ADVERTISEMENT

ലോകപുസ്തകദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്ന ഏപ്രില്‍ 23 കടന്നുവരുമ്പോള്‍ ലോകസാഹിത്യ ചരിത്രത്തിലെ അപൂര്‍വമായ ഏടുകള്‍ തുറന്ന സോവിയറ്റ് സാഹിത്യത്തിന്റെ ഭൂമികയിലേക്ക് എത്തിനോക്കാതെയിരിക്കാന്‍ കഴിയില്ല. ഏറ്റവുമധികം സോവിയറ്റ് റഷ്യന്‍ നോവലുകളും കഥകളും പരിഭാഷപ്പെട്ടു വന്ന ഇന്ത്യന്‍ഭാഷകളിൽ ഒന്ന് മലയാളമായിരിക്കും. സൈബീരിയയില്‍ പെയ്തു വീണ മഞ്ഞിന്റെ വെണ്മയും കുളിരും ഇങ്ങു കേരളത്തിലെ വായനക്കാരില്‍ എത്തിയിട്ടുണ്ടെങ്കിൽ അതിനു നാം കടപ്പെട്ടിരിക്കുന്നത് പ്രതിഭാധനരായ ഓമന ഗോപാലകൃഷ്ണന്‍ ദമ്പതികൾ ഉൾപ്പെടെയുള്ള  വിവർത്തകരോടാണ്. 

ടോം സോയറുടേയും ഹക്കിൾ ബറീഫിന്റെയും സാഹസകഥകൾ വായിച്ച് ആശ്ചര്യപ്പെട്ട മലയാള ബാല്യത്തെ അർസമാസ് തടാകത്തിൽ ചങ്ങാടം നിർമ്മിച്ച്‌ തുഴഞ്ഞു കളിച്ച ബോറിസിലേയ്ക്കും, ദ്നീപ്പര്‍ നദിയിൽ ബോയ്‌ സൂക്ഷിപ്പുകാരനായ അമ്മാവൻ യെഫീം കൊന്ദ്രാതെവിച്ചിന്റെ കൂടെ കൂട്ട് പോയ കോസ്ത്യയിലേക്കും വാത്തകളെപ്പോലെ പുറത്തു പുള്ളിക്കുത്തുകളുള്ള കടല്‍ക്കാക്കകളെ ഉറ്റുനോക്കി ദൂരെ നീലനിറമാര്‍ന്ന കടലിലൂടെ ചെറിയ പൊട്ടുകള്‍ പോലെ അനങ്ങുന്ന വഞ്ചികളെക്കാത്ത് നില്‍ക്കുന്ന സഷൂക്കിലേക്കും എത്തിച്ചത് ഈ പരിഭാഷകരാണ്. ഭാവനാസമ്പന്നനായ, മലയാളിക്ക് അങ്ങനെ അന്യമായ ഒരു ലോകം സോവിയറ്റ് റഷ്യന്‍ പുസ്തകങ്ങളിലൂടെ ലഭിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലും മാസത്തില്‍ ഒരു തവണ വീട്ടിലെത്തുന്ന മിഷ എന്ന ബാലമാസിക അന്ന് എത്രയോ പേരുടെ ജീവശ്വാസമായിരുന്നു!

റഷ്യയിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കൃതികൾ മലയാളത്തിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അവയ്ക്കൊക്കെ ഇപ്പോഴും പുതിയ പതിപ്പുകളും പരിഭാഷയും ഇന്നും ഇറങ്ങുന്നുമുണ്ട്. മറ്റൊരു ലോകഭാഷയോടും മലയാളി ഇത്ര ദൃഢബന്ധം പുലര്‍ത്തിയിട്ടില്ല. മികച്ച ആ പരിഭാഷകള്‍ സാഹിത്യത്തിന്റെ ഗതി നിര്‍ണ്ണയിച്ചത് പോലെ അവ കേരളത്തിന്റെ സാമൂഹ്യ–സാംസ്കാരിക ചരിത്രത്തിലും നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായി മാറി. 

സാഹിത്യത്തിലെ നവോത്ഥാനം 

ക്ലാസിക്കൽ റഷ്യൻ സാഹിത്യം 19–ാം നൂറ്റാണ്ടിലും 20–ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമാണ് അഭിവൃദ്ധി പ്രാപിച്ചത്. റഷ്യൻ സാഹിത്യത്തിന്റെ നവോത്ഥാനം സംഭവിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്, അത് സംഭവബഹുലമായിരുന്നു. ആ കഥകളില്‍ നിറഞ്ഞു നിന്നിരുന്നത് സഹനവും ഉച്ചനീചത്വവും അനീതിയും  അസമത്വവും ആയിരുന്നു. അവര്‍ ഒരേ സമയം തങ്ങളോടു തന്നെയും ചുറ്റുമുള്ള അനീതികൾക്കെതിരെയും പോരാടി. സോവിയറ്റ് കാലഘട്ടത്തിൽ റഷ്യൻ സാഹിത്യം ചലനാത്മകവും ചിന്തോദ്ദീപകവുമായിരുന്നു. 

tom-sawyer

ആ കാലഘട്ടത്തിലാണ് റഷ്യൻ ക്ലാസിക്കൽ കവികളും (പുഷ്കിൻ, ലെർമോന്തോവ്) നോവലിസ്റ്റുകളും (ഗോഗോൾ, തുർഗനേവ്, ടോൾസ്റ്റോയി, ദസ്തയേവ്സ്കി) അവരുടെ മാസ്റ്റർപീസുകൾ സൃഷ്ടിച്ചത്. കഥയുടെ മാനുഷികവശമാണ് അവരെ മികച്ചവരാക്കുന്നത്. അവരുടെ കഥകളിലെ കഥാപാത്രങ്ങൾ വളരെ സജീവവും ഉജ്ജ്വലവുമാണ്, ഇതേതൊരു വായനക്കാരനും അവരുമായി, അവരുടെ ജീവിതസാഹചര്യങ്ങളോടും, അവരുടെ ആകുലതകളോടും, അവരുടെ കഷ്ടപ്പാടുകളോടും സമരങ്ങളോടും, എല്ലാറ്റിനുമുപരിയായി അവരുടെ വികാരങ്ങളോടും ചിന്തകളോടും എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും.

ഭൂരിഭാഗം വരുന്ന കവിതകളും നോവലുകളും കഥകളും യഥാർഥവും കഥകളുടെ സമയത്ത് നടന്ന ചരിത്രസംഭവങ്ങളെ വിവരിക്കുന്നതുമാണ്. ആ പുസ്തകങ്ങളിൽ നിന്ന് അക്ഷരാർഥത്തിൽ ചരിത്രം പഠിക്കാം എന്നു തന്നെ പറയാം. അതേ സമയം അവ തീര്‍ത്തും ദാർശനികവും വിപ്ലവാത്മകവും വായനക്കാരനെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവയുമാണ്.

ഒത്തിണങ്ങി ജീവിക്കുന്ന പ്രകൃതിയും മനുഷ്യരും 

പ്രകൃതിയും മൃഗങ്ങളും മനുഷ്യരും ഇഴ ചേര്‍ന്ന സന്തുലിതമായ ഒരു ജീവിതമാണ് സോവിയറ്റ് ഐക്യ നാടുകളിലെ സാഹിത്യത്തിൽ നമുക്ക് കാണാൻ കഴിയുക. ചാരനീല നിറമാര്‍ന്ന തെന്നി നീങ്ങുന്ന വസന്തകാലമേഘങ്ങളുടെ ഒരു കൂട്ടം, മേഘാവൃതങ്ങളായ കൂറ്റൻ പര്‍വതങ്ങൾക്കിടയിലൂടെ കുഞ്ചിരോമം പറത്തിച്ചു കൊണ്ട് ചിനച്ചുകൊണ്ട് കുതിച്ചു പായുന്ന കുതിരക്കൂട്ടങ്ങളുടെ കുളമ്പടികൾ, വിശാലമായ തടാകങ്ങള്‍, പ്രചണ്ഡമായ ശബ്ദത്തോടെ കുതിച്ചൊഴുകുന്ന കാട്ടാറുകൾ, കൂട്ടുകൃഷിക്കളത്തിൽ നിന്ന് ചുമടുകളുമായി പോകുന്ന കഴുതകളും കുതിരകളും കാളകളും, മലനിരകളെ തള്ളിമാറ്റിക്കൊണ്ട് നീണ്ടു കിടക്കുന്ന, മഞ്ഞ് ഉതിര്‍ന്നു വീണ് ധൂസരവർണ്ണമാര്‍ന്ന സ്റ്റെപ്പിയിലൂടെ കുതിരപ്പുറത്തു കുതിച്ചു പായുന്ന ഒരു യോദ്ധാവ്, ഡോണ്‍ സമതലങ്ങളിലെ ഉഴുതു മറിച്ച കന്നിമണ്ണിലൂടെ ട്രാക്റ്റർ ഓടിച്ചു പോകുന്ന യുവകര്‍ഷകന്റെ കണ്ണുകളിലെ തിളക്കം. കൂട്ടായ്മയുടെ ഗീതകങ്ങള്‍ പാടുന്ന കര്‍ഷകരായ യുവതീയുവാക്കൾ പഴത്തോട്ടങ്ങൾക്കിടയിലും പാല്‍ മുറ്റിനില്‍ക്കുന്ന സ്വര്‍ണ്ണനിറമാര്‍ന്ന ചോളവയലുകളിലും കളിത്തോഴരായ മൃഗങ്ങളോടൊത്തു തിമിര്‍ത്താടുന്ന ബാല്യകുതൂഹലങ്ങൾ ഇവയെല്ലാം ഇടകലര്‍ന്നതാണ് സോവിയറ്റ് റഷ്യൻ സാഹിത്യം. 

ഈ സാഹിത്യശാഖയുടെ സമ്പന്നമായ ചരിത്രം കേവലം ഏടുകളിൽ ഒതുക്കുക എന്നത് അസാധ്യമാണ്. പ്രതിഭാധനരായ നൂറു കണക്കിന് എഴുത്തുകാരില്‍ നിന്ന് കുറച്ചുപേരെ തിരഞ്ഞെടുക്കുക എന്നത് അതിലും വലിയ പ്രഹേളികയാണ്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ കഥകള്‍ എഴുതിയ അതുല്യരായ അഞ്ചു എഴുത്തുകാരെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തട്ടെ. 

മലകളുടേയും സ്റ്റെപ്പികളുടേയും കഥകൾ   

വിശാലമായ സ്റ്റെപ്പിയിൽ കാറ്റു വീശുമ്പോൾ, ആകാശം നിലാവും നക്ഷത്രങ്ങളും കൊണ്ട് കവചിതമാകുമ്പോൾ ദനിയാർ വിദൂരതയിലേക്കു നോക്കി പാടും.  പോപ്ളാർ മരങ്ങളും പൂവിട്ട കയ്പവള്ളികളും തല കുനിച്ചു നിൽക്കുന്നു. കൊയ്തു പാകമായി, ചാരനിറത്തിൽ കിടക്കുന്ന ധാന്യ വയലുകൾ വിശാലമായ ജലപ്പരപ്പ് പോലെ ഇളകിയുലഞ്ഞു. കാറ്റിൽ ആപ്പിൾ പഴങ്ങളുടെ മണവും പാൽ മുറ്റിയ ചോളക്കതിർക്കുടങ്ങളുടെ മാധുര്യവും, ഉണക്കമെത്താത്ത ചാണകവറളികളുടെ ഊഷ്മള ഗന്ധവും പടർന്നു. ദനിയാർ പാടി. ഭൂമിയേയും വയലിനേയും സ്നേഹത്തേയും കുറിച്ചുള്ള പാട്ട്. ആ പാട്ട് സ്റ്റെപ്പിയെ തട്ടിയുണർത്തിയതുപോലെ തോന്നി.

huckleberry-finn

ചാരനീലനിറമാർന്ന വസന്തകാലമേഘക്കൂട്ടം നീണ്ടു കിടക്കുന്ന സ്റ്റെപ്പിയുടെ മുകളിലൂടെ നീങ്ങുമ്പോൾ മലയിടുക്കുകളിലൂടെ കുതിരവണ്ടിയോടിച്ചു വരുന്ന ജമീല. നീണ്ട കുറുനിരകളും കണ്ണുകളിൽ വന്യമായ തിളക്കവുമുള്ള കുതിരകൾ നുരഞ്ഞു പതയുന്ന വെള്ളച്ചാട്ടത്തിന്റെ അരികിലൂടെ കാറ്റിനൊപ്പം പറക്കുന്നു. ഈ ദൃശ്യങ്ങൾ ഒരു കാലത്തും മറക്കുവാൻ ഒരു വായനക്കാരന് കഴിയില്ല.

സോവിയറ്റ് റഷ്യൻ സാഹിത്യത്തിലൂടെ കടന്നുപോകുന്ന വായനക്കാരനെ ഒരു പക്ഷേ ഏറ്റവും ആകർഷിച്ചിട്ടുള്ള പുസ്തകം ചിംഗീസ് ഐത് മാത്തോവിന്റെ ജമീലയായിരിക്കും. ടോൾസ്റ്റോയിയുടേയും മാക്സിം ഗോർക്കിയുടേയും ദസ്തേവിസ്കിയുടേയും രചനകളെപ്പോലെ ഔന്നത്യം പുലർത്തിയിട്ടുള്ള ഈ എഴുത്തുകാരൻ പലപ്പോഴും ലോകസാഹിത്യചരിത്രം എടുത്തു നോക്കുമ്പോൾ അദ്ദേഹത്തിന്റെ പേരു പോലും രേഖപ്പെടുത്തിയതായി കാണാറില്ല. പക്ഷേ വായനക്കാരായ മിക്ക മലയാളികളുടെ പ്രക്ഷുബ്ധകൗമാരയൗവ്വനകാമനകളിലും പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും എല്ലാം പാത്രമായ ഉജജ്വലമായ സ്ത്രീ സ്വാതന്ത്ര്യം ഉയർത്തിക്കാട്ടുന്ന 'ജമീലയും ' 'മലകളുടേയും സ്റ്റെപ്പികളുടേയും കഥകളും ഇടം പിടിക്കാതിരിക്കില്ല. സമഭാവനയും, മാനവികതയും ഉത്കൃഷ്ടമായ പ്രകൃതിയും ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.

സോവിയറ്റ് യൂണിയനിലെ മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലൊന്നായ കിർഗീസിലെ നീണ്ടു വിശാലമായി കിടക്കുന്ന സ്റ്റെപ്പികളുടേയും മലകളുടേയും കഥകൾ രചിച്ച പ്രതിഭാശാലിയായ ഐത്മാത്തോവിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ജമീല ഒരു കർഷക കുടുംബത്തിലെ മരുമകളാണ്. ഭർത്താവ് യുദ്ധമുന്നണിയിലാണ്.വീട്ടിലേക്ക് വരുന്ന ഭർത്താവിന്റെ കത്തുകളിൽ അവളെ അന്വേഷിക്കുന്നത് അപൂർവ്വമാണ്. ദൈനംദിന ജീവിതത്തിന്റെ ആവർത്തനവും, വിരസതയും മടുപ്പുമെല്ലാം ജമീലയെ പലപ്പോഴും വിഷാദത്തിലേക്ക് തള്ളിവിടാറുണ്ട്. തന്റെ ഭാവിയെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും അവൾക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. ഭർത്താവിന്റെ വീട്ടിലെ സുഭിക്ഷതക്കും ഒത്തൊരുമക്കിടയിലും ജമീല തന്റെ ജീവിതത്തിന്റെ അർഥമില്ലായ്മ പലപ്പോഴും മനസ്സിലാക്കുന്നുണ്ട്. ഒരിക്കൽ അമ്മായിയമ്മ അവളോട് പറയുന്നുണ്ട്. 'പെണ്ണുങ്ങളുടെ ജീവിതമെന്നാൽ കുഞ്ഞുങ്ങളെ പ്രസവിക്കുക', വീട്ടിൽ ഒന്നിനും മുട്ടു വരാതെ നോക്കുക ഇതാണ്.

എല്ലാം കൊണ്ടും ജമീലയുടെ ഭാവി കാത്തിരുന്നത് നിരുന്മേഷമായ, ഏകതാനമായ വിരസമായ ഒരു ജീവിതമാണ്. ഉല്‍കൃഷ്ടമായ വികാരങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അതിൽ ഇടം ഉണ്ടായിരുന്നില്ല. കൃഷിക്കളത്തിലെ ജോലികള്‍ ചെയ്യുക, തിരികെ വീട്ടില്‍ വന്ന് ഭക്ഷണം ഉണ്ടാക്കുക, വീട് വൃത്തിയാക്കുക ആ ജീവിതം മറ്റു സ്ത്രീകളുടെത് പോലെ  അങ്ങനെ തുടർന്ന്പോകും. പട്ടാളത്തിൽ ജോലി ചെയ്യുന്ന ഭര്‍ത്താവ് യുദ്ധം നില്‍ക്കുമ്പോള്‍ തിരിച്ചു വരും. അവൾ ഗര്‍ഭിണിയാകും, പ്രസവിക്കും. ആ ചക്രം അങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും. മൂന്നോ നാലോ മക്കളെ പ്രസവിച്ച് അകാലത്തിൽ വൃദ്ധയായി അവൾ  ജീവിക്കേണ്ടി വരും. 

dostoevsky-tolstoy
ടോൾസ്റ്റോയി, ദസ്തയേവ്സ്കി, Image Credit: Wikimedia Commons

അത് കൊണ്ടാക്കെയാണ് ഏകാകിയും അനാഥനും, സൗമ്യ പ്രകൃതനും അഭിമാനിയുമായ ദനിയാരിൽ അവൾ ആകൃഷ്ടയായത്. അയാളുടെ പാട്ടുകള്‍ സമ്പന്നമായ ഒരു ആത്മാവിന്റെയും ഉദാരമായ ഒരു ഹൃദയത്തിന്റെ ഉടമയെയും അവള്‍ക്കു കാണിച്ചു കൊടുത്തു. ദനിയാറിനോടുള്ള ജമീലയുടെ പ്രേമം വെറുമൊരു ചാപല്യമല്ല. താന്‍ ജീവിക്കുന്ന കുടുംബത്തില്‍ തനിക്കു സഹിക്കേണ്ടി വരുന്ന കഴമ്പില്ലാത്ത ആത്മീയ ജീവിതത്തിനോടുള്ള അവളുടെ പ്രതിഷേധം അതിലൂടെ പൊട്ടിപ്പുറത്തുവരികയാണ്.

കഥയുടെ ഒടുവിൽ തന്റെ സ്വത്വം തിരിച്ചറിഞ്ഞ ജമീല സ്വാതന്ത്ര്യം നേടുകയാണ്. വിവാഹം കഴിഞ്ഞ മുതൽ തന്നെ അവഗണിച്ച, ഭർത്താവിനെ ഉപേക്ഷിച്ച് ഒരു രാത്രി ദനിയാറിനൊപ്പം അവൾ ഗ്രാമം വിട്ടു പോകുന്നു. പലരും അതിനെ അപലപിച്ചെങ്കിലും ജമീലയെ സംബന്ധിച്ചിടത്തോളം വാസ്തവത്തിൽ അതൊരു പുനർജ്ജന്മമായിരുന്നു.

തന്റെ ഗ്രാമം ഉപേക്ഷിക്കുന്നതിലൂടെ ജമീല തന്റെ സ്വത്വം വീണ്ടെടുക്കുകയാണ്. താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യദാഹം ഭര്‍ത്താവുമായും കുടുംബവുമായുള്ള ബന്ധം മുറിച്ചു കളയാൻ അവളെ പര്യാപ്തയാക്കി. ഒടുവില്‍ ഒരു ശരല്‍ക്കാലത്ത് വിളറിയ വഴിയിലൂടെ, വെളിച്ചം നിറഞ്ഞ പ്രസന്നമായ വിശാലതയിലേക്ക്‌ ജമീല ദനിയാറിനോടൊപ്പം നടന്നകന്നു. 

ചിംഗിസ് ഐത്ത്മാതോവിന്റെ രചനകളോട് നമുക്ക് ഒരിക്കലും നിസ്സംഗത പുലർത്താനാവില്ല. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും ഒത്തുചേർന്ന അപൂർവ വിളനിലങ്ങളാണ് ആ കൃതികൾ. ജമീലയാകട്ടെ തന്റെ ചങ്ങലകളും കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന വർത്തമാനകാല സ്ത്രീയുടെ പ്രതിരൂപവുമാണ്.

അകന്നു പോയവരില്‍ അവശേഷിച്ചവൻ (the last of the departed)

ബഗ്രത് ഷിൻകുബ 1917 –  2004

പ്രാക്തനമായ ഒരു ഗോത്രജനവിഭാഗം ഭൂമുഖത്തു നിന്ന് എന്നെന്നേക്കുമായി മായ്ക്കപ്പെടുന്നതിന്റെ ദുരന്ത പൂർണ്ണമായ ചിത്രമാണ് സോവിയറ്റ് അബ് ഖേഷ്യയിലെ കവിയും ചരിത്രപണ്ഡിതനും നോവലിസ്റ്റുമായ ബഗ്രത് ഷിൻകുബ തന്റെ രചനയായ 'അകന്നു പോയവരിൽ അവശേഷിച്ചവനിൽ ' 'വിവരിക്കുന്നത്. ഒരു ഭാഷാശാസ്ത്ര വിദ്യാർത്ഥിയുടെ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അന്വേഷണക്കുറിപ്പുകൾ നിർഭാഗ്യവശാൽ പ്രസിദ്ധീകരിക്കപ്പെടാൻ കഴിയാതെ മുപ്പത്തിയൊന്നു വർഷത്തെ അജ്ഞാതവാസത്തിനുശേഷം ഷിൻകുബയുടെ കൈകളിലെത്തിച്ചേരുന്നു. അദ്ദേഹം അതിന് അടുക്കും ചിട്ടയുമുണ്ടാക്കി 1974ൽ പ്രസിദ്ധീകരിക്കുമ്പോഴാണ് അന്യം നിന്നുപോയ ഒരു ജനതയുടേയും ഭാഷയുടേയും ദുരന്തം ലോകം അറിയുന്നത്. ഇങ്ങനെ രൂപാന്തരം പ്രാപിച്ചതാണ് ഈ കൃതി. വസ്തുനിഷ്oതയിൽ ഊന്നുന്നുവെങ്കിലും അതേ സമയം തന്നെ ഈ പുസ്തകം ഒരു ചരിത്രാഖ്യായികയും ആത്മകഥാപരവുമാണ്.

shinkuba

നൂറു വയസ്സ് കഴിഞ്ഞ സൗർഖാൻ സോളക്കിന്റെ താമസസ്ഥലം അന്വേഷിച്ച് ഒരു ഭാഷാ ശാസ്ത്രജ്ഞന്‍ എത്തിച്ചേരുന്നു. ഒരു മാസക്കാലം അദ്ദേഹത്തിന്‍റെ കൂടെ ചെലവഴിച്ച ഷറഖ് എന്ന ആ യുവാവ് അഭിമുഖത്തിന്റെ വിവരങ്ങൾ ഒരു പെട്ടിയിൽ സൂക്ഷിച്ചു വെക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക സേവനത്തിനു നിയുക്തനായ അയാള്‍ ഇറ്റലിയിൽ  വെച്ച് മരണപ്പെടുന്നു. ഉബൈഖ് ഭാഷയില്‍ എഴുതപ്പെട്ട ഷറഖിന്റെ കുറിപ്പുകള്‍, തീവ്രമായ സോളക്കിന്റെ അനുഭവങ്ങള്‍ അടങ്ങിയ ആ പെട്ടി യുദ്ധത്തിനു പോകുന്നതിനു മുന്‍പ് അയാൾ അമ്മയെ ഏല്‍പ്പിച്ചിരുന്നു. ആ അമൂല്യമായ വിവരങ്ങളും കുറിപ്പുകളും തീര്‍ത്തും യാദൃശ്ചികമായി റഷ്യന്‍ കവിയായ ഷിൻകുബയിൽ  എത്തിച്ചേരുന്നു. അദ്ദേഹം അവയ്ക്ക് അടുക്കും ചിട്ടയും കൈ വരുത്തി, ഒരു നോവലിന്റെ രൂപത്തിൽ  മാറ്റം വരുത്തി 1974 –ഇല്‍ പ്രസിദ്ധീകരിച്ചു. അതാണ്‌ ‘അകന്നു പോയവരിൽ  അവശേഷിച്ചവൻ' എന്ന നോവൽ. 

ഒരു സമൂഹത്തിന്റെ ദുരന്തകഥയാണ്‌ ഈ നോവല്‍. എല്ലാം തകർന്നടിഞ്ഞുവെങ്കിലും അതില്‍ പ്രത്യാശയുടെ നേരിയ കിരണം കാണാം. ഗ്രാമീണ ജീവിതത്തിന്റെയും പ്രകൃതിയുടെയും തെളിമയാര്‍ന്ന ചിത്രങ്ങളും നമുക്ക് ഈ നോവലില്‍ കാണാൻ കഴിയും.

സോവിയറ്റ് അബ്ഖേഷ്യക്കാരനായ ഉബൈഖ് വംശത്തിലെ അവസാന കണ്ണിയായ സൗർഖാന്റെ കഥ പറച്ചിലിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. സാർ ചക്രവർത്തിക്കും തുർക്കി സുൽത്താനും അനഭിമതരായ ഉബൈഖുക്കൾക്ക്  ജന്മഭൂമിയിൽ നിന്ന് തങ്ങളെ ആട്ടിപ്പായിക്കാനുള്ള ഗൂഢപദ്ധതികളോട് എതിരിട്ട് പിടിച്ചു നിൽക്കാൻ  കഴിയുന്നില്ല. പൗരത്വവും ഭൂമിയും നൽകാമെന്ന തുർക്കി സുൽത്താന്റെ ഉറപ്പിൽ വാഗ്ദത്തഭൂമി സ്വപ്നം കണ്ട് ജന്മനാട്ടിൽ നിന്ന് പാലായനം ചെയ്യുന്ന ഉബൈഖുകൾ ഒടുവിൽ എത്തിച്ചേരുന്നത് കള്ളിച്ചെടികൾ മാത്രം വളരുന്ന, കുറുക്കനും നായ്ക്കളും എലികളുമെല്ലാം മേയുന്ന തരിശുഭൂമിയിലാണ്. ജീവനും മരണത്തിനുമിടയിൽ, പ്രിയപ്പെട്ടവർ ഓരോന്നായി ഇല്ലാതാകുമ്പോഴും ജീവച്ഛവമായി നൂറു വയസ്സുവരെ ജീവിച്ച സൗർഖാൻ പ്രതീക്ഷ കൈവിടാതെ തന്റെ ജീവിതം മൂന്നാട്ടു നീക്കുകയാണ്. പ്രണയം, യുദ്ധം, പക, പ്രതീക്ഷ എന്നിങ്ങനെ സമ്മിശ്രദൃശ്യങ്ങൾ ഈ നോവലിൽ കാണാം.

സംസ്കാരത്തിന്റെ അതിജീവനോപാധികളിൽ ഏറെ പ്രധാനമാണ് ഭാഷ. ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാൻ അവരുടെ ഭാഷയെ നശിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിലൂടെ അവരുടെ സ്വത്വവും സംസ്കൃതിയും എളുപ്പമില്ലാതാക്കാൻ കഴിയമെന്നും സൗർഖാൻ പറയുന്നു.

പ്രാദേശിക ഭാഷകളുടെ അതിജീവനത്തിനായി ചെറുത്തുനിൽപ്പുകൾ ഉയരുന്ന ഈ കാലഘട്ടത്തിൽ, അധിനിവേശം ജീവിതത്തിന്റെ എല്ലാ മേഖലകളും കീഴടക്കുന്ന ഈ കാലഘട്ടത്തിൽ നോവലിസ്റ്റ് പറയുന്നത് സ്വന്തം നാട് നഷ്ടപ്പെടുന്നവന് എല്ലാം നഷ്ടപ്പെടുന്നുവെന്നാണ്.

കുട്ടികളും കളിത്തോഴരും 

പഴയ സോവിയറ്റ് യൂണിയനിലെ ബാലസാഹിത്യകാരിയായിരുന്ന ഓള്‍ഗ പിറോവ്സ്ക്കയ (1902-1961) കസാക്കിസ്ഥാനിലെ തന്‍റെ ബാല്യകാല സ്മരണകളെ അടിസ്ഥാനമാക്കി എഴുതിയതാണ് കിഡ്‌സ് ആൻഡ് കബ്‌സ് അഥവാ കുട്ടികളും കളിത്തോഴരും. മറ്റു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും ഈ മനോഹരമായ പുസ്തകത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഈ കഥകൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരുടെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് പിന്നീട് ഈ മഹത്തായ കഥകളായി മാറിയത്.

മധ്യ ഏഷ്യയിലെ രണ്ടു വന്‍ നദികൾക്കിടയ്ക്ക് പച്ച പിടിച്ചു കിടക്കുന്ന ഫലഭൂയിഷ്ഠമായ ജെതി –സു എന്ന പീഠഭൂമി . പര്‍വതങ്ങളും കാടുകളും പച്ച നിറമാര്‍ന്ന താഴ്വരകളും കായ്കനിത്തോട്ടങ്ങളും നിറഞ്ഞ ആ സ്ഥലം ആപ്പിൾപ്പഴങ്ങള്‍ക്ക് പേര് കേട്ടതാണ്. അവിടെ അനേകം വളര്‍ത്തുമൃഗങ്ങള്‍ക്കിടയിൽ ജീവിക്കുന്ന കുട്ടികള്‍, അവരുടെ കളിക്കൂട്ടുകാരായ മൃഗങ്ങൾ. കൌതുകത്തോടെയും ആവേശത്തോടെയുമല്ലാതെ ഒരാള്‍ക്കും ഈ കഥകൾ വായിക്കാൻ കഴിയില്ല.   

kids-and-cubs

ഓൾഗയും അവളുടെ കുടുംബവും കായ്ക്കനിത്തോട്ടങ്ങളുടെ ഇടയിൽ  ഒരു കുഞ്ഞുവീട്ടിലാണ് താമസിച്ചിരുന്നത്. അവളുടെ വനപാലകനായ പിതാവ് വേട്ടയ്ക്ക് പോയി വരുമ്പോള്‍ കൊണ്ടുവന്നിരുന്നത് പല തരത്തില്‍പ്പെട്ട കാട്ടുമൃഗങ്ങളെ ആയിരുന്നു. ആ മൃഗങ്ങളെല്ലാം കുട്ടികളോടൊപ്പം വളര്‍ന്നു. നായികയായ ഓൾഗയ്ക്കും അവളുടെ സഹോദരിമാർക്കും ഓരോ വളർത്തുമൃഗങ്ങളോടും ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു. ഓരോ കുട്ടികള്‍ക്കും ഓരോ വളര്‍ത്തു മൃഗങ്ങൾ ഉണ്ട്. കുട്ടികള്‍ അവരെ തീറ്റിപ്പോറ്റുകയും പരിപാലിക്കുകയും ചെയ്തുപോന്നു. അയല്‍ക്കാരുടെ തടിച്ച തര്‍ക്കിക്കോഴികളെ പിടിക്കുന്ന ചെന്നായ്ക്കളായ ദിയാന്ക്കയും ടോംചിക്കും, തുണിയും പുതപ്പുമെല്ലാം എപ്പോഴും വലിച്ചു കൊണ്ടുപോയി ചവച്ചു തിന്നുന്ന  മീഷ്ക എന്ന ഒരു കുട്ടിമാൻ , കുട്ടികളോടൊപ്പം കളിക്കാനും അവരുടെ സംഭാഷണങ്ങളിൽ  പങ്കു കൊള്ളാനുമായി എല്ലാ അടവുകളും പയറ്റുന്ന  വികൃതിയായ വാസ്ക എന്ന കടുവക്കുഞ്ഞ്, കോഴികളോട് കൂട്ട് കൂടി അവരുടെ കൂട്ടിൽ കയറി മിന്നൽപ്പിണറിന്റെ വേഗതയില്‍ മുട്ട വായിലാക്കി കടന്ന് കളയുന്ന ഫ്രാൻറിക് എന്ന കുറുക്കൻ കുട്ടി, കൊടുംകാട്ടിലൂടെ നതാഷയെയും മറ്റ് കുട്ടികളേയും പുറത്തേറി കുസൃതിയോടെ പായുന്ന ചുബാരി എന്ന കുതിരക്കുട്ടി അങ്ങനെ ആ ലിസ്റ്റ് നീണ്ടു പോകുന്നു.

ഈ കഥകൾ മൃഗങ്ങളുടെ പെരുമാറ്റങ്ങളെയും മനുഷ്യരുമായുള്ള അവരുടെ ബന്ധങ്ങളെയും മനോഹരമായി എടുത്തുകാണിക്കുന്നു. കഥകൾ വായിക്കാൻ രസകരവും ഹൃദ്യവുമാണ്, പക്ഷേ ഈ മൃഗങ്ങൾ രചയിതാവിന്‍റെയും  അവളുടെ കുടുംബത്തിന്‍റെയും ജീവിതത്തിൽനിന്ന് വേർപിരിയുന്ന സംഭവങ്ങൾ നമ്മെ കരയിപ്പിച്ചു കളയും. അയല്‍ക്കാരന്റെ വെടിയേറ്റ്‌ വീഴുന്ന ടോം ചിക്കിനേയും പോലീസ് സേനയിലേക്ക് കൊണ്ട് പോയ ദിയാന്ക്കയേയും, ഒരു പറ്റം മാറലുകളുടെ സംഘത്തോടൊപ്പം മലമ്പാത കടന്ന് അപ്രക്ത്യക്ഷനായ മീഷ്ക്കയേയും ഹൃദയാഘാതം വന്ന് ചത്തു പോകുന്ന വാസ്ക്കയെയും എങ്ങനെ മറക്കാന്‍ കഴിയും.

ബുഖാറ സ്മരണകൾ (1878 –  1954)

കവിത, ഫിക്ഷൻ, പത്രപ്രവർത്തനം, ചരിത്രം, നിഘണ്ടു എന്നിവ എഴുതി താജിക്കിസ്ഥാന്റെ ദേശീയ കവി എന്ന നിലയിലും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളെന്ന നിലയിലും അറിയപ്പെട്ട സദ്രിദ്ധീൻ ഐനി സക്തരെ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. പന്ത്രണ്ടാമത്തെ വയസ്സില്‍ അനാഥനായ സദ്രിദ്ധീൻ ഐനി പിതാവിന്റെ അവസാനത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി വിദ്യാഭ്യാസം നേടാനായി ബുഖാറയിലേക്ക് യാത്രയായി. അറിവ് തന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തേകുമെന്ന ദൃഢവിശ്വാസത്തോടെ സാഹിത്യവും ശാസ്ത്രവും സ്വപ്നം കണ്ട ഐനി തന്റെ ഗ്രാമം വിട്ട്  യാത്രയായി.

ഐനിയെപ്പോലത്തെ ദരിദ്രമായ പശ്ചാത്തലത്തിൽപ്പെട്ടവര്‍ക്ക് ബുഖാറയിലെ പാഠശാലകളിൽനിന്ന് വിദ്യാഭ്യാസം നേടുന്നത് ദുഷ്കരമായിരുന്നു. പക്ഷേ അറിവിനോടുള്ള അടങ്ങാത്ത ദാഹം എല്ലാ ബുദ്ധിമുട്ടുകളെയും മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചു. പതിനാറു വര്‍ഷങ്ങൾ അദ്ദേഹം വിദ്യ അഭ്യസിച്ചു . ഈ കാലത്താണ് അദ്ദേഹം കവിതകള്‍ എഴുതിത്തുടങ്ങിയത്. പരമ്പരാഗത ശൈലികളിലുള്ള വിഷാദച്ഛവി കലര്‍ന്ന പ്രണയ ഗീതകങ്ങളായിരുന്നു അവ. പക്ഷേ പിന്നീട് ജീവിതം അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ കവിതകളില്‍ സാമൂഹ്യ അനീതി, തിന്മ എന്നിവക്കെതിരെയുള്ള അലയൊലികള്‍ പ്രക്ത്യപ്പെട്ടു തുടങ്ങി. 

ബുഖാറയിലെ ഭരണാധികാരികളെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ അഹ്മെദ്‌ ദോനെഷ് എന്ന എഴുത്തുകാരന്റെ രചനകള്‍ അദ്ധേഹത്തെ സ്വാധീനിച്ചു. തുടര്‍ന്നാണ് ഐനിയ്ക്ക് തന്റെ ജനതയെ സേവിക്കണം എന്ന ചിന്ത ഉയര്‍ന്നത്. അങ്ങനെ അദ്ദേഹമൊരു വിദ്യാഭ്യാസ വിചക്ഷണൻ ആയിത്തീര്‍ന്നു. ഗോര്‍ക്കിയുടെ രചനകൾ ഐനിയുടെ ചിന്തകള്‍ക്ക് അടിത്തറ പാകി. താജിക്ക് സാഹിത്യവും നാടോടിക്കഥകളും ജനതയുടെ വിപപ്ലവാത്മകമായ ചിന്തകളും ചേര്‍ന്നു ഇദ്ദേഹത്തിന്റെ രചനകൾ  വേറിട്ട്‌ നില്‍ക്കുന്നു.

ആ കാലഘട്ടത്തിലെ മദ്ധ്യ ഏഷ്യയുടെ ചിത്രം ഐനി കൃത്യമായും വരച്ചു കാണിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് അവയിൽ ഏറ്റവും പ്രസിദ്ധമായവ. തീക്ഷ്ണമായ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെ ശക്തമാക്കുന്നത്. ഐനിയുടെ കഥാപാത്രങ്ങളുടെ വിധി ആ കഥാകാരന്റെ വേദനയുടെ ആഴങ്ങൾ പേറുന്നവരാണ്. 

സെരവ്ഷാൻ നദീതീരത്താണ് സക്തെർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആ ഗ്രാമത്തിലൂടെയാണ് മസ്രന്‍ഗാൻ തോട് ഒഴുകുന്നത്‌. പഴത്തോട്ടങ്ങൾക്കും  മുന്തിരിത്തോപ്പുകള്‍ക്കും പച്ചക്കറിപ്പാടങ്ങള്‍ക്കും വേണ്ട ജലം നല്‍കുന്നത് ഈ തോടാണ്. സക്തെറില്‍ അറബികളും തജിക്കുകളും കാലങ്ങളായി താമസിച്ചു വന്നു. അമീറിന്റെ (പ്രഭു) ഭൂമിയിലാണ് തജിക്കുകൾ ജോലി ചെയ്തിരുന്നത്. പ്രഭാതത്തിലെ പ്രാര്‍ഥനയ്ക്കുശേഷം ഹാജിമാർ വിജയത്തിന് വേണ്ടി പ്രാർഥിക്കുമായിരുന്നു. ഗ്രാമത്തിലെ പള്ളിയില്‍ ഒരു വിദ്യാലയം ഉണ്ടായിരുന്നു. അവിടെ ശീതകാലത്തും വേനല്‍ക്കാലത്തും കുട്ടികള്‍ പഠിച്ചു വന്നു. അവിടെയുള്ള ചെറിയ ഒരു മദ്രസ്സയിൽ പ്രത്യേകമായുള്ള പഠനവും നടന്നുവന്നു. ഈ രണ്ടു ചെറിയ വിദ്യാലയങ്ങൾ സക്തെറിൽ മറ്റു പ്രദേശങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതൽ വിദ്യാസമ്പന്നരെ സൃഷ്ട്ടിച്ചു. എന്‍റെ ഓര്‍മ്മകളിൽ ഒളിമങ്ങാതെ നില്‍ക്കുന്ന മറ്റൊരു ഗ്രാമമാണ് മഖല്ലായി ബോലോ. ഷഫ്രികാൻ പ്രവിശ്യയിലാണ് ഈ ഗ്രാമം. ഒരിക്കലും ഈ ഗ്രാമത്തിൽ വെള്ളം സുലഭമായിരുന്നില്ല. ഷഫ്രികാനിലെ പുഴയിൽ മണല്‍ത്തിട്ടകൾ നിറഞ്ഞ് അത്  വരണ്ടുകിടന്നു’. അദ്ദേഹം ഓര്‍മ്മക്കുറിപ്പിൽ പറയുന്നു.

സോവിയറ്റ് യുണിയന്റെ ശിഥിലീകരണത്തോടെ ലോകത്തിന് നഷ്ടപ്പെട്ടത്‌ അതുല്യമായ ഒരു സാഹിത്യ ശാഖയുടെ തുടര്‍ച്ചയായിരുന്നു. നമ്മുടെ കുഗ്രാമങ്ങളില്‍പ്പോലും സുലഭമായിരുന്ന പ്രാദേശിക ഭാഷകളിലെ പുസ്തകങ്ങളുടെ ലഭ്യത നിലച്ചതോടെ നമ്മുടെ വായന സംസ്ക്കാരത്തിൽ നിന്നും അതുല്യമായ ഒരേട്‌ നിശ്ശബ്ദം വിട വാങ്ങി. സൈബീരിയയിലെ മഞ്ഞും വോള്‍ഗ നദിയുടെ ഉപ്പുരസമുള്ള ജലവും സ്റ്റെപ്പികളിലൂടെ വീശിയടിക്കുന്ന കാറ്റില്‍ ആടിയുലയുന്ന പുല്‍നാമ്പുകളുടെ മർമ്മരവുമെല്ലാം വായന മുറികളിൽനിന്ന് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായി.

സോവിയറ്റ്‌ സാഹിത്യത്തിലെ അതികായനായ ആ മനുഷ്യസ്നേഹി, മാക്സിം ഗോര്‍ക്കിയുടെ വരികൾ ഇവിടെ തീര്‍ത്തും പ്രസക്തമാകുന്നു. ‘എന്നിലെ എല്ലാ നന്മയ്ക്കും പുസ്തകങ്ങളോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്.’

English Summary:

World Book Day Special article about Russian Literature