ട്യൂഷൻ സെന്ററുകളിൽ വേണോ വിനോദയാത്ര, ആഘോഷം? അന്വേഷണം നടത്താതെ വിദ്യാഭ്യാസ വകുപ്പ്
Mail This Article
കോഴിക്കോട്∙ വിദ്യാർഥികളുടെ സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരൻ ഷഹബാസിന്റെ ഖബറിലെ മണ്ണ് ഉണങ്ങിയിട്ടില്ല. കേരളത്തിന്റെ ഉള്ളുലച്ച വേർപാട്. 3 സ്കൂളുകളിലെ കുട്ടികൾ തമ്മിലുള്ള പ്രശ്നം സംഘർഷത്തിലേക്കു വഴിതിരിഞ്ഞതാണ് കൊലപാതകത്തിനു കാരണം. എന്നാൽ ഈ സംഭവത്തിൽ സ്കൂളുകൾക്ക് പങ്കില്ല. ഈ കുട്ടികൾ പഠിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെയാണ് പ്രശ്നമുണ്ടായത്.
ജില്ലയിലെ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പണമൊഴുക്കി യാത്രയയപ്പ് പാർട്ടികളും ഡിജെകളും വമ്പൻ വിനോദയാത്രകളും ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയുണ്ടോ? ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുമെന്നു പലതവണ പ്രഖ്യാപിച്ച വിദ്യാഭ്യാസ വകുപ്പു പോലും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ജില്ലയിലെ അനേകം സ്വകാര്യ ട്യൂഷൻ സെന്ററുകളിലെ ആഘോഷക്കഥകളും പിന്നാമ്പുറക്കഥകളും അമ്പരപ്പിക്കുന്നതാണ്.
വിദേശയാത്ര, ഡിജെ പാർട്ടി, വാഹനമോടിച്ച് റീൽസ്!
സ്കൂളുകളിൽ കുട്ടികൾക്ക് യാത്രയയപ്പു പാർട്ടികൾ നൽകാറുണ്ട്. എന്നാൽ, ജില്ലയിലെ പ്രമുഖ ട്യൂഷൻ സെന്ററുകളിലെല്ലാം ഇത്തവണയും കുട്ടികൾ ഫെയർവെൽ പാർട്ടി നടത്തി. ഇതിനു രക്ഷിതാക്കളുടെ കയ്യിൽനിന്നു പണം നിർബന്ധപൂർവം വാങ്ങി. ലൈസൻസ് എടുക്കാൻ പോലും പ്രായമാകാത്ത കുട്ടികൾ ബൈക്കുകളും കാറും എടുത്ത് ഫെയർവെൽ പാർട്ടികൾക്കു പോകുകയും ഇതൊക്കെ റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടുമിക്കയിടത്തും അടിയുണ്ടാകുകയും ചെയ്തു.
ഷഹബാസ് സംഭവത്തിലും പത്താംക്ലാസ് വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന റീലുകളും ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. പലരും പണം മുടക്കി ഹാളുകൾ ബുക്ക് ചെയ്താണ് ഡിജെ പാർട്ടികൾ നടത്തിയതെന്നും സൂചനയുണ്ട്. ഇതിനു പിന്നിൽ ട്യൂഷൻ സെന്ററുകളുടെ പങ്ക് എത്ര മാത്രമാണെന്നത് അന്വേഷിക്കേണ്ടതുണ്ട്.നഗരത്തിലെ ഒരു പ്രമുഖ പരിശീലനകേന്ദ്രം വിദ്യാർഥികൾക്ക് വിദേശത്തേക്കാണ് വിനോദയാത്ര ഒരുക്കിയത്. പണം നൽകാൻ ശേഷിയുള്ള കുട്ടികളൊക്കെ ആ യാത്രയിൽ പങ്കെടുക്കുകയും ചെയ്തു.
ക്ലാസെന്തിന്, ഞങ്ങളുള്ളപ്പോൾ !
കഴിഞ്ഞ ജനുവരിയിൽ പ്ലസ് വൺ, പ്ലസ്ടു കുട്ടികൾ ഇനി സ്കൂളിലും ക്ലാസിലും പോകേണ്ടെന്നും മോഡൽ പരീക്ഷ എഴുതേണ്ട ആവശ്യമില്ലെന്നും ഉപദേശിച്ചത് ട്യൂഷൻ നൽകുന്ന യുട്യൂബ് ചാനലാണ്. തങ്ങളുടെ ചാനലിലെ പാഠഭാഗം നോക്കി പരീക്ഷയ്ക്കു പഠിച്ചാൽ മതി എന്നായിരുന്നു അവരുടെ ഉപദേശം. അധ്യാപകർ ഡിസംബറിൽ തന്നെ ഹാജർ കണക്കുകൾ നൽകിയിട്ടുണ്ടാകുമെന്നും ഉപദേശിച്ചിരുന്നു. അതു വാർത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
ചോദ്യക്കടലാസ് ചോർത്തി
ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസുകൾ ചോർന്നതിനു പിന്നിലും കൊടുവള്ളിയിലെ സ്വകാര്യ ട്യൂഷൻ സെന്ററുകൾ തമ്മിലുള്ള കിടമത്സരമായിരുന്നു. കഴിഞ്ഞ 2 വർഷമായി ചോദ്യക്കടലാസുകളിലെ 80 ശതമാനത്തോളം ചോദ്യങ്ങളും വിദ്യാർഥികൾക്കു ചോർത്തി നൽകിയിട്ടുണ്ട്. ഇതിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.