ഏത് ‘റൂട്ട്’ എടുത്താലും പാസായാലും ‘ഒപ്പിനു’ ഫീസ് ലക്ഷങ്ങൾ!

Mail This Article
ചോദ്യം : മകനു പ്ലസ്ടുവിനു ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി പഠിക്കണമെന്നു പറയുന്നു. ഈ മേഖലയെക്കുറിച്ചു വിശദീകരിക്കാമോ?
ഉത്തരം : ഒന്നിലേറെ പ്രവേശനരീതികളുള്ള മേഖലയാണ് ചാർട്ടേഡ് അക്കൗണ്ടൻസി.
1) ഫൗണ്ടേഷൻ റൂട്ട്: പത്താം ക്ലാസ് പാസായവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ബോർഡ് ഓഫ് സ്റ്റഡീസിൽ റജിസ്റ്റർ ചെയ്ത് ഫൗണ്ടേഷൻ കോഴ്സിനു ചേരാം. നാലുമാസത്തെ പഠനം പൂർത്തിയാക്കിയാൽ ഫൗണ്ടേഷൻ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാം. ജൂണിലും ഡിസംബറിലും പരീക്ഷയുണ്ട്. ഇതു പാസായി പ്ലസ്ടു യോഗ്യതയും നേടുന്നവർക്ക് പഠനത്തിന്റെ അടുത്ത ഘട്ടമായ ഇന്റർമീഡിയറ്റ് കോഴ്സിന് അപേക്ഷിക്കാം.
2) ഡയറക്ട് എൻട്രി റൂട്ട്: കൊമേഴ്സിൽ 55% മാർക്കോടെയോ മറ്റേതെങ്കിലും വിഷയത്തിൽ 60% മാർക്കോടെയോ ബിരുദമോ പിജിയോ നേടുന്നവർക്ക് നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിനു ചേരുകയുമാകാം. അവസാന വർഷ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം.
ഇന്റർമീഡിയറ്റ് ഘട്ടം
ഇന്റർമീഡിയറ്റിൽ രണ്ടു ഗ്രൂപ്പുകളായാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എട്ടുമാസത്തെ പഠനം പൂർത്തിയാക്കിയശേഷം ഒന്നോ രണ്ടോ ഗ്രൂപ്പുകളായി പരീക്ഷയെഴുതാം. ഒരു ഗ്രൂപ്പെങ്കിലും പാസാകുന്നവർക്ക് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനു കീഴിൽ 3 വർഷം ദൈർഘ്യമുള്ള ആർട്ടിക്കിൾഷിപ്പിനു ചേരാം. പക്ഷേ അതിനു മുൻപ് നാലുമാസം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐടി ആൻഡ് സോഫ്റ്റ് സ്കിൽസ് (ICITSS) പൂർത്തിയാക്കിയിരിക്കണം.
ഫൈനൽ ഘട്ടം
ഇന്റർമീഡിയറ്റ് യോഗ്യത നേടുന്നവർക്ക് ആർട്ടിക്കിൾഷിപ്പിന്റെ അവസാന ആറുമാസക്കാലത്തോ അതിനുശേഷമോ ഫൈനൽ കോഴ്സിനു ചേരാം. ഫൈനലിൽ മൂന്നു പേപ്പറുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളുണ്ട്. ഫൈനൽ പരീക്ഷ എഴുതുന്നതിനു മുൻപ് അഡ്വാൻസ്ഡ് കോഴ്സ് ഓൺ ഐടി ആൻഡ് സോഫ്റ്റ് സ്കിൽസ് പഠനവും പൂർത്തിയാക്കണം. പരീക്ഷകളെല്ലാം വർഷത്തിൽ രണ്ടു പ്രാവശ്യമുണ്ട്.
പഠനം, ജോലി
ഐസിഎഐ നൽകുന്ന പഠന സാമഗ്രികളും ഓൺലൈൻ ക്ലാസുകളും പ്രയോജനപ്പെടുത്താം. ഇൻസ്റ്റിറ്റ്യൂട്ട് ശാഖകളിലും ഇതിനുപുറമേ സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലന ക്ലാസുകൾ ലഭ്യമാണ്. സിഎ പഠനശേഷം സിഎഫ്എ, എഫ്ആർഎം, എസിസിഎ, സിപിഎ, സിഎസ്, സിഎംഎ തുടങ്ങിയ പ്രഫഷനൽ യോഗ്യതകൾക്കും ശ്രമിക്കാവുന്നതാണ്. എംബിഎ, എൽഎൽബി, കൊമേഴ്സ് / മാനേജ്മെന്റ് മേഖലകളിലെ ഗവേഷണം തുടങ്ങിയ സാധ്യതകളുമുണ്ട്. ബാങ്കിങ്, ഇൻഷുറൻസ്, കൺസൽറ്റൻസി, ഫൈനാൻഷ്യൽ സർവീസസ് തുടങ്ങി വിവിധ മേഖലകളിൽ മികച്ച കരിയർ സാധ്യതകളുണ്ട്.