉണ്ടാകും. അതുപോലെ ഇത്തരം ഉൽപ്പന്നങ്ങളുടെ ലോഗോ, വിവരങ്ങൾ, കരകൗശല വിരുത് എന്നിവയിലെ ഏറ്റവും ചെറിയ കാര്യങ്ങൾക്ക് പോലും അതീവ ശ്രദ്ധ കൊടുത്തിട്ടുണ്ടാകും. സാധാരണ ഉൽപ്പന്നങ്ങൾ മോഡലുകളുടെ ഭംഗിയിൽ വിറ്റഴിക്കാൻ നോക്കുമ്പോൾ ആഡംബര ഉൽപ്പന്നങ്ങൾ മോഡലുകളെ മാറ്റി നിർത്തി അവരുടെ ഉൽപ്പന്നത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പരസ്യങ്ങൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക. ഉൽപ്പന്നങ്ങളുടെ പേരും, എഴുതുന്ന അക്ഷരം പോലും എടുത്തുകാട്ടാൻ ഉൽപ്പാദകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിഷമില്ലാത്ത ജൈവ പച്ചക്കറികൾ എന്ന് പറയുന്നതുപോലെ അതീവ വിലപിടിപ്പുള്ള ജൈവ രീതിയിലാണ് ഇവയുടെ ഉൽപ്പാദനം നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനും ഉൽപ്പാദകർ ശ്രദ്ധിക്കും.
ചുരുക്കി പറഞ്ഞാൽ ഒരു സാധാരണക്കാരൻ 1000 രൂപ കൊടുത്ത് ഒരു ബാഗ് വാങ്ങുമ്പോൾ 2 വർഷമെങ്കിലും ഉപയോഗിക്കാൻ സാധിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ 10 ലക്ഷം രൂപ കൊടുത്ത് ഒരു ബാഗ് വാങ്ങുന്ന സമ്പന്നർക്ക് അത് അവരുടെ 'പ്രസ്റ്റീജ്' വിളിച്ചോതുന്ന ഒന്നായിരിക്കും. ഇറ്റാലിയൻ ആഡംബര ബ്രാൻഡുകളെ കുറിച്ചുള്ള അന്വേഷണത്തിൽ വെറും 57 ഡോളർ മുടക്ക് മുതൽ വരുന്ന വലിയൊരു ബ്രാൻഡ് ബാഗ് വിറ്റഴിക്കുന്നത് 2600 ഡോളറിനാണ് എന്ന് കണ്ടെത്തിയത് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സമ്പന്നതയുടെ അവസാന വാക്ക് എന്ന് പറയാവുന്ന ഒരു ഉൽപ്പന്നമല്ലെങ്കിൽ പോലും ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പല ആഡംബര ബ്രാൻഡിലുള്ള വസ്തുക്കൾക്കും ഉൽപ്പാദനച്ചെലവ് അവയുടെ വില വെച്ചു നോക്കുമ്പോൾ തുലോം കുറവാണ് എന്നാണ് പറയുന്നത്. അതുകൊണ്ടു പണം കൂടിയാൽ ഗുണം കൂടും എന്ന് ചിന്തിക്കുന്നത് എപ്പോഴും ശരിയാകുമോ?