ഇത്തവണ താജ്മഹൽ രണ്ടാം സ്ഥാനത്ത്; ഉത്തർപ്രദേശിൽ ഏറ്റവുമധികം സന്ദർശകർ എത്തിയത് ഇവിടേക്ക്...
Mail This Article
ഉത്തർപ്രദേശിലെ ഏറ്റവും ആകർഷകമായതും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നതുമായ സ്ഥലം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - താജ്മഹൽ. എന്നാൽ, ഉത്തർ പ്രദേശിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയ സ്ഥലമായ താജ്മഹലിനെ പിന്തള്ളി 2024 ൽ അയോധ്യയിലെ രാമക്ഷേത്രം ഒന്നാമതെത്തിയെന്നാണ് റിപ്പോട്ടുകൾ.
∙സഞ്ചാരികൾ അയോധ്യയിലേക്ക് ഒഴുകി
കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 135.5 മില്യൺ ആഭ്യന്തര സഞ്ചാരികളാണ് അയോധ്യയിലേക്ക് ഒഴുകിയെത്തിയത്. 3,153 രാജ്യാന്തര സഞ്ചാരികളും അയോധ്യയിലേക്ക് എത്തി. റിലീജിയസ് ടൂറിസത്തിൽ ഏകദേശം 70 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
രാമന്റെ ജന്മസ്ഥലമായാണ് അയോധ്യ അറിയപ്പെടുന്നത്. ക്ഷേത്രം തുറന്നതോടെ ഭക്തരും സഞ്ചാരികളും ഈ നഗരത്തിലേക്ക് ഒഴുകിയെത്തി. ഇന്ത്യയിൽ നിന്നു മാത്രമല്ല വിദേശത്തു നിന്നും ഭക്തർ ഇവിടേക്ക് എത്തി. ജനുവരിയിൽ ക്ഷേത്രത്തിന്റെ വാർഷികാഘോഷമാണ്. ഈ സമയത്ത് ഇവിടേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കു തന്നെ ഉണ്ടായേക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
∙ആഭ്യന്തരസഞ്ചാരികൾക്ക് പ്രിയം അയോധ്യ...
അയോധ്യയിലേക്ക് ആഭ്യന്തര സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ടെങ്കിലും രാജ്യാന്തര തലത്തിലുള്ള താജ്മഹലിന്റെ പ്രൗഢിക്ക് മങ്ങലേറ്റിട്ടില്ല. രാജ്യാന്തര വിനോദസഞ്ചാരികൾ കൂടുതലായും എത്തുന്നത് താജ്മഹൽ കാണാനാണ്. 125.1 മില്യൺ സന്ദർശകരാണ് 2024ൽ താജ്മഹൽ സന്ദർശിക്കാനായി എത്തിയത്. ഇതിൽ തന്നെ 9,24,000 സന്ദർശകർ വിദേശ സഞ്ചാരികളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് താജ്മഹൽ സന്ദർശിക്കാൻ എത്തുന്ന രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ്.
2022 - 23 കാലഘട്ടത്തിൽ 2.68 മില്യൺ രാജ്യാന്തര വിനോദ സഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കാനായി എത്തിയത്. എന്നാൽ, 2023 - 24 സമയത്ത് അമ്പരപ്പിക്കുന്ന തരത്തിലുള്ള വളർച്ചയാണ് ഉണ്ടായത്. ഇക്കാലയളവിൽ താജ്മഹൽ സന്ദർശിക്കാൻ എത്തിയ രാജ്യാന്തര സഞ്ചാരികൾ 27.7 മില്യൺ ആണ്. അതേസമയം, ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ താജ്മഹൽ സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 1,93, 000 കുറവ് ആഭ്യന്തര സഞ്ചാരികളാണ് താജ് മഹൽ സന്ദർശിക്കാൻ ഈ വർഷം എത്തിയത്. എന്തൊക്കെയാണെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന സ്മാരകമായി താജ്മഹൽ തുടരുകയാണ്.
അയോധ്യ മാത്രമല്ല ഉത്തർപ്രദേശിന്റെ സ്പിരിച്വൽ ടൂറിസം മേഖലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് അനേകം സ്ഥലങ്ങളുണ്ട്. വാരണാസി, മഥുര, പ്രയാഗ് രാജ്, മിർസാപുർ എന്നിവിടങ്ങളിലേക്കും നിരവധി ആത്മീയ സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. വാരണാസിയിലേക്ക് 62 മില്യൺ ആഭ്യന്തര സഞ്ചാരികളും 1,84, 000 രാജ്യാന്തര സഞ്ചാരികളുമാണ് എത്തിയത്. മഥുരയിലേക്ക് 68 മില്യൺ ആഭ്യന്തര സഞ്ചാരികളും 87,229 രാജ്യാന്തര സഞ്ചാരികളുമാണ് എത്തിയത്. ഈ വർഷം മഹാകുംഭമേളക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്ന പ്രയാഗ് രാജിലേക്ക് 48 മില്യൺ സഞ്ചാരികളാണ് എത്തിയത്.