ആന്‍ഡ്രോയിഡില്‍ മോഡഡ് വാട്സാപ് വഴി വൈറസ് ആക്രമണം; കോടിയിലേറെ ഉപകരണങ്ങളെ ബാധിച്ചു
Mail This Article
ആന്‍ഡ്രോയിഡ് ഫോണുകളില്‍ മോഡഡ് വാട്‌സാപ്പ്, സ്‌പോട്ടിഫൈ, മൈന്‍ക്രാഫ്റ്റ് തുടങ്ങിയ ആപ്പുകള്‍ വഴി അതിവേഗം പകരുകയാണ് നെക്രോ (Necro) എന്ന പേരില്‍ അറിയപ്പെടുന്ന ട്രോജന്‍ എന്ന് പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാവ് കാസ്‌പെര്‍സ്‌കി. ഇതുവരെ ഏകദേശം 1.1 കോടി ഉപകരണങ്ങളില്‍ നെക്രോയുടെ പുതിയ വേര്‍ഷന്‍ കയറിപ്പറ്റിയിട്ടുണ്ടാകാമെന്നാണ് ഗൂഗിള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. എന്നാല്‍, എസ്ഡികെ സപ്ലൈ ചെയിന്‍ ആക്രമണങ്ങള്‍, ആപ്പുകളുടെ മോഡഡ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരാണ് പ്രധാനമായും പേടിക്കേണ്ടത്. അതേസമയം, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്ന ചില ആപ്പുകളിലും ട്രോജന്‍ കണ്ടെന്നുള്ളതും ഗൗരവമുള്ള കാര്യമാണ്.
പ്ലേ സ്റ്റോറില്‍ വുടാ ക്യാമറ (Wuta CAmera), മാക്‌സ് ബ്രൗസര്‍ എന്നിവയിലാണ് നെക്രോയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വുടാ ക്യാമറയില്‍ നിന്ന് മാല്‍വെയറിനെ ഇതിനോടകം നീക്കംചെയ്തു കഴിഞ്ഞു എങ്കിലും, മാക്‌സ് ബ്രൗസറില്‍ കാസ്പര്‍സ്‌കിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സമയത്തും പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പറയുന്നു.
ശരിയായ വിളയാട്ടം മോഡഡ് ആപ്പുകളില്‍
എന്നാല്‍, പ്ലേ സ്റ്റോറിനു വെളിയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളിലാണ് നെക്രോ തകര്‍ത്താടുന്നത്. സ്‌പോട്ടിഫൈ പ്ലസ് എന്ന് അറിയപ്പെടുന്ന ആപ്പ്, ജിബിവാട്‌സാപ്പ് (GBWhatsApp), എഫ്ബിവാട്‌സാപ്പ് തുടങ്ങിയ ആപ്പുകളിലും, മൈന്‍ക്രാഫ്റ്റ്, സ്റ്റംബ്ള്‍ ഗയ്‌സ്, കാര്‍പാര്‍ക്കിങ് മള്‍ട്ടിപ്ലെയര്‍, മെലണ്‍ സാന്‍ഡ്‌ബോക്‌സ് തുടങ്ങിയ ഗെയിമുകളില്‍ പതിയിരുന്നും ഫോണിലെത്തുന്നു. അതേസമയം, ഗൂഗിള്‍ സമ്മതിച്ചതിനേക്കാള്‍ അധികം ദശലക്ഷക്കണക്കിന് ഫോണുകളിലേക്കും നെക്രോ എത്തിയിട്ടുണ്ടാകാം എന്ന് ഗവേഷകര്‍ പറയുന്നു.
ഫോണില്‍ കടന്നുകൂടിക്കഴിഞ്ഞാല്‍ നെക്രോ നിരവധി ദോഷകരമായ പ്ലഗ്ഇനുകള്‍ ആക്ടിവേറ്റ് ചെയ്യും. നിരവധി പേലോഡുകള്‍ ഇന്‍സ്റ്റോളും ചെയ്യും എന്ന് ഗവേഷകര്‍ പറയുന്നു. ഇതുവഴി അദൃശ്യമായ വിന്‍ഡോസില്‍ അഡ്‌വെയര്‍ (adware) പ്രവര്‍ത്തിപ്പിക്കും. പലതരം സ്‌ക്രിപ്റ്റുകള്‍ റണ്‍ ചെയ്യും. പല സബ്‌സ്‌ക്രിപ്ഷനുകളും ഫോണ്‍ ഉടമയുടെ സമ്മതമില്ലാതെ ആക്ടവേറ്റ് ചെയ്യും. ഇന്റര്‍നെറ്റ് ട്രാഫിക് വഴിതിരിച്ചുവിടും. വുടാ ക്യാമറയും, മാക്‌സ് ബ്രൗസറും വഴി കാണിച്ച പരസ്യം വഴി ആക്രമണകാരികള്‍ പണമുണ്ടാക്കി എന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്താണ് മോഡഡ് ആപ്‌സ്?
മോഡഡ് ആപ്‌സ് അല്ലെങ്കില്‍ മോഡഡ് എപികെസ് (APKs ആന്‍ഡ്രോയിഡ് പാക്കേജ് കിറ്റ്) എന്നു വിളിക്കുന്നത്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ലഭിക്കുന്ന ആപ്പുകളുടെ മോഡിഫൈഡ് അഥവാ മാറ്റം വരുത്തിയ ആപ്പുകളെയാണ്. യഥാര്‍ത്ഥ കോഡുകള്‍ക്ക് മാറ്റം വരുത്തി ഇവ പ്രവര്‍ത്തിപ്പിക്കുന്നു. ഔദ്യോഗിക വേര്‍ഷനുകളില്‍ കിട്ടുന്നതിനേക്കാളേറെ ഫീച്ചറുകള്‍ ഉണ്ടാകും എന്ന കാരണത്താലാണ് പലരും ഇത്തരം ആപ്പുകളില്‍ ആകൃഷ്ടരാകുന്നത്.
ഔദ്യോഗിക വേര്‍ഷനുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പല പരിമിതികളും എടുത്തുകളഞ്ഞിട്ടുമുണ്ടാകാം. ഉദാഹരണത്തിന് വാട്‌സാപ്പില്‍ ഇപ്പോള്‍ ഒരു മെസേജ് 5 പേര്‍ക്കല്ലെ അയയ്ക്കാന്‍ സാധിക്കൂ. ഈ പരിമിതി ഇല്ലാത്ത മോഡഡ് ആപ്പുകള്‍ കിട്ടും. അതിനു പുറമെ, മാസവരി അടയ്‌ക്കേണ്ട ചില ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും.
നെക്രോയ്‌ക്കെതിരെ എങ്ങനെ സുരക്ഷതമായിരിക്കാം?
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പുകളെ ഉപയോഗിക്കൂ എന്നു തീരുമാനിച്ചാല്‍ തന്നെ വലിയൊരു പ്രതിരോധമായി. പിന്നെ, പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പുകളുടെ റിവ്യു അവ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുമ്പ് വായിച്ചു നോക്കുന്നതും നന്നായിരിക്കും. ആന്റി വൈറസ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നന്നായിരിക്കും.
ഓപ്പണ്‍എഐയില്‍ നിക്ഷേപം ഇറക്കാതെ ആപ്പിള്‍
നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിള്‍ നിക്ഷേപം ഇറക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടന്ന ആദ്യവട്ടം ചര്‍ച്ചയ്ക്കു ശേഷം ആപ്പിള്‍ നിക്ഷേപം നടത്തുന്നില്ലെന്ന് അറിയിച്ചു എന്ന് ദി വോള്‍ സ്ട്രീറ്റ് ജേണല്‍.
ഐഫോണില്‍ ചാറ്റ്ജിപിറ്റി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇരു കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായേക്കുമെന്നും വാദമുണ്ടായിരുന്നു. നിക്ഷേപം ആകര്‍ഷിച്ച് ഏകദേശം 6.5 ബില്ല്യന്‍ ഡോളര്‍ സ്വരൂപിക്കാനായാണ് ഓപ്പണ്‍എഐ ഉദ്ദേശിക്കുന്നത്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയകമ്പനികള്‍ ഓപ്പണ്‍എഐയില്‍ നിക്ഷേപം ഇറക്കിയേക്കും. മൈക്രോസോഫ്റ്റ് ഏകദേശം 1 ബില്ല്യന്‍ ഡോളര്‍ നിക്ഷേപിച്ചേക്കുമെന്നാണ് സൂചന. ത്രൈവ് ക്യാപ്പിറ്റല്‍ കമ്പനിയും 1 ബില്ല്യന്‍ ഡോളര്‍ ഇറക്കിയേക്കും.
2025ല്‍ 11.6 ബില്ല്യന്‍ ഡോളര്‍ വരുമാനം കിട്ടിയേക്കുമെന്ന് ഓപ്പണ്‍എഐ
ലോകത്തെ ഇപ്പോഴത്തെ ഏറ്റവും പ്രാധാന്യമുള്ള എഐ കമ്പനികളിലൊന്നായ ഓപ്പണ്‍എഐ 2025ല്‍ 11.6 ബില്ല്യന്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം കമ്പനിക്ക് ലഭിക്കുന്നത് 3.7 ബില്ല്യന്‍ ഡോളര്‍ ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, 2024ല്‍ ഏകദേശം 5 ബില്ല്യന്‍ ഡോളര്‍ നഷ്ടവും പ്രതീക്ഷിക്കുന്നു എന്ന് റോയിട്ടേഴ്‌സ്.
ഓപ്പണ്‍എഐക്ക് തിരിച്ചടി; മീരാ മുരാറ്റി രാജിവച്ചു
ഓപ്പണ്‍എഐ ചീഫ് ടെക്‌നോളജി ഓഫിസര്‍ മീരാ മുരാറ്റി രാജിവച്ചു. ചാറ്റ്ജിപിറ്റി പുറത്തിറക്കുന്നതില്‍ വലിയ പങ്കുവഹിച്ച ആളാണ് ഈ ഇന്ത്യന്‍ വംശജ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനി മേധാവി സ്ഥാനത്തു നിന്ന് സാം ഓള്‍ട്ട്മാനെ നീക്കംചെയ്ത ഓപ്പണ്‍എഐ ബോര്‍ഡിനെതിരെയുള്ള നീക്കത്തിലും മീര സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
എഐ വികസിപ്പിക്കലിന് 3.3 ബില്ല്യന്‍ ഗൂഗിള്‍ നിക്ഷേപിച്ചേക്കം
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി 3.3 ബില്ല്യന്‍ ഡോളര്‍ നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് റോയിട്ടേഴ്‌സ്. സൗത് കാലിഫോര്‍ണിയയില്‍ രണ്ട് പുതിയ ഡേറ്റാ സെന്ററുകള്‍ അടക്കമായിരിക്കും ഇത് എന്നാണ് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോര്‍ചെസ്റ്റര്‍ കൗണ്ടിയില്‍ രണ്ട് ഡേറ്റാ സെന്റര്‍ ക്യാമ്പസുകളും സ്ഥാപിച്ചേക്കും.
ഐഓഎസ് 18.1 അടുത്ത മാസം
ഐഫോണ്‍, മാക് ഉപയോക്താക്കള്‍ വളരെ കാലമായി കാത്തിരിക്കുന്ന എഐ ഫീച്ചറുകള്‍ അടങ്ങുന്ന ഐഓഎസ് 18.1 അടുത്ത മാസം പുറത്തിറക്കിയേക്കും. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരിലായിരിക്കും എഐ ഫീച്ചറുകള്‍ എത്തുക. എന്നാല്‍, ആ അടുത്തതായി കിട്ടുന്നത് ഐഓഎസ് 18.0.1 അപ്‌ഡേറ്റ് ആയിരിക്കുമെന്നും പറയുന്നു.