കന്യാകുമാരിയിലേക്കു പോരെ; മനോഹര കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയ ഇടങ്ങൾ ഇതാ

Mail This Article
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കന്യാകുമാരി. സൂര്യോദയവും സൂര്യാസ്തമയവും ഒരുപോലെ ഇവിടെ നിന്ന് ആസ്വദിക്കാമെന്നതാണ് കന്യാകുമാരിയുടെ പ്രത്യേകത. ലോകത്ത് വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് സൂര്യോദയവും സൂര്യാസ്തമയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നത്. കന്യാകുമാരിയിൽ തന്നെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാൻ മനോഹരമായ ചില സ്ഥലങ്ങളുണ്ട്.

∙വിവേകാനന്ദ റോക്ക് മെമ്മോറിയൽ
സീസണുകൾ മാറുന്നതിന് അനുസരിച്ച് രാവിലെ 05.45 മുതൽ 06.15 വരെയാണ് സൂര്യോദയത്തിന്റെ സമയം. പ്രഭാതസൂര്യനെ കാണാൻ വളരെ മനോഹരമായ ഇടങ്ങളിൽ ഒന്നാണിത്. കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന ഒരു ചെറിയ ദ്വീപ് ആണിത്. അതിരാവിലെ തന്നെ വിവേകാനന്ദപാറയിലേക്ക് എത്തിയാൽ മനോഹരമായ സൂര്യോദയം ആസ്വദിക്കാവുന്നതാണ്.
∙ത്രിവേണി സംഗമം
കന്യാകുമാരിയിലെ സൂര്യോദയം ആസ്വദിക്കാൻ ഏറ്റവും പറ്റിയ ഇടം എന്നു പറയുന്നത് ത്രിവേണി സംഗമം. രാവിലെ 05.30 മുതൽ 06.15 വരെയാണ് ത്രിവേണി സംഗമത്തിൽ സൂര്യോദയം ആസ്വദിക്കാൻ പറ്റിയ സമയം. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ സംഗമിക്കുന്ന ഇടമാണ് ത്രിവേണി സംഗമം. സമാധാനപരം മാത്രമല്ല ആത്മീയപരം കൂടിയാണ് ത്രിവേണി സംഗമത്തിലെ സൂര്യോദയം കാണൽ.

∙തിരുവള്ളുവർ സ്റ്റാച്യൂ വ്യൂ പോയിന്റ്
സീസൺ മാറുന്നത് അനുസരിച്ച് രാവിലെ 05.45 മുതൽ 06.30 വരെയാണ് ഇവിടെ നിന്നു സൂര്യോദയം ദർശിക്കാൻ കഴിയുന്ന സമയം. വിവേകാനന്ദ റോക്ക് മെമ്മോറിയലിന് സമീപത്ത് തന്നെയാണ് തിരുവള്ളുവരിന്റെ പ്രതിമ, 133 അടി ഉയരമാണ് തിരുവള്ളുവർ പ്രതിമയ്ക്ക്. മനോഹരമായ സൂര്യോദയ ചിത്രങ്ങൾ പകർത്താൻ പറ്റിയ ഇടം കൂടിയാണ് തിരുവള്ളുവർ സ്റ്റാച്യൂ വ്യൂ പോയിന്റ്.
∙ സൂര്യാസ്തമയം ആസ്വദിക്കാൻ
സൂര്യാസ്തമയം ആസ്വദിക്കാൻ ഏറ്റവും മനോഹരമായ സ്ഥലം കന്യാകുമാരി ബീച്ച് ആണ്. സൂര്യാസ്തമയം ആസ്വദിക്കാൻ ഏറ്റവും ജനപ്രീതിയുള്ള സ്ഥലം കന്യാകുമാരി ബീച്ചിന് സമീപമുള്ള സൺസെറ്റ് വ്യൂ പോയിൻ്റ് ആണ്. വളരെ റിലാക്സ് ആയി ഒരു സൂര്യാസ്തമയം കാണാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കന്യാകുമാരി ബീച്ച് അതിന് പറ്റിയ ഇടമാണ്. വൈകുന്നേരം 05.45 മുതൽ 6.30 വരെയാണ് കന്യാകുമാരി ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കാനുള്ള സമയം.

∙ വട്ടകോട്ടൈ കോട്ട
കന്യാകുമാരിയിൽ എത്തിയാൽ സൂര്യാസ്തമയം ആസ്വദിക്കാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് വട്ടകോട്ടൈ കോട്ട. കന്യാകുമാരിയിൽ നിന്ന് ചെറിയൊരു ഡ്രൈവ് പോയാൽ വട്ടകോട്ടൈ കോട്ടിയിലേക്ക് എത്താം. സൂര്യാസ്തമയത്തിന്റെ പനോരമിക് വ്യൂ ഇവിടെ നിന്ന് ആസ്വദിക്കാം.
സൂര്യോദയവും സൂര്യാസ്തമയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി. അവധിക്കാലത്തെ ആദ്യയാത്ര കന്യാകുമാരിയിലേക്ക് പോകാം.