ദീപാവലിത്തിളക്കം നീണ്ടു നിൽക്കുമോ? ആശ്വാസവും ആശങ്കയും നിറയുന്ന ഇന്ത്യൻ ഓഹരി വിപണി
Mail This Article
മുൻ ആഴ്ചകളിലെ കടുത്ത തിരുത്തലിന് ശേഷം ആഴ്ചയുടെ തുടക്കത്തിൽ രണ്ട് പോസിറ്റീവ് ക്ളോസിങ് കണ്ട ഇന്ത്യൻ വിപണി ബാങ്കുകളുടെയും ഐടി സെക്ടറിന്റെയും വീഴ്ചയിൽ വീണ്ടും വീണു. എങ്കിലും രണ്ട് തിരുത്തൽ ദിനങ്ങൾക്ക് ശേഷം ഇന്ത്യൻ വിപണി ദീപാവലി ദിനത്തിൽ മികച്ച ക്ളോസിങ് നടത്തി. മുഹൂർത്ത വ്യാപാരത്തിൽ വിദേശ ഫണ്ടുകൾക്കൊപ്പം ആഭ്യന്തര ഫണ്ടുകളും വില്പനക്കാരായെങ്കിലും റീറ്റെയ്ൽ നിക്ഷേപകരുടെ പിൻബലത്തിൽ വിപണി ദീപാവലി ദിനത്തിൽ സമ്പൂർണ മുന്നേറ്റമാണ് നടത്തിയത്.
മുൻ വെള്ളിയാഴ്ച തകർച്ചയോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ദീപാവലി മുന്നേറ്റത്തോടെ 24304 പോയിന്റിലാണ് ക്ളോസ് ചെയ്തത്. പൊതുമേഖലാ ബാങ്കുകൾ 5.4% മുന്നേറിയപ്പോൾ റിയൽറ്റി സെക്ടർ 2.4%വും എഫ്എംസിജി, മെറ്റൽ സെക്ടറുകൾ ഓരോ ശതമാനത്തിൽ കൂടുതലും മുന്നേറി വിപണിക്ക് പിന്തുണ നൽകി.
നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക കഴിഞ്ഞ ആഴ്ചയിൽ 3%ൽ കൂടുതൽ മുന്നേറ്റം നേടിയത് റീറ്റെയ്ൽ നിക്ഷേപകരുടെ ആസ്തിയിൽ വർദ്ധനവുണ്ടാക്കി. എങ്കിലും ഐടി സെക്ടർ 4%ൽ കൂടുതലും, ഓട്ടോ സെക്ടർ 2%ൽ കൂടുതലും വീണതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് വിഘാതമായത്.
പിൻവലിച്ചത് 1.14 ലക്ഷം കോടി
ഒക്ടോബറിൽ വിദേശ ഫണ്ടുകൾ ഒരു ലക്ഷം കോടി രൂപയിൽപരം അധികവില്പന നടത്തിയത് തന്നെയാണ് ഇന്ത്യൻ വിപണിയുടെ സ്വാഭാവിക മുന്നേറ്റം തടസപ്പെടുത്തിയത്. കഴിഞ്ഞ മാസം വിദേശ ഫണ്ടുകൾ 114445 കോടി രൂപയുടെ വില്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 107254 കോടി രൂപയുടെ വാങ്ങൽ നടത്തിയതാണ് ഇന്ത്യൻ വിപണിയെ കൂടുതൽ വീഴ്ചയിൽ നിന്നും രക്ഷിച്ചത്.
വാഹന വില്പന
വിപണി ഭയന്നത് പോലെ തന്നെ ദീപാവലി വില്പനയിൽ അതിശയകരമായ മുന്നേറ്റം നേടാൻ ഇന്ത്യൻ കാർ കമ്പനികൾക്ക് കഴിഞ്ഞില്ല. മാരുതി മുൻവർഷത്തിൽ നിന്നും കുറവ് നേരിട്ടപ്പോൾ ഹ്യുണ്ടായി രണ്ടാം സ്ഥാനത്തും, മഹിന്ദ്ര മൂന്നാം സഥാനത്തേക്കും കുതിച്ചു. ടാറ്റ മോട്ടോഴ്‌സ് മുൻ വർഷത്തെ അതേ വില്പന സംഖ്യയുമായി വീണ്ടും നാലാം സ്ഥാനത്തേക്കും പോയി.
റോയൽ എൻഫീൽഡ് ഒക്ടോബറിൽ ഒരു ലക്ഷത്തിൽ കൂടുതൽ ബൈക്കുകൾ വിറ്റതും, ഓല ഇലക്ട്രിക്ക് 50000 ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിറ്റതും ഇന്ത്യൻ ബൈക്ക് വിപണിക്കും പുതിയ പ്രതീക്ഷയാണ്.
അമേരിക്ക തിരഞ്ഞെടുപ്പിലേക്ക്
നവംബർ അഞ്ചിന് അമേരിക്കൻ ജനത അടുത്ത പ്രസിഡന്റിനായി വോട്ട് രേഖപ്പെടുത്താനിരിക്കുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ വന്ന് തുടങ്ങുന്നതും പ്രസിഡന്റിനായി രണ്ട് മാസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്നതും അമേരിക്കൻ വിപണിക്കും ലോക വിപണിക്ക് തന്നെയും നിർണായകമാണ്. ട്രംപ് വരുമോ അതോ ഡെമോക്രാറ്റുകളുടെ ഭരണം തുടരുമോ എന്നത് ലോകക്രമത്തിന് തന്നെയും അതിപ്രധാനമാണെന്ന് കരുതപ്പെടുന്നു.
ഡിസംബർ 11ന് ഓരോ സ്റ്റേറ്റിലേയും ഇലക്ടറൽ വോട്ടുകളും രേഖപ്പെടുത്തപ്പെടും. ജനുവരി ആറിനാണ് ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണപ്പെടുക. ജനുവരി 20ന് പുതിയ അമേരിക്കൻ പ്രസിഡന്റ് അധികാരമേൽക്കും.
ഫെഡ് യോഗം അടുത്ത ആഴ്ച
അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത നയാവലോകന യോഗം വ്യാഴാഴ്ച പുതിയ നയങ്ങളും, നിരക്ക് മാറ്റങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്ക് തന്നെ പ്രധാനമാണ്. കഴിഞ്ഞ യോഗത്തിൽ ഫെഡ് നിരക്ക് 5%ലേക്ക് കുറച്ചു തുടങ്ങിയ ഫെഡ് റിസർവ് 2024ൽ ഒരു തവണ കൂടി നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ (പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ പ്രൈസ് ഇൻഡക്സ്) സെപ്റ്റംബറിൽ വിപണി അനുമാനമായ 2.1%ലേക്ക് കുറഞ്ഞത് ഇത്തവണയും ഫെഡ് നിരക്ക് കുറക്കലിന് സാധ്യതയേറ്റുന്നു.
ലോക വിപണിയിൽ അടുത്ത ആഴ്ച
∙അമേരിക്കൻ ഫെഡ് റിസർവിന്റെ നയാവലോകന സമിതി വ്യാഴാഴ്ചയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ 5%ലേക്ക് കുറച്ച ഫെഡ് നിരക്ക് 4.75%ലേക്ക് കുറക്കുമെന്നാണ് വിപണിയുടെ പൊതു അനുമാനം.
∙അമേരിക്കയുടെയും, യൂറോപ്യൻ രാഷ്ട്രങ്ങളുടെയും സർവീസ്, നോൺ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ ചൊവ്വാഴ്ചയും, അമേരിക്കയുടെ ജോബ് ഡേറ്റ വ്യാഴാഴ്ചയും പുറത്ത് വരുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും വ്യാഴാഴ്ച തന്നെയാണ് പുതിയ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് കേന്ദ്ര ബാങ്ക് 5%ൽ നിന്നും 4.75%ലേക്ക് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ് നിഗമനം.
ചൈനീസ് കയറ്റുമതി-ഇറക്കുമതി കണക്കുകൾ ബുധനാഴ്ചയും, പണപ്പെരുപ്പക്കണക്കുകൾ ശനിയാഴ്ചയും വരുന്നു.
ഓഹരികളും സെക്ടറുകളും
∙ഭെൽ, കാനറാ ബാങ്ക്, ഹഡ്കോ, എൽ&ടി, ഫെഡറൽ ബാങ്ക്, ദീപക് ഫെർട്ടിലൈസർ, എച്ച്സിസി, മോത്തിലാൽ ഒസ്വാൾ, ജെഎസ്ഡബ്ള്യു ഇൻഫ്രാ, ജെബിഎം ഓട്ടോ, വെബൽ സോളാർ, ടൈഗർ ലോജിസ്റ്റിക്സ് മുതലായ കമ്പനികൾ മികച്ച റിസൾട്ടുകളാണ് കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിച്ചത്.
∙കൂടുതൽ പൊതുമേഖല കമ്പനികളും, ടാറ്റ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.
∙റിലയൻസും എച്ച്ഡിഎഫ്സി ബാങ്കും ദീപാവലി നിക്ഷേപത്തിനായി കൂടുതൽ നിർദ്ദേശിക്കപ്പെട്ടത് ഇരു ഓഹരികൾക്കുമൊപ്പം ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.
∙എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓയും, നിക്ഷേപ-വായ്പ അനുപാതം ക്രമപ്പെടുത്താനായി കൂടുതൽ ബ്രാഞ്ചുകൾ തുറക്കുന്നതും എച്ച്ഡിഎഫ്സി ബാങ്കിന് ദീർഘ കാലാടിസ്ഥാനത്തിൽ അനുകൂലമാണ്.
∙എൽ&ടി മുൻവർഷത്തിൽ നിന്നും മികച്ച മുന്നേറ്റത്തോടെ 61555 കോടി കുറിച്ചതിന്റെ പിൻബലത്തിൽ 4000 കോടിയിൽ കൂടുതൽ അറ്റാദായം നേടിയത് ഓഹരിക്ക് അനുകൂലമാണ്.
∙സിഎൽഎസ്എയും, നോമുറയും എൽ&ടിക്ക് 4000 രൂപയിൽ കൂടുതലാണ് ലക്ഷ്യ വിലയിട്ടത്.
∙മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ സിപ്ലക്ക് സിറ്റി 1839 രൂപയാണ് ലക്‌ഷ്യം കാണുന്നത്.
∙ഒക്ടോബറിൽ മഹിന്ദ്ര & മഹിന്ദ്ര 54000ൽ കൂടുതൽ എസ് യു വികൾ വില്പന നടത്തിയതോടെ മുൻ വർഷത്തിൽ നിന്നും 25% വർദ്ധനവോടെ മൊത്തം 96648 വാഹനങ്ങളുടെ വില്പനയും നടത്തിയത് ഓഹരിക്ക് മുഹൂർത്ത വ്യാപാരത്തിൽ മുന്നേറ്റം നൽകി.
∙കൂടാതെ മഹിന്ദ്ര മുൻ വർഷത്തിൽ നിന്നും 30% വർദ്ധനവോടെ 64326 ട്രാക്റ്ററുകളും കഴിഞ്ഞ മാസത്തിൽ വില്പന നടത്തി.
∙ഹ്യുണ്ടായ് മോട്ടോഴ്‌സ് മഹീന്ദ്രയുമായുള്ള ശക്തമായ മത്സരത്തിനൊടുവിൽ ഒക്ടോബറിൽ നേരിയ വർദ്ധനവോടെ 55568 കാറുകൾ വിറ്റതിൽ 14510 എണ്ണം കയറ്റുമതിയും നടത്തി.
∙ഒക്ടോബറിൽ ഒരു ലക്ഷം ബൈക്ക് എന്ന വില്പന റെക്കോർഡ് മറികടന്ന് 1,10,574 റോയൽ എൻഫീൽഡ് ബൈക്കുകൾ വിറ്റത് ഐഷറിന് മുന്നേറ്റം നൽകി. കൂടാതെ 26% വർദ്ധനവോടെ 8,688 ബുള്ളറ്റുകൾ ഐഷർ ഒക്ടോബറിൽ കയറ്റുമതിയും നടത്തി.
∙ഒക്ടോബറിൽ 74% വർദ്ധനവോടെ 50000 ഇലക്ട്രിക് സ്കൂട്ടറുകൾ വില്പന നടത്തിയ ഓല ഇലക്ട്രിക്ക് 41605 സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷനും നടത്തിക്കഴിഞ്ഞത് ഓഹരിക്ക് മുഹൂർത്ത വ്യാപാര വേളയിൽ മുന്നേറ്റം നൽകി.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ഐആർസിടിസി, ഐആർഎഫ്സി, ബാറ്റ, റെയ്മണ്ട്, എബിബി, അമര രാജ, എക്സൈഡ്, ഗ്ലാൻഡ്, കെഇസി ഇന്റർനാൻഷനൽ, ജെകെ പേപ്പർ, ആന്ധ്ര പേപ്പർ, ചമൻലാൽ സെത്തിയ, തിലക് നഗർ ഇൻഡസ്ട്രീസ്, സ്പാർക് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
എൽഐസി, എസ്ബിഐ, ഗെയിൽ, പവർ ഗ്രിഡ്, മാസഗോൺ ഡോക്സ്, ഓയിൽ ഇന്ത്യ, എസ്ജെവിഎൻ, എൻഎച്ച്പിസി, ആർവിഎൻഎൽ, റൈറ്റ്സ്, ഇർകോൺ, എൻസിസി, മുതലായ പൊതു മേഖല കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നു.
ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ, ട്രെന്റ്, ഇന്ത്യൻ ഹോട്ടൽസ്, മഹിന്ദ്ര & മഹിന്ദ്ര, അശോക് ലൈലാൻഡ്, ഡോക്ടർ റെഡ്ഡീസ്, ലുപിൻ, അപ്പോളോ ഹോസ്പിറ്റൽ, ഫോർട്ടിസ് ഹെൽത്ത്, ബ്ലൂസ്റ്റാർ, ഏഷ്യൻ പെയിന്റ്സ്, കമ്മിൻസ്, എംആർഎഫ്, ജെകെ ടയർ, മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം, ചമ്പൽ ഫെർട്ടിലൈസർ, വിഎടെക്ക് വബാഗ്, മാപ് മൈ ഇന്ത്യ, ലാറ്റെന്റ് വ്യൂ, പുറവങ്കര സ്റ്റാർ സിമന്റ് മുതലായ കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
സ്വിഗ്ഗിയുടെ ഐപിഓ ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ഫുഡ് ഡെലിവറി കമ്പനി 371-390 രൂപ നിരക്കിൽ 11327 കോടി രൂപയാണ് പൊതു വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
ഹെൽത് കെയർ സൊല്യൂഷൻ കമ്പനിയായ സാജിലിറ്റി ഇന്ത്യയുടെ ചൊവ്വാഴ്ച ആരംഭിക്കുന്ന ഐപിഓ വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്.
ആക്മേ സോളാർ ഹോൾഡിങ്‌സ് ലിമിറ്റഡിന്റെ ബുധനാഴ്ച ആരംഭിക്കുന്ന ഐപിഓ വെള്ളിയാഴ്ചയും അവസാനിക്കുന്നു. ഐപിഓ നിരക്ക് 275-289 രൂപയാണ്.
സ്വർണം
അമേരിക്കൻ തിരഞ്ഞെടുപ്പും, യുദ്ധങ്ങളും ചേർന്ന് നൽകുന്ന വിപണിയിലെ അനിശ്ചിതത്വം സ്വർണത്തിന് മുന്നേറ്റ കാരണമായി. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ അവധിവില ഔൺസിന് 2801 ഡോളർ വരെ മുന്നേറിയെങ്കിലും അമേരിക്കൻ പിസിഇ ഡേറ്റയിലെ വീഴ്ചയെ തുടർന്ന് ലാഭമെടുക്കലിൽ വീണ് വെള്ളിയാഴ്ച 2749 ഡോളറിലാണ് ക്ലോഡ് ചെയ്തത്.
വെള്ളി വിലയുംവീണു. വെള്ളി വില രാജ്യാന്തര വിപണിയിൽ ഔൺസിന് 33 ഡോളറിൽ താഴെയാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ
ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ മുന്നേറ്റത്തിന്റെയും, യുദ്ധം മുറുകുന്നതിന്റെയും പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നേടി. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ 73 ഡോളറിലാണ് ക്ളോസ് ചെയ്തത്.
ഡിസംബർ മുതൽ നിയന്ത്രണത്തിൽ ഒപെക് ഇളവ് വരുത്താനിരിക്കുന്നത് ക്രൂഡ് ഓയിലിന്റെ ആവശ്യകതയിൽ പ്രകടമായ വർദ്ധനവുണ്ടാകാത്ത സാഹചര്യത്തിൽ നീട്ടിയേക്കുമെന്ന സൂചന ക്രൂഡ് ഓയിലിന് അനുകൂലമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക