അനുമതി കിട്ടി മാസങ്ങൾ; ജനറേറ്റർ കൊണ്ടുവന്നില്ല: ദിവസവാടക 4000 രൂപ, അതല്ലേ എളുപ്പം!

Mail This Article
കാസർകോട് ∙ തെക്കിൽ ടാറ്റ ആശുപത്രിയിലെ ജനറേറ്റർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടി വൈകുന്നു. ജനറേറ്റർ മാറ്റുന്നതിന് കലക്ടർ അനുമതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും 11 കിലോമീറ്റർ മാത്രം അകലെയുള്ള ടാറ്റ ആശുപത്രിയിൽ നിന്ന് അത് ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ല. ഉപയോഗിക്കാതെ കിടക്കുന്ന 400 കെവിഎ ജനറേറ്റർ നാശാവസ്ഥയിലാവുമെന്ന് ആശങ്ക.ടാറ്റ ആശുപത്രി പ്രവർത്തനം നിലച്ചതിനാൽ ഇവിടെയുള്ള ജനറേറ്റർ ജനറൽ ആശുപത്രിയിൽ കൊണ്ടു വന്നു സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നഗരസഭയുടെ 2024– 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് 2025– 26 വാർഷിക പദ്ധതിയിലേക്ക് മാറ്റുകയായിരുന്നു.
ടാറ്റ ആശുപത്രി ജനറേറ്റർ മികച്ചത്
വൈദ്യുതി മുടക്കവും ജനറേറ്റർ പണിമുടക്കലും ഇടയ്ക്കിടെ സംഭവിക്കുമ്പോൾ ജനറൽ ആശുപത്രിയിൽ രോഗികളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം തുടങ്ങിയിട്ട് വർഷങ്ങളായി. മാത്രമല്ല, നിലവിലുള്ള ജനറേറ്റർ വച്ച് സിടി സ്കാൻ, എക്സ്–റേ ഉൾപ്പെടെ പ്രവർത്തിപ്പിക്കാനും സാധ്യമല്ല.
വൈദ്യുതി മുടക്കം
കർണാടക വൈദ്യുതിയെ ആശ്രയിച്ചാണ് മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ വൈദ്യുതി വിതരണം. അറ്റകുറ്റപ്പണിയുടെയും മറ്റും പേരിൽ മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കം പതിവ്. ശസ്ത്രക്രിയയ്ക്കു പുറമേ ജല വിതരണം, ശുചീകരണ പ്രവൃത്തികൾ ഉൾപ്പെടെ ഇത് സ്തംഭിപ്പിക്കും. ഇരുന്നൂറിലേറെ രോഗികൾ ഐപി വിഭാഗത്തിൽ മാത്രമായുണ്ട്. ഒപി വിഭാഗത്തിലാണെങ്കിൽ വിവിധ ചികിത്സകളിലായി ആയിരത്തിലേറെ പേർ എത്തുന്നുണ്ട്. ആവശ്യമായ അടിയന്തര സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് മുൻഗണന നൽകാതെ രോഗികളുടെ ജീവൻ വച്ച് കളിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന പരാതിയാണ് വ്യാപകമായി ഉണ്ടാകുന്നത്.
അനാസ്ഥ തുടർക്കഥ
2 വർഷം മുൻപ് ലിഫ്റ്റ് കേടായത് പ്രവർത്തനം പുനരാരംഭിക്കാൻ മാസങ്ങൾ കാത്തു നിൽക്കേണ്ടി വന്നു. 4 വർഷം മുൻപ് ആശുപത്രിയിൽ സൗജന്യമായി ലഭിച്ച ഓക്സിജൻ പ്ലാന്റ് ഇപ്പോഴും പ്രവർത്തന സജ്ജമായിട്ടില്ല. കണ്ണൂരിൽ നിന്നു വില കൊടുത്തു വാങ്ങുകയാണ് ഓക്സിജൻ സിലിണ്ടർ.
ദിവസവാടക 4000 രൂപ
കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിയിൽ നിലവിലുള്ള 165 കെവിഎ ജനറേറ്റർ കേടായത്. വൈദ്യുതി മുടക്കവും ജനറേറ്റർ തകരാറും ഒന്നിച്ചുവന്നപ്പോൾ ഓപ്പറേഷൻ തിയറ്ററിൽ ശസ്ത്രക്രിയ നടന്നുകൊണ്ടിരുന്ന രോഗി അപകടം കൂടാതെ രക്ഷപ്പെട്ടത് ഭാഗ്യം. ഇപ്പോൾ 165 കെവിഎ ജനറേറ്റർ 4000 രൂപ ദിവസ വാടകയ്ക്കെടുത്ത് പകരം വച്ചിട്ടുണ്ടെങ്കിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി ഉണ്ടാവുന്നത്.