ADVERTISEMENT

ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ ഉണ്ടാക്കിയ ഓളം പോലൊന്ന് ഉണ്ടാക്കാന്‍ അധികം കാറുകള്‍ക്കൊന്നും ആയിട്ടില്ല. ഫോക്‌സ്‌വാഗണ്‍ എന്ന ജര്‍മന്‍ കാര്‍ കമ്പനിയെ ഇന്ത്യക്കാര്‍ക്ക് വിപുലമായി പരിചയപ്പെടുത്തിയ, സ്വന്തം ആരാധകരെ സൃഷ്ടിച്ച പോളോയുടെ ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന കമ്പനിയുടെ പ്രഖ്യാപനം വലിയൊരു വിഭാഗം കാര്‍ പ്രേമികളെ നിരാശരാക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 12 വര്‍ഷമായി ചരിത്രം സൃഷ്ടിച്ച പോളോ മോഡലിനുള്ള ബഹുമാനാര്‍ഥം ലിമിറ്റഡ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ ലെജന്റ് എന്ന മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 

polo-legend-2

 

polo-legend-1

ഇന്ത്യയില്‍ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ തരംഗമുണ്ടാക്കിയാണ് 2010ല്‍ ഫോക്‌സ്‌വാഗണ്‍ പോളോ അവതരിപ്പിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ പോളോയുടെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ കമ്പനി വിറ്റത്. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വിറ്റഴിച്ച ആദ്യ ഫോക്‌സ്‌വാഗണ്‍ കാറെന്ന പെരുമയും പോളോക്ക് സ്വന്തമാണ്. ഇക്കഴിഞ്ഞ വ്യാഴവട്ടത്തിനിടെ മൂന്നുലക്ഷത്തിലേറെ പോളോ കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. സ്‌പോര്‍ട്ടി ഡിസൈനും ഉയര്‍ന്ന സുരക്ഷിതത്വവും അനായാസ ഡ്രൈവിങ്ങുമെല്ലാം വളരെയെളുപ്പം പുതുതലമുറയെ പോളോയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി മാറ്റിയിരുന്നു. 2014ല്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിങ്ങില്‍ നാലു സ്റ്റാര്‍ നേടിയും പോളോ ശ്രദ്ധ നേടി.

 

പോളോ ലെജന്റിന്റെ 700 കാറുകള്‍ മാത്രമേ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കുന്നുള്ളൂ. ലിമിറ്റഡ് എഡിഷനായുള്ള ബുക്കിങും ഫോക്‌സ്‌വാഗണ്‍ ആരംഭിച്ചു. പോളോയുടെ ഏറ്റവും പുതിയ പതിപ്പായ ജിടി ടിഎസ്ഐയിലാണ് പോളോ ലെജന്റും ഒരുക്കുന്നത്. 10.25 ലക്ഷത്തോട് അടുത്തായിരിക്കും പോളോ ലെജന്റിന്റെ വിലയെന്നാണ് പ്രതീക്ഷ. സാധാരണ മോഡലില്‍ നിന്നു ലെജന്റ് എഡിഷനെ വ്യത്യസ്തമാക്കുന്നത് ഗ്രാഫിക്‌സുകളാണ്. വശങ്ങളിലെ ഫൈന്‍ഡറിലും പിന്നിലും ലെജന്റ് ബാഡ്ജിങ് പുതിയ മോഡലിന് നല്‍കിയിട്ടുണ്ട്. ഡോറിന് താഴെ ബ്ലാക്ക് ഗ്രാഫിക്‌സ് നല്‍കിയിട്ടുണ്ട്. റിയര്‍വ്യൂ മിറര്‍, ബാക്ക് സ്‌പോയിലര്‍, റൂഫ് എന്നിവിടങ്ങളില്‍ കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്.

 

വാഹനത്തിന്റെ 1.0 ലീറ്റര്‍ ടിഎസ്‌ഐ, ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എൻജിന് 108 ബിഎച്ച്പി പവറും 175 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാവുക. ആറു സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലിമിറ്റഡ് എഡിഷനുണ്ടാവുക. സുരക്ഷയില്‍ ഫോര്‍സ്റ്റാര്‍ റേറ്റിങ് നേരത്തെ നേടിയിട്ടുള്ള വാഹനമാണ് പോളോ. 'ഇന്ത്യയിലെ ആദ്യ ഫോക്‌സ്‌വാഗണ്‍ കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രത്യേക ഇഷ്ടമുള്ള മോഡലാണ് പോളോ. സ്‌പോര്‍ട്ടി ഡിസൈനും സുരക്ഷയും വ്യത്യസ്തമായ ഡ്രൈവിംങ് അനുഭവവും മികച്ച നിലവാരത്തിലുളള നിര്‍മ്മാണവുമെല്ലാം പോളോയെ ഇന്ത്യയിലെ കാര്‍ പ്രേമികളുടെ ഇഷ്ടവാഹനമാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് പോളോക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നും വിടവാങ്ങുമ്പോള്‍ പ്രത്യേകം ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്' എന്നായിരുന്നു ലെജന്റ് എഡിഷന്‍ അവതരിപ്പിച്ചുകൊണ്ട് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞത്. ഫോക്‌സ്‌വാഗണ്‍ പോളോയുടെ അവസാന പതിപ്പായിരിക്കും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

English Summary: Volkswagen Launches Limited Edition Polo Legend To Mark The End Of The Car In India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com