മോഷണം പോയ പഞ്ചലോഹ വിഗ്രഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Mail This Article
മഞ്ചേരി∙ഇരുമ്പുഴി കോണിക്കല്ല് മൂടേപുറത്ത് മുത്തൻ ക്ഷേത്രത്തിന്റെ മോഷണം പോയ പഞ്ചലോഹ വിഗ്രഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിനു പിറകുവശത്തെ കാടുതെളിക്കുമ്പോഴാണ് വിഗ്രഹം കണ്ടത്. പൊലീസ് വിഗ്രഹം കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെയാണ് പിറകുവശത്തെ കാവിലെ തറയ്ക്കു സമീപം കണ്ടെത്തിയത്. കാടു വെട്ടുന്ന തൊഴിലാളിക്കൊപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ടവരും തിരച്ചിൽ നടത്തുന്നതിനിടെയാണ് വിഗ്രഹം വീണ്ടെടുത്തത്. വിവരം പൊലീസിനെ അറിയിക്കുകയും സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടിച്ച ശേഷം കടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചതാണോ, പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ തിരിച്ചുകൊണ്ടു വന്നിട്ടതാണോ, പ്രതീക്ഷിച്ച വില കിട്ടില്ലെന്നു കണ്ടതിനാൽ ഉപേക്ഷിച്ചതാണോ എന്ന് അന്വേഷിക്കുന്നു. മറ്റു വല്ല ദുരുദ്ദേശങ്ങൾ സംഭവത്തിനു പിന്നിലുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്ന് ഇൻസ്പെക്ടർ സുജിത് ദാസ് പറഞ്ഞു.
കഴിഞ്ഞ 13നു രാവിലെയാണ് 5 കിലോഗ്രാം തൂക്കമുള്ള വിഗ്രഹം മോഷണം പോയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണം, ഓട്ടുവിളക്കുകൾ, നൂലിൽ ചാർത്തിയ സ്വർണത്താലി തുടങ്ങിയവ നഷ്ടപ്പെട്ടിരുന്നില്ല. ദേവീക്ഷേത്രത്തിലെ ചുമരിൽ നെയ്യ് കൊണ്ടു മിന്നൽ മുരളി എന്ന് എഴുതിവച്ചിട്ടുണ്ടായിരുന്നു. മാസത്തിലൊരിക്കൽ പൂജ നടക്കുന്ന കുടുംബക്ഷേത്രമാണ്. ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധിച്ചിരുന്നു