'പോരാടി മരിച്ച മക്കളെ കുറിച്ചോർത്ത് ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത, ഗാന്ധാരി എന്ന ശകുനിയുടെ സഹോദരി'
Mail This Article
രാജപത്നിയെന്നോ രാജമാതാവെന്നോ ഒക്കെയുള്ള വാഴ്ത്തുപാടലുകൾ യുദ്ധം തുടങ്ങുന്നതിനു മുമ്പേ ഗാന്ധാരി ഉപേക്ഷിച്ചിരുന്നു. യുദ്ധത്തിന്റെ ജയ-പരാജയങ്ങളെ കുറിച്ച് ഒട്ടും ആശങ്കയില്ലാതെ, അന്തപ്പുരത്തിൽ സാധാരണ ദിവസങ്ങൾ പോലെ പ്രാർഥിച്ചും ഉറങ്ങിയും കഴിഞ്ഞ അമ്മ, മക്കൾക്ക് അത്ഭുതമായിരുന്നു. ഗാന്ധാരിയുടെ വാക്കുകൾക്ക് യുദ്ധത്തിന്റെ പതിനെട്ട് നാളുകളിലും ഒരു തപസ്വിനിയുടെ ശാന്തതയായിരുന്നു. യുദ്ധവാർത്തകൾ എത്തിച്ചിരുന്ന സേവകന്മാരുടെ മുമ്പില്‍ ചോദ്യങ്ങളില്ലാത്ത വെറുമൊരു കേൾവിക്കാരി! ചോരച്ചാലിൽ നഗ്നപാദയായി നടക്കുമ്പോൾ ഗാന്ധാരിയുടെ കാലിടറിയില്ല. ശവങ്ങളാണ് ചുറ്റും, മക്കളുടെ, പേരമക്കളുടെ, അടുത്ത ബന്ധുക്കളുടെ, പേരറിയാത്ത മറ്റനേകം പോരാളികളുടെ. വന്യമായ ഒരു പുഞ്ചിരി ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചു അവർ തിരഞ്ഞുകൊണ്ടിരുന്നത് മക്കളുടെയോ പേരമക്കളുടെയോ ശരീരങ്ങളല്ലായിരുന്നു. യുദ്ധത്തിന്റെ അവസാന നാളിൽ സഹദേവനാൽ വധിക്കപ്പെട്ട തന്റെ സഹോദരനെ, ശകുനിയെ, അവസാനമായി കാണാൻ മാത്രമാണ് പതിറ്റാണ്ടുകളായി പൊതിഞ്ഞു വെച്ച തന്റെ കാഴ്ചയുടെ മറ അവർ അഴിച്ച് മാറ്റിയത്.
ചോര കുടിച്ചു വീർത്ത കുരുക്ഷേത്ര മണ്ണിലൂടെ മുന്നോട്ട് നടക്കുമ്പോൾ മനസ്സ് പുറകോട്ടു നടന്നു എത്തി നിന്നത് ഗാന്ധാര ദേശത്തായിരുന്നു. പതിനാലാം വയസ്സിൽ കണ്ണുകെട്ടി കുരുടന്റെ പത്നിയായത് കുരുവംശത്തിന്റെ പ്രതാപം കണ്ടിട്ടായിരുന്നു എന്നത് ആരോ പറഞ്ഞു പരത്തിയ നുണയായിരുന്നു. കറുപ്പ് പുതച്ച കണ്ണുകളിൽ ഉണ്ടായിരുന്നത് പതിയോടുള്ള സ്നേഹമായിരുന്നില്ല, മറിച്ച് പ്രതികാരമായിരുന്നു. ‘ഭർത്താവ് കാണാത്ത കാഴ്ച്ചകൾ തനിക്കും കാണേണ്ട’ എന്ന ഊതി പെരുപ്പിച്ച പാതിവ്രത്യത്തിന്റെ പുകമറ ഒരു രക്ഷയായിരുന്നു. അത്, നീതി നിഷേധിക്കപ്പെട്ട സ്ത്രീ വർഗ്ഗത്തിന്റെ നിശബ്ദ പ്രതികാരമായിരുന്നു. അംഗബലത്തിലും ആയുധ ബലത്തിലും കുരുവംശത്തോട് പിടിച്ചു നിൽക്കാൻ ഗാന്ധാര ദേശത്തിനാവില്ല എന്ന അച്ഛൻ സുബലന്റെ നിസ്സഹായതയാണ് സ്വപ്നങ്ങളും മോഹങ്ങളും മാറ്റി വെച്ച് ഒരു അടിമയെ പോലെ കുരുട രാജാവിന് കഴുത്ത് നീട്ടിക്കൊടുക്കേണ്ട അവസ്ഥ വരുത്തിയത്. സ്ത്രീ എന്നത് വെറുമൊരു ശരീരമാണെന്നും അവർക്ക് മനസ്സ് എന്നൊന്ന് ഇല്ലെന്നും അംബ സഹോദരിമാരെ ബലമായി കടത്തിക്കൊണ്ട് പോയതോടെ ഗംഗാപുത്രൻ ഇതിനകം തെളിയിച്ചിരുന്നു. പെണ്ണിനോടും മണ്ണിനോടും ഉള്ള ആർത്തിയിൽ ചവിട്ടി അരയ്ക്കപ്പെട്ട മനസ്സുകളെ, തൊണ്ടയിൽ മരിച്ചു പോയ നിലവിളികളെ, പരിഗണിക്കാൻ മാനുഷിക ഗുണം ഇല്ലാത്തവരായിരുന്നു കുരുവംശത്തിലെ വീര ശൂര പരാക്രമികൾ. സ്ത്രീകളെ മതിക്കാത്ത കുരുവംശത്തിലെ പ്രതാപശാലികളെ ഒരിക്കലും കാണാതിരിക്കാനാണ് വിവാഹത്തിന്റെ അന്ന് തന്നെ വെളിച്ചം കാണാത്ത വിധം കണ്ണുകൾ മൂടിക്കെട്ടിയത്.
നിസ്സഹായനായ അച്ഛന്റെ നനഞ്ഞ കണ്ണുകളിലേക്ക് അവസാനമായി നോക്കി കണ്ണുകൾ മൂടിക്കെട്ടുമ്പോൾ, മനസ്സിൽ തറച്ചു പോയ, ചോര കിനിയുന്ന വേറെയും രണ്ടു കണ്ണുകളുണ്ടായിരുന്നു മുന്നിൽ. സ്വന്തം സഹോദരിയെ രക്ഷിക്കാൻ അശക്തമായ രണ്ടു കൈകളും ചുമരിലിടിച്ചു, ചോരയുടെ ചിത്രം വരച്ച, ആ കണ്ണുകളിലെ അഗ്നിയാണ് ജീവിക്കാൻ പ്രേരണയായത്. കള്ള ചൂതു കളിക്കാരനെന്നും കൗശലക്കാരനെന്നും കൂലി പട്ടാളങ്ങൾ സഹോദരനെ ആക്ഷേപിച്ചപ്പോഴും ഉള്ളിൽ പ്രതികാരത്തിന്റെ കനലുകൾ എരിഞ്ഞു കൊണ്ടിരുന്നു. ശക്തി കൂടുതലുള്ളവനെ ബുദ്ധി കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന ശകുനിയുടെ തന്ത്രമാണ് ചൂതു പലകയിലൂടെ യുദ്ധമുഖത്ത് കൗരവരെയും പാണ്ഡവരെയും എത്തിച്ചത്. ഓരോ കരുക്കളും ഓരോ ആയുധങ്ങളായിരുന്നു. ചൂതു പലകയിലെ ഓരോ നീക്കവും കുരുവംശത്തിന്റെ അടിത്തറ ഇളക്കാൻ പോന്നവയായിരുന്നു. പതിനൊന്നു അക്ഷൗഹിണിയിലെ വെറുമൊരു കാലാൾ കുരുവംശത്തെ ചോരയിൽ മുക്കി ഇന്ന് മരണത്തെ ഏറ്റു വാങ്ങിയിരിക്കുന്നു. കൈകരുത്തിൽ സ്ത്രീ മനസ്സുകളെ അമ്മാനമാടിയ പ്രതാപശാലികളായ പലരുടെയും ജീവനില്ലാത്ത ശരീരം നോക്കി ശകുനിയുടെ ആത്മാവ് ചിരിക്കുന്നുണ്ടാവാം.
എഴുപതു വർഷത്തിനിപ്പുറം കണ്ണിലെ കെട്ടഴിക്കുമ്പോൾ കാഴ്ചയ്ക്ക് മങ്ങലേറ്റിരിക്കുന്നു. പതിനാലു കൊല്ലം ഗാന്ധാര ദേശത്ത് കണ്ട വർണ്ണ കാഴ്ചകൾ അല്ല മുന്നിൽ ഉള്ളത്. ചോര കുടിച്ചു വീർത്ത ഈ മണ്ണിനെ ധർമ്മക്ഷേത്രമെന്ന് വിളിച്ചത് കുരുവംശരുടെ ഏതെങ്കിലും ആശ്രിതരായിരിക്കും. ഗാന്ധാരിക്ക് ഈ ഭൂമി അന്നും ഇന്നും ‘അധർമ്മക്ഷേത്രമാണ്’. ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ജയദ്രഥൻ, അഭിമന്യു, ചതിക്കപ്പെട്ട് വധിക്കപ്പെട്ടവരുടെ ചോര കുടിച്ച ഈ മണ്ണിനെ ധർമ്മഭൂമിയെന്ന് എങ്ങനെ വിളിക്കും? ഗാന്ധാരിയുടെ മനോഗതമറിഞ്ഞ കൃഷ്ണൻ പുഞ്ചിരിച്ചു. യുദ്ധത്തിൽ ജയിച്ചത് പാണ്ഡവരല്ല, ഗാന്ധാര ദേശത്തെ സുബലന്റെ മക്കളായ ഗാന്ധാരിയും ശകുനിയുമാണെന്ന് കൃഷ്ണനറിയാം. പോരാടി മരിച്ച മക്കളെ കുറിച്ചോർത്ത് ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത, ഗാന്ധാരി എന്ന ശകുനിയുടെ സഹോദരി, കുരുക്ഷേത്ര ഭൂമിയിലെ ചോരപ്പുഴയാൽ ഏഴു പതിറ്റാണ്ടായി തന്റെ ഉള്ളിലെരിയുന്ന പ്രതികാരാഗ്നി ഊതി കെടുത്തിയിരിക്കുന്നു.
മരിച്ചിട്ടും ജയിച്ച സഹോദരൻ ശകുനിയുടെ കാല് തൊട്ട് വന്ദിച്ച്, എല്ലാമറിയുന്ന കൃഷ്ണന്റെ മുമ്പിൽ ഗാന്ധാരി തൊഴുകൈയ്യോടെ നിന്നു. തുറന്ന കണ്ണുകൾ വീണ്ടും മൂടിക്കെട്ടുന്നതിനു മുമ്പ് കൃഷ്ണപാദങ്ങളെ നമസ്കരിച്ചു, ആ പാദങ്ങൾ കണ്ണീർ കൊണ്ട് കഴുകി നന്ദി അറിയിച്ചു. തന്റെ ലക്ഷ്യം നിറവേറ്റാൻ സഹോദരനെപ്പോലെ ഒപ്പം നിന്ന കൃഷ്ണനെ താൻ എങ്ങനെ ശപിക്കാനാണ്? കൃഷ്ണന്റെ കുലം മുടിഞ്ഞു പോകട്ടെ എന്ന ശാപവാക്കുകൾ ഗാന്ധാരിക്ക് പറയാനാവില്ല. കണ്ണ് മൂടിക്കെട്ടിയത് പാതിവൃത്യത്തിന്റെ അടയാളമാണെന്ന് പറഞ്ഞു പരത്തിയ പോലെ ഗാന്ധാരി ശാപവും കുരുവംശത്തിന്റെ അവശേഷിക്കുന്ന ആശ്രിതർ ആരെങ്കിലും പറഞ്ഞു പരത്തിയതാവാം.