നിയമം പാലിച്ച് സുരക്ഷിതമായി വാഹനം ഓടിച്ചവർക്ക് അഭിനന്ദനവും മധുരവും; പരിശോധന ഇങ്ങനെ

Mail This Article
തൊടുപുഴ∙ വാഹന പരിശോധനയ്ക്കിടെ മധുരം നൽകി മോട്ടർ വാഹന വകുപ്പ്. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ വാഹനപരിശോധനയുടെ ഭാഗമായാണ് ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി.എ.നസീറിന്റെ നേതൃത്വത്തിൽ ലൈൻ ട്രാഫിക് ബോധവൽക്കരണവും റോഡ് സുരക്ഷാ പ്രവർത്തനങ്ങളും നടത്തിയത്. ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തി. പൊലീസ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. നിയമം പാലിച്ച് സുരക്ഷിതമായി വാഹനം ഓടിച്ചവർക്ക് അഭിനന്ദനവും മധുരവും നൽകി .
തൊടുപുഴയിൽ എംവിഐ കെ.ബി. അഭിലാഷിന്റെ നേതൃത്വത്തിൽ എഎംവിഐ മാരായ ടി.ജെ.അജയൻ, നിസാർ ഹനീഫ, പി.ആർ. രാംദേവ് അടിമാലി മേഖലയിൽ എംവിഐ മാരായ ബിനോയി ജോസഫ്, വി.ഐ.ഷാനവാസ്, ഫിറോസ് ബിൻ ഇസ്മായിൽ പീരുമേട് മേഖലയിൽ എംവിഐ അനിൽകുമാർ എഎംവിഐ മാരായ അനൂപ് അക്‌സൺ, നിർമൽ വിശ്വൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.210 വാഹനങ്ങളിൽ ബോധവൽക്കരണം നടത്തി. ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയതിന് 118 കേസുകൾ എടുത്തു. 186250 രൂപ പിഴയായി ലഭിച്ചു. ഇടുക്കി ആർ.ടി.ഒ. ആർ.രമണൻ നേതൃത്വം നൽകി.