വേനൽച്ചൂടിൽ ജലനിരപ്പ് താഴ്ന്ന് തേജസ്വിനിപ്പുഴ; ചെക്ഡാമുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കിയിട്ട് വർഷങ്ങൾ

Mail This Article
ചെറുപുഴ∙ വേനൽച്ചൂട് കടുത്തതോടെ മലയോരത്തെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയിലെയും തിരുമേനി പുഴയിലെയും ജലനിരപ്പാണു വൻതോതിൽ കുറയാൻ തുടങ്ങിയത്. തേജസ്വിനിപ്പുഴയുടെ കൊല്ലാട പാലത്തിനു താഴെ ഭാഗം പൂർണമായും വറ്റിവരണ്ട നിലയിലാണ്. ചെറുപുഴ കമ്പിപ്പാലത്തിനു സമീപത്തെ ചെക്ഡാമിലും, തിരുമേനി പുഴയുടെ പാണ്ടിക്കടവ് ചെക്ഡാമിലുമാണ് ഇപ്പോൾ ജലശേഖരമുള്ളത്. വേനൽ കടുത്തതോടെ ഇരു സംഭരണികളിലെയും ജലനിരപ്പ് ദിനംപ്രതി താഴ്ന്നു തുടങ്ങി. കടുത്ത ചൂടും പുഴയോരത്തെ മരങ്ങളും ഓടക്കാടുകളും മറ്റും നശിപ്പിച്ചതും പുഴതീരത്തു നടക്കുന്ന വ്യാപക കയ്യേറ്റവുമാണു ജലനിരപ്പ് കുറയാൻ കാരണമെന്നു പറയുന്നു.
ചെക്ഡാമുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന മണൽ നീക്കം ചെയ്യാതായിട്ടു വർഷങ്ങളായി. ഇതും ഡാമിലെ ജലസംഭരണശേഷി കുറയാൻ പ്രധാന കാരണമായി. ഈ വർഷം ചെറുപുഴ ഡാമിലെ മരപ്പലക കൊണ്ടുള്ള ഷട്ടറുകൾ മാറ്റി ഫൈബർ ഷട്ടർ സ്ഥാപിക്കുന്നതിനും സംഭരണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനും കരാർ നൽകിയിരുന്നു. എന്നാൽ മരപ്പലക കൊണ്ടുള്ള ഷട്ടറുകൾ മാറ്റി ഫൈബർ ഷട്ടറുകൾ സ്ഥാപിച്ചെങ്കിലും മണൽ നീക്കം ചെയ്യാനുള്ള നടപടികളൊന്നും കരാറുകാരന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മണൽ നീക്കം ചെയ്യാൻ മണ്ണുമാന്തിയന്ത്രത്തിനും ടിപ്പർ ലോറികൾക്കും ചെക്ഡാമിനുള്ളിൽ പ്രവേശിക്കാനാവില്ല. ഇതാണു മണൽ നീക്കം ചെയ്യുന്നതിനു തടസ്സം. പുഴയുടെ ചില ഭാഗങ്ങളിൽ നിന്നു മോട്ടർ ഉപയോഗിച്ച് വൻതോതിൽ ജലചൂഷണം നടത്തുന്നതായും ആക്ഷേപമുണ്ട്. ഇതും നീരൊഴുക്ക് കുറയാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.