സിംഹവും പുലിയുമെല്ലാം ഉൾപ്പെട്ട ‘വലിയ മാർജാര’ കുടുംബത്തിലെ ഏറ്റവും വലുപ്പമേറിയ അംഗമാണ് കടുവ. മണിക്കൂറിൽ പരമാവധി 65 കിമീ വരെയാണ് കടുവകളുടെ വേഗം. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്ന് വാലിന്റെ നീളമാണ്. പെൺകടുവകൾക്ക് ആണിനെക്കാൾ 25–40 സെമീ നീളവും 40–60 കിഗ്രാം ഭാരവും കുറഞ്ഞിരിക്കും. കൂട്ടത്തിൽ ഏറ്റവും വലിയ ഇനം സൈബീരിയൻ കടുവകളാണ്. ഏറ്റവും കൂടുതൽ കടുവകളുള്ളത് ഇന്ത്യയിലാണ്– ലോകത്തിലെ ആകെ കടുവകളുടെ 80%. റോയൽ ബംഗാൾ കടുവകളാണ് ഇന്ത്യൻ കടുവകൾ എന്നറിയപ്പെടുന്നത്. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഇവയെ കണ്ടുവരുന്നു.