കിലാ റായ് പിത്തോറ അഥവാ പൃഥ്വിരാജ് ചൗഹാന്റെ കോട്ട
Mail This Article
അരബിന്ദോ മാർഗിലൂടെ കുത്തബ് മിനാറിലേക്ക് പോകുമ്പോൾ അവിടെയെത്തുന്നതിന് തൊട്ട്മുൻപ് ഇടത്തേക്ക് (കിഴക്കോട്ട്) ഒരു റോഡ് കാണാം. മാളവ്യ നഗർ, സാകേത്, പ്രസ് ഓൺക്ലേവ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണത്. ഈ റോഡിലേക്കു തിരിഞ്ഞാലുടൻ വലതു വശത്തേക്കു നോക്കുക. ഒരു ഗോൾഫ് ക്ലബ്ബിന്റെ ഗേറ്റ് കാണാം. ഈ ഗേറ്റ് സ്‌ഥാപിച്ചിരിക്കുന്ന മതിൽ ഒന്നു സൂക്ഷിച്ചു നോക്കൂ.
മുഹമ്മദ് ഘോറിയോട് പൊരുതിത്തോറ്റ, കാശിയിലെ രാജാ ജയ്‌ചന്ദിന്റെ മകൾ സംയുക്‌താറാണിയെ കുതിരപ്പുറത്തു ചെന്നു തട്ടിയെടുത്തു കൊണ്ടു വന്നെന്നു പറയപ്പെടുന്ന പൃഥ്വിരാജ് ചൗഹാൻ നിർമിച്ച കോട്ടമതിലിന്റെ ശേഷിപ്പാണ് നാമിപ്പോൾ കാണുന്നത്. റോഡിനു സമാന്തരമായി കിടക്കുന്ന കോട്ടമതിൽ നോക്കിക്കൊണ്ട് അൽപം കൂടി കിഴക്കോട്ടു പോയാൽ ‘കിലാ റായ് പിത്തോറ‘ എന്നെഴുതിയ ബോർഡ് കാണാം. കില എന്നാൽ കോട്ട. എന്താണു റായ് പിത്തോറ? രാജാ പൃഥ്വിരാജ് എന്നതിന്റെ നാടൻ രൂപം തന്നെ.
ഡൽഹി വാണിരുന്ന തോമരന്മാരെ തോൽപിച്ചാണ് അജ്‌മേർ വാണിരുന്ന വിഗ്രഹരാജ ചൗഹാൻ നാലാമൻ ഡൽഹി പിടിച്ചെടുത്തത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു അത്. അദ്ദേഹത്തിന്റെ പൗത്രനായിരുന്ന പൃഥ്വിരാജ് ഡൽഹിയുടെ പ്രതിരോധമതിലുകൾ ശക്‌തിപ്പെടുത്തി. തോമരന്മാരുടെ കോട്ട മതിലുകൾക്കു രണ്ടര മുതൽ മൂന്നു മീറ്റർ വരെ വീതിയുണ്ടായിരുന്നു. കില റായ് പിത്തോറയ്‌ക്ക് അഞ്ചുമുതൽ ആറു മീറ്റർ വരെയുണ്ട് വീതി. 18 മീറ്റർ വരെ ഉയരവും.
കാശിരാജാവ് ജയ്‌ചന്ദിന്റെ മകൾ സംയുക്‌തയിൽ പൃഥ്വിരാജ് അനുരക്‌തനായെന്നും സംയുക്‌തയെ സാഹസികമായി തട്ടിക്കൊണ്ടു പോന്നതാണെന്നുമുള്ള കഥ ചില ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. ജയ്‌ചന്ദിന്റെ ക്ഷണമനുസരിച്ചാണ് അഫ്‌ഗാൻ ഭരണാധികാരി മുഹമ്മദ് ഘോറി പൃഥ്വിരാജിനെ ആക്രമിച്ചതെന്ന കഥയ്‌ക്കും ചരിത്രസാധുത ലഭിച്ചിട്ടില്ല.
ഒന്നു വ്യക്‌തം - പരസ്പരം കലഹിച്ചിരുന്ന ജയ്‌ചന്ദും പൃഥ്വിരാജും ഘോറി ആക്രമിച്ചപ്പോൾ പരസ്‌പരം സഹായിച്ചില്ല. ഘോറി ഇരുവരെയും ആക്രമിച്ചു തോൽപിച്ചു.
പൃഥ്വിരാജുമായുള്ള ആദ്യത്തെ യുദ്ധത്തിൽ (1191-ൽ) ഘോറി തോറ്റോടി. അടുത്തകൊല്ലം വലിയൊരു സൈന്യവുമായി ഘോറി എത്തി. ഇവിടെ പൃഥ്വിരാജിന് ഒരു അബദ്ധം പറ്റി. കഴിഞ്ഞയുദ്ധത്തിൽ സൈന്യത്തെ എങ്ങനെ വിന്യസിച്ചോ, അതുപോലെ തന്നെ ഇക്കുറിയും വിന്യാസിച്ചു. രജപുത്രരുടെ സൈനിക വിന്യാസശൈലി നിരീക്ഷിച്ചിരുന്ന ഘോറി ഇക്കുറി സൈന്യത്തെ മൂന്നായി വിഭജിച്ചു. പോരാട്ടം തുടങ്ങിയപ്പോൾ ഒരു വിഭാഗത്തെ പിന്നോട്ട് നീക്കി. അഫ്‌ഗാനികൾ പിന്മാറുകയാണെന്ന് തെറ്റിദ്ധരിച്ച രജപുത്രർ തങ്ങളുടെ നിരയെല്ലാം ഉപേക്ഷിച്ചു. ഈ സമയം നോക്കി കുതിരപ്പടയെ അയച്ച് രജപുത്ര സൈന്യത്തിന്റെ ആനവ്യൂഹത്തിന്റെ നടുവിൽ തന്നെ ഘോറി ആക്രമിച്ചു. രജപുത്രവ്യൂഹം അതോടെ പിളർന്നു. ഘോറി വിജയിച്ചു.
പൃഥിരാജിന് എന്തു സംഭവിച്ചുവെന്ന് ഇനിയും വ്യക്‌തമല്ല. അഫ്‌ഗാനിസ്‌ഥാനിലേക്ക് തടവുകാരനായി കൊണ്ടുപോയി, അവിടെവച്ചു കണ്ണുകൾ ചൂഴ്‌ന്നെടുത്തുവെന്നും, ഒരു അമ്പെയ്‌ത്ത് പ്രകടനത്തിൽ ഘോറിയുടെ ശബ്‌ദം കേട്ടിടത്തേക്ക് അമ്പെയ്‌ത് പൃഥ്വിരാജ് അദ്ദേഹത്തെ വധിച്ചുവെന്നും ഒരു കഥയുണ്ട്. എന്നാൽ അക്കാലത്തെ രചനകളിൽ ആ കഥ കണ്ടെത്തിയിട്ടില്ല.
ഘോറിയുടെ സാമന്തനായി അജ്‌മേറിൽ ഭരിക്കാൻ പൃഥ്വിരാജിനെ അനുവദിച്ചുവെന്നും എന്നാൽ വീണ്ടും അദ്ദേഹം ഘോറിക്കെതിരെ കരുനീക്കം നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ ഘോറിയുടെ ഡൽഹി ഗവർണർ കുത്‌ബുദ്ദിൻ അദ്ദേഹത്തെ യുദ്ധത്തിൽ വധിച്ചെന്നും മറ്റൊരു വാദമുണ്ട്. ഇതിനും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.
ഘോറിയുമായുള്ള യുദ്ധത്തിൽ പൃഥ്വിരാജും സഹോദരൻ ഗോവിന്ദറായിയും കൊല്ലപ്പെട്ടുവെന്ന വാദത്തിനാണു കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്.
∙ സന്ദർശന സമയം: രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
∙ പ്രവേശനം സൗജന്യം
∙ അടുത്ത മെട്രോ: കുത്തബ്മിനാർ സ്റ്റേഷൻ