ക്രൂഡ് ഓയിലിൽ തെന്നി രാജ്യാന്തര റബർ വില; ചൂടു പിടിച്ച് കുരുമുളക്: ഇന്നത്തെ (19/03/2025) അന്തിമ വില

Mail This Article
രാജ്യാന്തര റബർ വിപണിക്ക് അൽപം കാലിടറി, ഇന്നലെ മികവ് കാണിച്ച ഏഷ്യൻ റബർ മാർക്കറ്റുകൾ പലതും ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ തന്നെ അൽപം പരുങ്ങലിലായിരുന്നു. അവധി വ്യാപാര രംഗത്ത് പുതിയ വാങ്ങലുകാരുടെ അഭാവം പ്രമുഖ എക്‌സ്‌ചേഞ്ചുകളിൽ റബറിൽ സമ്മർദ്ദമുളവാക്കി. ഇതിനിടയിൽ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് സ്റ്റെഡി നിലവാരത്തിൽ തുടരാൻ ഇന്ന് തീരുമാനിച്ചത് നാണയ വിപണിയിൽ യെന്നിന്റെ മൂല്യത്തിൽ ചാഞ്ചാട്ടമുളവാക്കിയത് ബാങ്കോക്കിൽ ഷീറ്റ് വിലയിൽ പ്രതിഫലിച്ചു. 20,975 രൂപയിൽ വിപണനം പുനരാരംഭിച്ച തായ് മാർക്കറ്റ് വ്യാപാരാന്ത്യം 20,818 രൂപയായത് മലേഷ്യയിലും റബർ വില കുറയാൻ കാരണമായി. ജപ്പാനിൽ ഓഗസ്റ്റ് അവധി കിലോ 348 യെന്നിൽനിന്ന് 342 ലേക്ക് ഇടിഞ്ഞു. പശ്‌ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ക്രൂഡ് ഓയിൽ ബാരലിന് 69.99 ലേക്ക് താഴ്‌ന്നതും റബറിലെ ആകർഷണം ഫണ്ടുകളിൽ കുറച്ചു. എണ്ണ മാർക്കറ്റിലെ ചലനങ്ങൾ കൃത്രിമ റബറിനെ സ്വാധീനിക്കുമെന്ന ഭീതിയും തളർച്ചയ്‌ക്ക് ഇടയാക്കി. സംസ്ഥാനത്തെ വിപണികളിൽ ഷീറ്റ് വരവ് കുറഞ്ഞ അളവിലാണ്. ഇന്നലെ കൊച്ചി മാർക്കറ്റ് കേന്ദ്രീകരിച്ച് ഉത്തരേന്ത്യൻ വ്യവസായികൾ ചരക്ക് സംഭരണത്തിന് കാണിച്ച ആവേശം ഇന്ന് ദൃശ്യമായില്ല. വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകൾ തിരക്കിട്ടുള്ള വാങ്ങലുകളിൽനിന്നും അവരെ പിൻതിരിപ്പിച്ചു നാലാം ഗ്രേഡ് കിലോ 200 രൂപയിൽ സ്റ്റെഡിയാണ്.

കാലാവസ്ഥ മാറ്റങ്ങളെ സസൂഷ്‌മം നിരീക്ഷിക്കുകയാണ് ഏലം ഉൽപാദക മേഖല. ഗ്വാട്ടിമലയിലെ ചരക്കു ക്ഷാമം ഇന്ത്യൻ ഏലത്തിന് വിദേശ ഡിമാൻഡ് ഉയർത്തിയെങ്കിലും ലേലത്തിൽ ഉൽപ്പന്ന വിലയിൽ കാര്യമായ മാറ്റമില്ല. അതേസമയം വിൽപ്പനയ്‌ക്ക് ഇറങ്ങുന്ന ചരക്കിൽ ഏതാണ്ട് ഭൂരിഭാഗവും വിറ്റഴിയുമ്പോഴും ഓഫ് സീസണിലെ വിലക്കയറ്റത്തെ ഉൽപാദകർ ഉറ്റുനോക്കുകയാണ്. മാസാന്ത്യം വരെ വരണ്ട കാലാവസ്ഥ തുടർന്നാൽ വിലയിൽ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്ന നിഗമനത്തിലാണ് വൻകിട തോട്ടങ്ങൾ. ചെറുകിട കർഷകർ അവരുടെ ഉൽപ്പന്നത്തിൽ വലിയ പങ്ക് ഇതിനകം തന്നെ വിറ്റുമാറിയതിനാൽ കരുതൽ ശേഖരം കുറവാണ്. ഇന്ന് രണ്ടു ലേലങ്ങളിലായി മൊത്തം 57,607 കിലോ ചരക്ക് വിൽപ്പനയ്‌ക്ക് ഇറങ്ങി. ശരാശരി ഇനങ്ങൾ കിലോ 2515 രൂപയിലാണ്.
കുരുമുളകിനും വെള്ളക്കുരുമുളകിനും വില ഉയർത്തി വിയറ്റ്‌നാം. യൂറോപ്യൻ ബയർമാരിൽനിന്നുള്ള അന്വേഷങ്ങൾ പ്രവഹിച്ചതിനിടയിലാണ് അവർ അടവ് മാറ്റി പുതിയ കച്ചവടങ്ങൾക്ക് നീക്കം തുടങ്ങിയത്. 500 ലിറ്റർ വെയിറ്റ് കുരുമുളകിന് 7100 ഡോളറും 550 ലിറ്റർ വെയിറ്റിന് 7300 ഡോളറായും ഉയർത്തി രേഖപ്പെടുത്തിയ അവർ വെള്ളക്കുരുമുളക് വില 10,100 ഡോളറാക്കി. ഈസ്റ്ററിന് മുന്നോടിയായി തിരക്കിട്ടുള്ള കച്ചവടങ്ങൾ മുന്നിൽ കണ്ടുള്ള ചരടുവലി യുഎസ് വാങ്ങലുകാരെയും വിപണിയിലേക്ക് അടുപ്പിക്കാൻ ഇടയുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 70,800 രൂപയിൽ വിപണനം നടന്നു.