സീറ്റ് വർധന : ഐഐടി പാലക്കാടും പട്ടികയിൽ, 5 വർഷം കൊണ്ട് 24,000 സീറ്റ്

Mail This Article
ന്യൂഡൽഹി ∙ പാലക്കാട് ഉൾപ്പെടെ 5 ഐഐടികളിൽ അടുത്ത വർഷം മുതൽ സീറ്റ് വർധിപ്പിക്കും. അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാനാണു തിരുപ്പതി, ജമ്മു, ഭിലായ്, ധാർവാഡ് എന്നീ ഐഐടികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. 2014നു ശേഷം ആരംഭിച്ച 5 ഐഐടികളില്‍ 6500 സീറ്റുകൾ കൂടി ലഭ്യമാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2026–27 അധ്യയന വർഷം മുതൽ നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. നിലവിൽ ഈ സ്ഥാപനങ്ങളിൽ 250–280 വിദ്യാർഥികളാണ് പ്രവേശനം നേടുന്നത്.
അടുത്ത അധ്യയന വർഷം മുതൽ 5 വർഷത്തേക്കു ഒരു സ്ഥാപനത്തിൽ 200 സീറ്റു വീതമെങ്കിലും വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലെ കോഴ്സുകളിൽ സീറ്റ് വർധനയ്ക്കും അവസരം ലഭ്യമാക്കിയേക്കും. ഈ 5 സ്ഥാപനങ്ങളിൽ കർണാടകയിലെ ധാർവാഡ് ഐഐടിയിലാണ് ഏറ്റവുമധികം സീറ്റുകളുള്ളത്; 385. പാലക്കാട് 200 സീറ്റുകളിൽ മാത്രമാണു കഴിഞ്ഞ വർഷം ബിരുദ പ്രവേശനം നടത്തിയത്. തിരുപ്പതിയിൽ 250 സീറ്റുണ്ട്. ജമ്മു, ഭിലായ് എന്നിവിടങ്ങളിൽ 280 സീറ്റുകളും.
5 വർഷം കൊണ്ട് 24,000 സീറ്റ്
23 ഐഐടികളിലായി 17,700 വിദ്യാർഥികളാണു ബിരുദതലത്തിൽ പ്രവേശനം നേടുന്നത്. ഇത് അടുത്ത 5 വർഷം കൊണ്ട് 24,000 ആയി ഉയരുമെന്നാണു വിലയിരുത്തൽ. അധിക വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അടിസ്ഥാന സൗകര്യ വികസനം നടത്തേണ്ടതുണ്ട്. ഇതിനൊപ്പം അധ്യാപകർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും വേണം. ഈ വർഷത്തെ ബജറ്റിൽ ഐഐടികൾക്കുള്ള വിഹിതം 11,349 കോടി രൂപയായി ഉയർത്തിയിരുന്നു. കഴിഞ്ഞവർഷം ഇത് 10,324 കോടി രൂപയായിരുന്നു.