അപകടത്തിന് തട; പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചുതുടങ്ങി

Mail This Article
രാജപുരം ∙ ഇന്ധന ടാങ്കർ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ പാണത്തൂർ പരിയാരം റോഡില്‍ ക്രാഷ് ബാരിയർ സ്ഥാപിച്ചുതുടങ്ങി. ഒട്ടേറെ അപകടങ്ങൾ നടന്ന ഇവിടെ കഴിഞ്ഞ 3 വർഷത്തിനിടെ ഒരാളുടെ ജീവനാണ് പൊലിഞ്ഞത്. വീടുകളും തകർന്നിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം 16ന് രാത്രിയാണ് മംഗളൂരുവിൽ നിന്നു ഡീസലുമായി വന്ന ടാങ്കർ ലോറി പരിയാരം ഇറക്കത്തിൽ അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞാണു നിന്നത്.
വീഴ്ചയുടെ ആഘാതത്തിൽ ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായി ലോറിയിലുണ്ടായിരുന്ന മുഴുവൻ ഡീസലും ചോർന്നു സമീപത്തെ വീടുകളിലെ കിണറുകളിലെത്തിയിരുന്നു. ഇതോടെ നാട്ടുകാർ അപകടം ഒഴിവാക്കാനുള്ള സ്ഥിരമായ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ കലക്ടർ കെ.ഇമ്പശേഖർ റോഡിൽ സൂചന ബോർഡുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ എത്രയും പെട്ടെന്ന് സ്ഥാപിക്കാൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായാണു പരിയാരത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. 224 മീറ്റർ ദൂരത്തിലാണ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്.