ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ്. 1954 നവംബർ 8-ന് ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ചു. അദ്ദേഹത്തിന് അഞ്ച് വയസ്സുള്ളപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്കു മാറി. തുടർന്നുള്ള ജീവിതം മുഴുവനും അവിടെത്തന്നെയായിരുന്നു. കെന്റ് യൂണിവേഴ്‌സിറ്റിയിൽനിന്നും ഇംഗ്ലിഷ് സാഹിത്യത്തിലും ഫിലോസഫിയിലും ബിരുദം കരസ്ഥമാക്കിയ ഇഷിഗുറോ ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി. സമകാലിക ഇംഗ്ലിഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഇഷിഗുറോയുടെ ദ് റിമെയ്ൻസ് ഒഫ് ദ് ഡേ എന്ന നോവലിന് 1989-ൽ ബുക്കർ പുരസ്‌കാരം ലഭിച്ചു. നെവർ ലെറ്റ് മി ഗോ എന്ന നോവൽ 2005-ലെ മികച്ച നോവലായും 1923-2005 കാലഘട്ടത്തിലെ 100 മികച്ച നോവലുകളിലൊന്നായും ടൈം മാസിക തിരഞ്ഞെടുത്തു. മികച്ച സാഹിത്യസൃഷ്ടികളിലൂടെ ലോകവായനാസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഇഷിഗുറോയെ ത്തേടി 2017-ലെ നൊബേൽ പുസ്‌കാരവുമെത്തി.