ചുണ്ടുകളുടെ ഇരുണ്ട നിറം പ്രശ്നമാണോ? പേടിക്കേണ്ട, പോംവഴിയുണ്ട്
Mail This Article
പോഷകാഹാരക്കുറവു മൂലം പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങാറുണ്ട്. നിലവാരമില്ലാത്ത ലിപ്‌സ്‌റ്റിക്കുകളുടെ ഉപയോഗവും ഇതിനു കാരണമാകാം. ഇതിനെല്ലാമുപരി ചർമത്തിന്റെ നിറത്തിന് ആനുപാതികമായേ ചുണ്ടുകൾക്കു നിറമുണ്ടാകൂ. പോഷകക്കുറവു പരിഹരിക്കാൻ നിത്യവും ധാരാളം പച്ചക്കറികൾ കഴിക്കുക. വിറ്റാമിൻ ‘സി’ അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവയും കഴിക്കണം. ചുണ്ടിൽ അധികം വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം.
രാത്രി ഉറങ്ങാൻ പോകും മുൻപു പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ ഇവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. പതിവായി നെല്ലിക്കാനീര് പുരട്ടുന്നതും ഗുണം ചെയ്യും. തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടിയാൽ നിറംമങ്ങൽ മാറും.
ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ പുരട്ടി വിരൽകൊണ്ട് അമർത്തിയുഴിഞ്ഞാൽ ചുണ്ടിനു നിറവും ഭംഗിയും ഏറും. ഒരു ടീസ്‌പൂൺ ബദാം എണ്ണയും അര ടീസ്‌പൂൺ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടിൽ പുരട്ടിയശേഷം ഉറങ്ങാൻ പോവുക. നിറത്തിനു കാര്യമായ മാറ്റം ഉണ്ടാകും.
ലിപ്‌സ്‌റ്റിക് ഉപയോഗിക്കുമ്പോൾ നിലവാരമില്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കുക. ലിപ്‌സ്‌റ്റിക് ഇടും മുൻപു ചുണ്ടുകളിൽ അൽപ്പം ഫൗണ്ടേഷൻ ക്രീം പുരട്ടിയാൽ ഭംഗിയേറും. പുറത്തുപോയി വന്നാലുടൻ ലിപ്‌സ്‌റ്റിക് ഒരു ടിഷ്യു പേപ്പർകൊണ്ടു തുടച്ചുനീക്കി ഗ്ലിസറിൻ സോപ്പ് ഉപയോഗിച്ചു ചുണ്ടുകൾ വൃത്തിയാക്കണം. ദിവസവും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.