സഞ്ജുവിനും സംഘത്തിനും കരുത്തേകാൻ മലിംഗ; ഫാസ്റ്റ് ബോളിങ് കോച്ചാകും

Mail This Article
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിന് തയാറെടുക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബോളിങ് പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു. ഐപിഎൽ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ എന്ന ഖ്യാതിയുമായാണ് രാജസ്ഥാന്റെ ബോളിങ് പരിശീലകനായി മലിംഗ എത്തുന്നത്. 2021ൽ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച മലിംഗ, ഐപിഎൽ കരിയറിലാകെ 170 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. കരിയറിലുടനീളം മുംബൈ ഇന്ത്യൻസിനായി കളിച്ച മലിംഗ, 2018ൽ ടീമിന്റെ ബോളിങ് മെന്റർ കൂടിയായിരുന്നു.
ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ ബോളിങ് പരിശീലകൻ കൂടിയാണ് മലിംഗ. രാജസ്ഥാൻ റോയൽസിൽ മുൻ സഹതാരം കൂടിയായ കുമാർ സംഗക്കാരയ്‌ക്കൊപ്പമാണ് മലിംഗ പ്രവർത്തിക്കുക. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനും ഡയറക്ടർ ഓഫ് ക്രിക്കറ്റുമാണ് സംഗക്കാര. മലിംഗയ്ക്കു പുറമെ സ്റ്റെഫാൻ ജോൺസിനെ ഹൈ പെർഫോമൻസ് ഫാസ്റ്റ് ബോളിങ് പരിശീലകനായും രാജസ്ഥാൻ നിയമിച്ചിട്ടുണ്ട്.
ഐപിഎലിലേക്കു തിരിച്ചുവരാൻ ലഭിച്ച അവസരം വലിയ സന്തോഷം നൽകുന്നു. യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്ന രാജസ്ഥാൻ റോയൽസിനൊപ്പം സഹകരിക്കാൻ സാധിക്കുന്നതിലും സന്തോഷം. ടീമിന്റെ പേസ് ബോളിങ് യൂണിറ്റും അവരെ സഹായിക്കാനുള്ള അവസരവും ആകാംഷയേറ്റുന്നുണ്ട്. മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎലിൽ രസകരമായ ഒട്ടേറെ ഓർമകളുണ്ട്. ഇനി രാജസ്ഥാൻ റോയൽസിനൊപ്പം സമാനമായ നേട്ടങ്ങൾ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു’ – മലിംഗ പറഞ്ഞു.
English Summary: Malinga named Rajasthan Royals' fast-bowling coach for IPL 2022