കലുങ്കും കുടിവെള്ള പൈപ്പുകളും തകർത്ത് ടിപ്പർ ലോറികൾ

Mail This Article
എരുമപ്പെട്ടി∙ തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയിലെ പള്ളിപ്പാടം പ്രദേശത്ത് സ്വകാര്യ പറമ്പിൽ നിന്നും റോഡ് പണിക്കെന്ന പേരിൽ വൻ തോതിൽ കുന്നിടിച്ച് മണ്ണ് എടുത്തു കൊണ്ടു പോകുന്നതായി പരാതി. രാപകലില്ലാതെ ഇവിടെ വന്നു പോകുന്ന ടോറസുകളടക്കമുള്ള വാഹനങ്ങൾ റോഡിലെ കലുങ്കും റോഡരികിലെ കുടിവെള്ള പൈപ്പുകളും തകർത്താണ് കടന്നു പോകുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിട്ടു. തൃശൂർ- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഇൗ റോഡിലെ കല്ലൂട്ടി കലുങ്കും ഇതിലെ അമിതഭാരവുമായി കടന്നു പോകുന്ന വാഹനങ്ങളുടെ നിരന്തര സഞ്ചാരം മൂലം പാലം അപകടവസ്ഥയിലായതായി നാട്ടുകാർ പരാതിപ്പെട്ടു. പാലത്തിന്റെ കോൺക്രീറ്റ് സ്ലാബിൽ പലയിടത്തായി പൊട്ടലുകൾ രൂപപ്പെട്ടു. കോൺക്രീറ്റ് സ്ലാബിന്റെ അടിഭാഗത്തു നിന്ന് കോൺക്രീറ്റ് ഇളകി പൊളിഞ്ഞ് കമ്പികൾ പുറത്തു കാണാവുന്ന നിലയിലാണിപ്പോൾ. പാലം അപകടാവസ്ഥ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാലം തകർന്നാൽ ഇതിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടും. ഇൗ പാലത്തിലൂടെ ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ സഞ്ചാരം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി പഞ്ചായത്തംഗം പി.കെ.അനിത വരവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്.