അർച്ചനയുടെ ദുരൂഹമരണം : അന്വേഷണം ക്രൈംബ്രാഞ്ചിന്, മൃതദേഹവുമായി ഉപരോധം
Mail This Article
വിഴിഞ്ഞം∙ഒരു വർഷം മുൻപ് പ്രണയ വിവാഹിതയായ യുവതി വാടക വീട്ടിൽ പൊള്ളലേറ്റ് മരിച്ച കേസ് അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ച് വിഭാഗത്തിനു കൈമാറിയതായി കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ഡിവൈഎസ്പി ജോൺസൺ ചാൾസ് നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ നിന്നു വിട്ടയച്ചതിൽ പ്രതിഷേധിച്ച് മൃതദേഹവുമായി വെങ്ങാനൂർ ജംക്‌ഷനിൽ റോഡ് ഉപരോധിച്ചിരുന്നു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി ആംബുലൻസിൽ എത്തിച്ച മൃതദേഹവുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറിലേറെ നീണ്ട ഉപരോധം കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന തിരുവനന്തപുരം തഹസിൽദാർ എം.എസ്.ഷാജുവിന്റെ ഉറപ്പിനെ തുടർന്ന് അവസാനിച്ചു.തുടർന്ന് മൃതദേഹം വിലാപ യാത്രയായി വെങ്ങാനൂർ വെണ്ണീയൂർ ചിറത്തലവിളാകത്തെ വീട്ടിലെത്തിച്ചു.
മാതാപിതാക്കൾ അടക്കമുള്ളവർ അന്ത്യോപചാരം അർപ്പിച്ച ശേഷം മുട്ടത്തറ ശ്മശാനത്തിൽ സംസ്‌കരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ചിറത്തലവിളാകത്ത് അർച്ചനയിൽ അശോകൻ-മോളി ദമ്പതിമാരുടെ ഏക മകൾ അർച്ചന(22) ആണ് ഉച്ചക്കടയ്ക്കടുത്തു കുഴിവിളയിലെ വാടക വീട്ടിൽ വീട്ടിൽ തിങ്കൾ രാത്രി മരിച്ചത്. ഭർത്താവ് സുരേഷിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. തീരുമാനം അനുസരിച്ച് അർച്ചനയുടെ മാതാപിതാക്കളിൽ നിന്ന് പുതുതായി മൊഴിയെടുക്കും. സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും