അസൗകര്യങ്ങൾ വിട പറയുന്നു; ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടമൊരുങ്ങുന്നു

Mail This Article
മല്ലപ്പള്ളി ∙ അസൗകര്യങ്ങൾ മൂലം വീർപ്പുമുട്ടുന്ന ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു.എംഎൽഎ ഫണ്ടിൽനിന്നു ഒരുകോടി രൂപയുടെ പ്രത്യേകാനുമതി ലഭിച്ചതോടെയാണ് നാളുകളായി നേരിട്ടിരുന്ന പ്രശ്നങ്ങൾക്കു പരിഹാരമാകുന്നത്. 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടും 2017-18 വർഷം മുതലുള്ള ടെൻഡർ സേവിങ്സും ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു. ധനകാര്യ മന്ത്രിക്ക് എംഎൽഎ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടം അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. അടുത്ത കാലത്ത് നവീകരിച്ചെങ്കിലും സ്ഥലപരിമിതി ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് നിലവിൽ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയാണ് പുതിയ കെട്ടിടവും നിർമിക്കുന്നത്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഓഫിസും എല്ലാ സെക്‌ഷനുകളും പ്രവർത്തിക്കുന്നതിന് ആവശ്യമായ സൗകര്യവും ഉൾപ്പെടുന്നതാണ് കെട്ടിടം. 2 നിലകളിലായി 2862 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.