നെൽക്കൃഷിയിൽ വിതയ്ക്കാനും നടാനും ഇനി യന്ത്രം
Mail This Article
കുമരകം ∙ കുട്ട നിറയെ നെൽവിത്തുമായെത്തി കൈ കൊണ്ടു പാടത്ത് വിത നടത്തുന്ന രീതി മാറുന്നു. വയലിലെ ചെറിയൊരു സ്ഥലത്ത് ട്രേയിൽ വിത്തു വിതച്ചു നെൽച്ചെടികൾ മുളപ്പിച്ച് ഇവ പിന്നീട് യന്ത്രത്തിൽ കയറ്റി പാടത്തു നടുകയാണ് ചെയ്യുന്നത്. കുമരകത്തെ പാടങ്ങളും ഈ പുതിയ കൃഷി രീതിയിലേക്കു മാറുകയാണ്. മൂലേപ്പാടം തെക്ക് ബ്ലോക്കിലെ 35 ഏക്കറിലാണു പരീക്ഷണാർഥം യന്ത്രം ഉപയോഗിച്ചു ഞാറുനടീൽ നടത്തുന്നത്. കൈകൊണ്ടു വിത നടത്തിയാൽ വിത്തു പല ഭാഗത്തു വീഴും. ക്രമമായി വീഴാതെ വരുന്നതിനാൽ പാടത്തു പഴുത് കിടക്കും. പിന്നെ ഇവിടെ നെൽച്ചെടികൾ പറിച്ചു നടുക എന്നതു ശ്രമകരമായി ജോലിയാണ്. തൊഴിലാളി ക്ഷാമം കൂടിയാകുമ്പോൾ പലപ്പോഴും പറിച്ചുനടീൽ നടക്കാതെ വരും. ഇതു വിളവിനെ ബാധിക്കും.
ട്രാക്ടർ മാതൃകയിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് വാഹനം സഞ്ചരിച്ചാണു നടീൽ നടത്തുന്നത്. ട്രേയിലെ നെൽച്ചെടികൾ യന്ത്രത്തിൽ കയറ്റിവയ്ക്കും. യന്ത്രത്തിന്റെ സഞ്ചാരത്തിനിടയിൽ ഇതിലെ പല്ലുകൾ ഞാറുകൾ വലിച്ചെടുത്ത് ഒന്നിനു പിറകെ ഒന്നായി നടീൽ നടത്തുന്നു. വരിയും മറ്റു കളകളും പാടത്ത് വളരില്ലെന്നത് ഈ നടീലിന്റെ പ്രത്യേകതയാണ്. 240 ഏക്കറുള്ള പാടത്ത് പരീക്ഷണാർഥമാണ് യന്ത്രം ഉപയോഗിച്ചു വിത നടത്തിയത്. ആദ്യ ഘട്ടം 35 ഏക്കറിൽ നടത്തി. വരുന്ന വർഷം യന്ത്രത്തിന്റെ ലഭ്യത അനുസരിച്ചു കൂടുതൽ സ്ഥലത്ത് യന്ത്രം ഉപയോഗിച്ചു വിത നടത്താനാണു തീരുമാനമെന്ന് ഈ രീതിയിൽ നടീൽ നടത്തിയ കർഷകനായ ഗിരീഷ് പ്രസാദ് കിഴക്കത്തുശേരി പറഞ്ഞു.
നെൽച്ചെടികൾ തയാറാക്കുന്ന വിധം
∙ഏക്കറിന് 20 കിലോ നെൽവിത്ത് മതിയാകും. കൈ കൊണ്ടുള്ള വിതയ്ക്കു കൃഷി വകുപ്പ് നിർദേശിക്കുന്നത് 40 കിലോ വിത്താണ്.
∙ഒരേക്കർ പാടത്തെ നെൽവിത്ത് തയാറാക്കുന്നതിന് 80 ട്രേ വേണ്ടിവരും.
∙നെൽവിത്ത് ട്രേയിൽ ശേഖരിക്കുന്നു. ആദ്യത്തെ 3 ദിവസം വെള്ളം തളിക്കണം. പിന്നീടുള്ള സമയത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം തളിക്കണം.
15 –ാം ദിവസം നടീൽ
∙നടീലിനു പാകമായ ട്രേയിലെ നെൽച്ചെടി യന്ത്രത്തിൽ കയറ്റിവയ്ക്കുന്നു. തുടർന്നു പാടത്തു കൂടി യന്ത്രം സഞ്ചരിച്ചു ഞാറുകൾ നടും.
∙ 20–ാമത്തെ ദിവസം വളമിടൽ നടത്താം.
നേട്ടം
∙പാടത്ത് കള വളരില്ല. അതിനാൽ കളനാശിനി ഉപയോഗിക്കേണ്ടി വരുന്നില്ല.
∙കൈ കൊണ്ടു വിത നടത്തി നടീൽ നടത്തുന്നതു വരെ ഒരേക്കറിന് 20,000 – 25,000 രൂപ ചെലവ് വരും. എന്നാൽ യന്ത്രം ഉപയോഗിച്ചുള്ള നടീൽ വരെ ഒരേക്കറിന് 6,600 രൂപയെ ചെലവ് വരുന്നുള്ളൂ.
∙ തൊഴിലാളി ക്ഷാമത്തിനു പരിഹാരം.