ജീപ്പിനായി വക്കീൽ നോട്ടീസ്, 35 വർഷമായി ഉടമ മാറാത്ത മഹീന്ദ്ര ത്രീ പൈപ്പ് മോഡൽ
Mail This Article
ചേമ്പളത്തുതന്നെയുള്ള മറ്റൊരു ‘ജീപ്പ്’ കഥയാണ് ജേക്കബ് ചേട്ടനു പറയാനുള്ളത്. 35 വർഷം മുൻപു വാങ്ങിയ പുത്തൻ ഡീസൽ ‘ജീപ്’ ആണ് ഇപ്പോഴും പുറ്റനാനിക്കൽ വീടിന്റെ മുറ്റത്തു കിടക്കുന്നത്. ഔദ്യോഗികനാമം– മഹീന്ദ്ര ടൂറർ. വണ്ടി ഡെലിവറി കിട്ടാൻ വക്കീൽനോട്ടിസ് അയയ്ക്കേണ്ടിവന്നിട്ടുണ്ട് ജേക്കബ് ചേട്ടന്.
ത്രീ പൈപ്പ് ജീപ്പ്
മഹീന്ദ്രയുടെ നീളമേറിയ വാഹനമാണിത്. ആർസി ബുക്കിൽ ടൈപ് ഓഫ് ബോഡി എന്നതിനു നേരെ ടൂറർ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.നാട്ടുകാർ ഈ ‘ജീപ്പിനെ’ ത്രീപൈപ്പ് മോഡൽ എന്നാണു വിളിക്കുന്നത്. പിന്നിലെ പടുത മൂന്നു കമ്പിയിലാണ് ചേർത്തുവച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഈ പേര്.
വക്കീൽ നോട്ടിസ്
അന്നു കോട്ടയത്തു മാത്രമേ ഷോറൂം ഉണ്ടായിരുന്നുള്ളൂ. നെടുങ്കണ്ടത്തുനിന്നു ബസ് കയറി കോട്ടയം വരെ ചെല്ലും. പക്ഷേ, പറയുന്ന ദിവസം വണ്ടി വന്നിട്ടുണ്ടാകില്ല. ഇങ്ങനെ കുറെനടന്നു മടുത്ത് അവസാനം വക്കീൽ നോട്ടിസ് അയയ്ക്കേണ്ടിവന്നു വണ്ടി കിട്ടാൻ എന്നു ജേക്കബ് ചേട്ടൻ. 1985 ൽ ആണ് വാഹനം റജിസ്റ്റർ ചെയ്യുന്നത്. മറ്റു വാഹനങ്ങൾ പിന്നീട് എത്തിയെങ്കിലും ഈ ‘ജീപ്പി’ൽ പോകുമ്പോഴുള്ള യാത്രാസുഖം വേറെതന്നെയെന്നു വീട്ടുകാരി.
അന്നും ഇന്നും മലയോരപ്രദേശങ്ങളുടെ മനസ്സറിയുന്നവയാണു മഹീന്ദ്ര വാഹനങ്ങൾ. ഏലത്തോട്ടങ്ങളെ തഴുകിനിൽക്കുന്ന മഞ്ഞുപ്രഭാതങ്ങളിൽ മീറ്റർ കൺസോളിനടുത്ത സ്റ്റാർട്ടർ ഞെക്കി, തൊട്ടടുത്ത അലുമിനിയം നോബിലൂടെ എൻജിൻ ചൂടാകുന്നതിന്റെ ചുവപ്പു നോക്കി സ്റ്റാർട്ട് ചെയ്ത് എത്രയോ കിലോമീറ്ററുകൾ ഈ ടൂറർ താണ്ടി. നാടറിയുന്ന ഇത്തരം വാഹനങ്ങളെ വിഴുങ്ങുമോ പുതിയ നയം? കാത്തിരുന്നു കാണാം.
English Summary: 35 Years Old Mahindra Tourer