ADVERTISEMENT

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ മികച്ച കയറ്റം. ഗ്രാമിന് 35 രൂപ വർധിച്ച് വില 6,785 രൂപയായി. 280 രൂപ ഉയർന്ന് 54,280 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.

കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. ഇന്ന് 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 25 രൂപ വർധിച്ച് 5,630 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 99 രൂപ.

വിലക്കുതിപ്പിന് പിന്നിൽ
 

ഇന്നലെ ഔൺസിന് 2,410 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില 2,431.24 ഡോളർ വരെ ഉയർന്നതാണ് കേരളത്തിലെ വിലയെയും ഇന്ന് സ്വാധീനിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. നിലവിൽ ഔൺസിന് 2,428.53 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ മേയ് 20ലെ 2,449.89 ഡോളറെന്ന സർവകാല റെക്കോഡ് വൈകാതെ രാജ്യാന്തര വില മറികടന്നേക്കുമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ.

Image : iStock/Muralinath
Image : iStock/Muralinath

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കേന്ദ്ര ബാങ്ക് യുഎസ് ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും നേരത്തേ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകളാണ് സ്വർണത്തിന് കുതിപ്പാകുന്നത്. പലിശ കുറയ്ക്കാനായി പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുന്നതുവരെ കാത്തിരിക്കില്ലെന്ന് ഫെഡ് മേധാവി ജെറോം പവൽ വ്യക്തമാക്കി കഴിഞ്ഞു. നിലവിൽ ഇത് 3 ശതമാനത്തിന് മുകളിലാണ്.

പലിശ കുറഞ്ഞാൽ അത് അമേരിക്കൻ സർക്കാരിന്‍റെ കടപ്പത്രങ്ങളെ അനാകർഷകമാക്കും. നിക്ഷേപകർ കടപ്പത്രങ്ങളെ കൈവിട്ട് പണം സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. ഇതോടെ സ്വർണത്തിന് ഡിമാൻഡ് കൂടുകയും വില ഉയരുകയും ചെയ്യും.

കഴിഞ്ഞമാസങ്ങളിൽ 4.5 ശതമാനത്തിന് മുകളിലായിരുന്ന യുഎസ് 10-വർഷ ട്രഷറി ബോണ്ട് യീൽഡ് (കടപ്പത്ര ആദായനിരക്ക്) ഇപ്പോൾ 4.217ലേക്ക് വീണുകഴിഞ്ഞു. ഇതോടൊപ്പം ഡോളർ ശക്തിയാർജ്ജിക്കുന്നതും രൂപ തളരുന്നതും ഇന്ത്യയിൽ സ്വർണവിലയുടെ വർധനയ്ക്ക് ആക്കംകൂട്ടുകയാണ്.

ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്സ് 0.14 ശതമാനം ഉയർന്ന് 104.33ൽ എത്തി.

ഒരു പവൻ ആഭരണ വില ഇന്ന്
 

മൂന്ന് ശതമാനം ജിഎസ്‍ടി, ഹോൾമാർക്ക് ചാർജ് (45 രൂപയും 18 ശതമാനം ജിഎസ്‍ടിയും), പണിക്കൂലി എന്നിവയും ചേരുന്നതാണ് സ്വർണ വില. 54,280 രൂപയെന്ന ഇന്നത്തെ പവൻ വിലയോടെയൊപ്പം നികുതികളും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേർത്താൽ 58,760 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്‍റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യസ്തമാണ്.

English Summary:

Kerala Gold Price Hit One-Month High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com