അനുജന്മാർ പറയുന്ന അപ്രിയ സത്യങ്ങൾ

Mail This Article
ഹനുമാൻ സാധിച്ചുവന്നതിനെപ്പറ്റി പറഞ്ഞുമതിയാകുന്നില്ല ശ്രീരാമചന്ദ്രന്. ഇനിയും സമുദ്രലംഘനം സാധ്യമാകുമോ എന്നു സന്ദേഹിക്കുകയും ചെയ്യുന്നു അദ്ദേഹം. ആർക്കും തോൽപിക്കാനാകാത്ത സൈന്യമാണു തനിക്കൊപ്പമുള്ളതെന്ന് ആത്മവിശ്വാസം പങ്കിടുകയാണ് സുഗ്രീവൻ. സമുദ്രത്തെ അമ്പുകൊണ്ട് ശോഷിപ്പിക്കുകയോ സേതുവിനെ ബന്ധിക്കുകയോ ചെയ്ത് മറുകരയെത്താൻ മാർഗം കാട്ടണമെന്നാണ് സുഗ്രീവന്റെ അപേക്ഷ. അവിടെ എത്തിക്കഴിഞ്ഞാൽ വിജയം ഉറപ്പ്; രാവണന്റെ അന്ത്യവും. ലങ്കാനഗരത്തിന്റെ ഘടനയും അവിടെ സംഭവിച്ചതൊക്കെയും കൂടുതൽ വിശദമായി ഹനുമാനിൽനിന്നു കേൾക്കുന്നു ശ്രീരാമൻ.
സന്ധ്യയോടെ സമുദ്രതീരമണഞ്ഞ വാനരപ്പടയിലും ആശങ്ക പടരുന്നു. ഈ കടൽ ആർക്കെങ്ങനെ താണ്ടാനാകും? ഇതേസമയം, രാവണസഭയിൽ രാജാവ് ലജ്ജയാൽ തലകുനിഞ്ഞ അവസ്ഥയിലാണ്. ദേവന്മാർക്കോ അസുരന്മാർക്കോ സാധിക്കാൻ പ്രയാസമായത് കേവലം ഒരു വാനരൻ വന്നു സാധിച്ചുമടങ്ങിയിരിക്കുന്നു. ഇനിയെന്താണു വേണ്ടത്? എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കാനാണ് രാവണൻ നിർദേശിക്കുന്നത്. ലോകങ്ങളെല്ലാം ജയിച്ച ഭവാന് ഇന്നു മനസ്സിൽ ആകുലമുണ്ടായതിനു കാരണമെന്തെന്ന് രാവണന്റെ മനസ്സറിയുന്ന രാക്ഷസരുടെ ചോദ്യം; അതും കേവലമനുഷ്യനായ രാമനെയോർത്ത്.
തങ്ങളുടെ ഉപേക്ഷയാലാണ് ഹനുമാൻ ഇത്രയൊക്കെ സാധിച്ചതെന്നും ഇനി അങ്ങനെയുണ്ടാകില്ലെന്നും രാക്ഷസവീരർ രാവണനു മനോവീര്യം പകരുന്നു. യുദ്ധസംബന്ധമായ ചർച്ചകൾ കേട്ടുകൊണ്ടാണ് രാവണസോദരൻ കുംഭകർണൻ സഭയിലേക്കെത്തുന്നത്. രാവണൻ കാട്ടിയതെല്ലാം അപനയം ആണെന്നു തുറന്നുപറയാൻ ആ സഹോദരൻ മടിക്കുന്നില്ല. മനുഷ്യനായ രാമനെയും വാനരപ്പടയെയും ഇല്ലായ്മചെയ്തു വരാൻ അനുമതി തേടുകയാണ് ഈയവസരത്തിൽ രാവണപുത്രൻ ഇന്ദ്രജിത്ത്. ഇതേ സമയത്ത് സഭയിലേക്കെത്തുന്ന സഹോദരൻ വിഭീഷണനെ സ്നേഹവാത്സല്യങ്ങളോടെയാണ് രാവണൻ അരികിലിരുത്തുന്നത്. പക്ഷേ, ഈ ത്രിലോകത്തിൽ രാമനോടു യുദ്ധം ചെയ്യാൻ ആരാണുള്ളതെന്ന അപ്രിയസത്യമാണ് വിഭീഷണനിൽനിന്നു കേൾക്കുന്നത്. ജാനകീദേവിയെ മുക്തയാക്കി ഭക്തിയോടെ ഭഗവാന്റെ പാദസേവ ചെയ്ത് രക്ഷ നേടാനാണ് ആ സഹോദരന് ഉപദേശിക്കാനുള്ളത്.
Content Highlights: Kumbhakarna | Sree Raman | Hanuman | Sreeraman | Ramayana Parayana | Ramayana Masam | Day 25 | Manorama Astrology | Astrology News