ADVERTISEMENT

സർ എന്ന് വിളിക്കരുതെന്ന് കാറിൽ കയറിയപ്പോൾത്തന്നെ അയാൾ വിലക്കിയിരുന്നു. പേര് വിളിച്ചാൽ മതി, അതാണിഷ്ടം. ഉപഭോക്താവിനെ അങ്ങനെയേ വിളിക്കാവൂ എന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് നിർദേശങ്ങൾ ഉണ്ട്, അത് പാലിക്കണം, എന്റെ ജോലിയെ ബാധിക്കുന്ന കാര്യമാണ്. നിങ്ങളുടെ പേര് ഞാൻ ആദ്യമേ ചോദിച്ചു, എന്റെ പേരും പറഞ്ഞു, നമുക്കിടയിലെ സംഭാഷണങ്ങൾക്ക് അത് ധാരാളം. ഈ കാറിൽ ഞാനുള്ളപ്പോൾ സുഹൃത്തുക്കൾ മാത്രം, ഒരുപക്ഷെ ഇന്ന് മാത്രം കാണുന്ന സുഹൃത്തുക്കൾ. പക്ഷെ ഞാൻ മറക്കില്ല, പരിചയപ്പെടണം എന്ന് തോന്നുന്നവരെ ഞാൻ ഹൃദയത്തിന്റെ  മൂലയിൽ എന്നും സൂക്ഷിക്കും. വളരെ ദൂരമുണ്ട് നമ്മൾ പോകുന്നിടത്തേക്ക്, ഈ രാത്രിയിൽ തന്നെ പോകണോ, മാത്രമല്ല അങ്ങേക്ക് രാവിലെയുള്ള വിമാനത്തിൽ പോകേണ്ടതല്ലേ? അടുത്ത തവണ വരുമ്പോൾ ശ്രമിക്കാമല്ലോ. ദൂരമുണ്ടെങ്കിലും പോകണം, കാണണമെന്നത് വലിയൊരു ആഗ്രഹമാണ്. ഈ നഗരത്തിൽ വന്നിട്ട് കാണാതെ പോയാൽ അതൊരു കുറ്റബോധമായി എന്നും മനസ്സിൽ  നിലനിൽക്കും.

"ടാക്സി ഓടിക്കൽ മാത്രമാണോ ജോലി, അതുകൂടാതെ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ?" "നോക്കൂ, വണ്ടിയിൽ എഴുതി വെച്ചിട്ടുണ്ട് വായ്പ തന്ന ബാങ്കിന്റെ പേര്. ബാങ്ക് മാനേജർ, അവർ വളരെ സൗഹാർദമായി തന്നെയാണ് പെരുമാറിയത്. പലരും പറയുന്നതുപോലെ ഒരു അന്യഗ്രഹജീവിയെപ്പോലെയൊന്നും പെരുമാറിയില്ല. വേഗം വായ്പ തന്നു, അമ്മയുടെ അതെ വയസ്സുള്ള ഒരു സ്ത്രീയായിരുന്നു മാനേജർ, "ഈ വാഹനത്തിന്റെ വായ്പ നിങ്ങൾ അതിവേഗം അടച്ചുതീർക്കുമെന്ന് എനിക്കുറപ്പാണ്, കാരണം നിങ്ങളുടെ കണ്ണുകളിൽ സ്വയം ജോലികണ്ടെത്തിയതിന്റെ ഒരു തിളക്കം ഞാൻ കാണുന്നു, എന്റെ മക്കളെപ്പോലെ" ഇതിൽക്കൂടുതൽ അനുഗ്രഹം എന്തുവേണം. അന്ന് ഞാൻ പഠിച്ച ഒരു പാഠമുണ്ട്, നല്ല മനുഷ്യർ എവിടെയുമുണ്ട്, നമ്മളാണ് അവരെ കണ്ടെത്തേണ്ടത്. ഞങ്ങൾ രണ്ടു സഹോദരങ്ങൾ; ഈ വണ്ടി പകൽ ഞാൻ ഓടിക്കും, രാത്രി സഹോദരനും. എഴുന്നൂറിലധികം ഐടി കമ്പനികളും, മറ്റ് ഉൽപാദന കമ്പനികളും ഉള്ള ഈ നഗരത്തിന് എപ്പോഴും ഓടിക്കൊണ്ടേയിരിക്കണം. ജോലിയെടുക്കാൻ മനസ്സുണ്ടെങ്കിൽ അവസരങ്ങൾ അനവധിയാണ് ഇവിടെ."

"ഭാഗ്യവാന്മാർ; എന്റെ നാട്ടിൽ, ചെറുപ്പക്കാരെല്ലാം ഓടി രക്ഷപ്പെടുകയാണ്, മറ്റു രാജ്യങ്ങളിലേക്ക്. നല്ല വരുമാനമുള്ള ജോലികൾ തേടി, നല്ല ജീവിത സാഹചര്യങ്ങൾ തേടി, സമാധാനവും, സ്വസ്ഥതയും തേടി. കാരണക്കാർ ഞങ്ങൾ തന്നെയാണ്. കുറ്റം പറയാൻ മറ്റൊരു വ്യക്തിയെത്തേടി പോകേണ്ടതില്ല. റോഡിൽ നല്ല തിരക്കുണ്ട്, തടസ്സങ്ങളും. നമ്മൾ ഇനിയും വൈകുമെന്ന് തോന്നുന്നു. സാരമില്ല, ചില യാത്രകൾ യാതനകളാണ്, ചിലപ്പോൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന വലിയ ഒരു മോഹം സാക്ഷാത്കരിക്കാൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരും. ഒരുപക്ഷെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആ മോഹം, അതിലധികം വേദനയാകും മനസ്സിൽ ഓരോ നിമിഷവും സൃഷ്ടിക്കുക." "താങ്കൾ ഒരു അധ്യാപകനാണോ?" "ഞാൻ എന്നെ മാത്രമേ പഠിപ്പിക്കാറുള്ളൂ. എന്റെ മാത്രം തോൽവികളാണ് ഞാൻ എന്നും വിശകലനം ചെയ്യുന്നത്. ജീവിതത്തിൽ കടന്നുപോയ കാലങ്ങളെ നമുക്ക് മാറ്റിമറിക്കാൻ ആകില്ല. എങ്കിലും എടുത്ത തീരുമാനങ്ങളിലെ തെറ്റുകൾ, പിടിവാശികൾ, നിസ്സഹായതകൾ, അലസത, നിർവികാരനിമിഷങ്ങൾ, അതിന്റെ ആകെത്തുകയാണ് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യരും." 

"ഇങ്ങനെയാണല്ലേ നിങ്ങൾ ആഴത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നത്." അയാൾ ചിരിച്ചു. എല്ലാ മനുഷ്യരുമായി നമുക്ക് നമ്മെ ഇണക്കിച്ചേർക്കാൻ ആകില്ല, ചിലതേ ചേരൂ. ചിലത് എത്ര ശ്രമിച്ചാലും, തോറ്റുകൊടുത്താലും ചേരില്ല. ചിലർ ആൾക്കൂട്ടങ്ങളിലെ നിഴൽരൂപങ്ങൾ ആണെന്ന് നേരത്തേത്തന്നെ തിരിച്ചറിയും. അറിവും തിരിച്ചറിവും രണ്ടാണ്. സത്യത്തിൽ നിങ്ങൾ എന്നെ നിങ്ങളുടെ ആരാധകൻ ആക്കുകയാണ്. "ആശയങ്ങളെയാണ് ആരാധിക്കേണ്ടത്, മനുഷ്യരെയല്ല." "നമ്മൾ സ്ഥലത്തെത്തി, ഇനി ഇറങ്ങി നടക്കണം, ഞാൻ കുറച്ചു മാറി വണ്ടി പാർക്ക് ചെയ്യാം, നിങ്ങളുടെ കാര്യങ്ങൾ കഴിയുമ്പോൾ വിളിക്കൂ, ഞാൻ വരാം." അയാൾ ഇറങ്ങി നിന്നു, മുന്നിൽ ദീപപ്രഭയിൽ ചാർമിനാർ. നിങ്ങളെന്താ വരാൻ വൈകിയത്, ഒരശരീരിപോലെ ആരോ ചോദിക്കുന്നു. അയാൾ കണ്ണുകൾ അടച്ചു ആ ശബ്ദത്തിന്റെ ഉടമയെ ഓർത്തെടുക്കാൻ ശ്രമിച്ചു. മുന്നിൽ തെളിഞ്ഞു നിന്ന് ചിരിക്കുന്നു. വരാമെന്ന് പറഞ്ഞു ഈ ജീവിതകാലം മുഴുവൻ നീ എന്നെ വഞ്ചിക്കുകയായിരുന്നു. 

ഇപ്പോഴെങ്കിലും നീ വന്നല്ലോ, കണ്ണുകൾ തുറന്നുകാണൂ, ഇതിനെകുറിച്ചാണല്ലോ ഞാനെപ്പോഴും നിന്നോട് സംസാരിക്കാറ്. അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിക്കേണ്ട, മുഴുവൻ വഴിവാണിഭക്കാർ ആണ്. അവർ എന്തെങ്കിലും വാങ്ങാൻ പല ചെപ്പടിവിദ്യകളും കാണിക്കും. നീ ഞാൻ പറയുന്നത് മാത്രം കേൾക്കുക. അത്തർ വിൽക്കുന്നവരുടെ തള്ളുവണ്ടികളുടെ അടുത്ത് അൽപസമയം നമുക്ക് നിൽക്കാം. എന്റെയടുത്ത് നിൽക്കുമ്പോൾ നീ വലിച്ചെടുത്തിരുന്ന ഗന്ധത്തിൽ, എന്റെ ഗന്ധത്തിനൊപ്പം, ഈ നിരന്നിരിക്കുന്ന കുപ്പികളിലെ പരിമളങ്ങളും ഒന്നിച്ചു ചേർന്നിരുന്നു. അത്തറുകളുടെ ഒരു വലിയ ശേഖരം തന്നെ എനിക്കുണ്ടായിരുന്നു. "നടന്നുപോകുന്ന വഴികളിൽ പ്രണയഗന്ധങ്ങൾ വിതറുന്നവളെ" എന്ന് അന്ന് നീ കളിയാക്കിപ്പാടുമായിരുന്നു. ആഭരണങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ആ വലിയ നീളം കൂടിയ കമ്മൽ എനിക്ക് ചേരുമോ? ഞാൻ ചെവിയിൽ തൂക്കിയിടാം, ചന്തമുണ്ടോ എന്ന് നീ  പറയണം. സത്യത്തിൽ കണ്ണുകൾ കൊതിപ്പിക്കുന്ന ഈ കമ്മലുകൾ സ്വന്തമാക്കാൻ, ഈ വണ്ടിതന്നെ മുഴുവനായി വാങ്ങിയാലോ എന്നാണ് എന്റെ ചിന്ത. അതുപറഞ്ഞു അവരുടെ പൊട്ടിച്ചിരികൾ അവിടെയാകെ നിറഞ്ഞു.

വളകൾ, നിന്റെ കണ്ണുകളെയും കാതുകളെയും ഇമ്പം കൊള്ളിച്ചിരുന്ന വളകൾ, അവയുടെ വർണ്ണ വൈവിധ്യങ്ങൾ, ഇതിൽ നിന്ന് ഏത് ചന്തമാണ്‌ എന്റെ കൈകളിൽ  ഇപ്പോൾ നീ ആഗ്രഹിക്കുന്നത്. നിനക്ക് കരിമ്പിൻ ജ്യൂസ് വേണമോ അതോ ചെറിയ കരിമ്പിൻ തണ്ടുകൾ കടിച്ചു വലിക്കണോ? ഐസ് ചേർക്കാതെ രണ്ട് ജ്യൂസ് പറയാം. നിനക്ക് ദാഹമുണ്ടാകും അല്ലെ, രണ്ടും നീ കുടിച്ചോളൂ. ഇതാണ് ഇവിടത്തെ പ്രശസ്തമായ ഫ്രൂട്ട് സാലഡും ഷേക്കും മറ്റു വിഭവങ്ങളും കിട്ടുന്ന കട. നല്ല  തിരക്കാണ്, നമുക്ക് പുറത്ത് നിന്ന് കഴിക്കാം, അപ്പോൾ നിനക്ക് ചാർമിനാറും കാണാം. കഴിക്കാൻ എന്താണ് വാങ്ങേണ്ടത്? എഴുപത്തിയഞ്ച് രൂപയ്ക്കു കിട്ടുന്ന ചിക്കൻ ബിരിയാണിയുണ്ട്. വളരെ സ്വാദിഷ്ടമാണ്. രണ്ടെണ്ണം പാർസൽ വാങ്ങാം. നീ പറഞ്ഞിരുന്നല്ലോ, ഇവിടത്തെ ഇടവഴികളായ ഗല്ലികളിലൂടെ നടക്കണമെന്ന്, വരൂ പോകാം. ചിലപ്പോൾ ഏതെങ്കിലും വീട്ടിൽ നിന്ന് എന്റെ പ്രിയപ്പെട്ട ഗാനം നീ കേട്ടേക്കാം. അഭി ന ജാവോ ചോഡ്കർ, കെ ദിൽ അഭി ഭരാ നഹി. (ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകരുത്, കാരണം എന്റെ ഹൃദയം നിറഞ്ഞില്ല)

വഴിതെറ്റിയെന്ന് ഏതോ നിമിഷത്തിൽ അയാൾ തിരിച്ചറിഞ്ഞു. തിരിച്ചു നടന്ന് ടാക്സി ഇറങ്ങിയ സ്ഥലത്തെത്തി. കാറിൽ കയറുമ്പോൾ വണ്ടിക്കാരൻ ചോദിച്ചു "കാണാൻ വന്നയാളെ കണ്ടോ?" ഉത്തരമായി അയാൾ ഒന്ന് ചിരിച്ചു. കാറിന്റെ പുറകിലെ കാഴ്ചകാണുന്ന കണ്ണാടിയിൽ ചാർമിനാർ ദീപപ്രഭയിൽ കത്തി നിൽക്കുന്നു. അപ്പോൾ അയാളുടെ ഉള്ളിലേക്ക് ആ ഗാനം വീണ്ടും ഒഴുകിവന്നു. അഭി ന ജാവോ ചോഡ്കർ, കെ ദിൽ അഭി ഭരാ നഹി....

English Summary:

Malayalam Short Story ' Charminar ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com