‘തക്കാളിപ്പെട്ടി’ പോലുള്ള ലോറികൾക്കും സീറ്റ് ബെൽറ്റിന്റെ പൂട്ട്; പുതിയ തർക്കം
Mail This Article
തൃശൂർ ∙ വാണിജ്യാവശ്യത്തിനായി ഓടുന്നവയടക്കം എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന സർക്കാർ തീരുമാനം റേഷൻ ലോറികളിലും നടപ്പിലാക്കാൻ നിർദേശമെത്തിയതോടെ പൊതുവിതരണ രംഗത്തു പുതിയ തർക്കം. റേഷൻ നീക്കത്തിന് ഉപയോഗിക്കുന്ന ലോറികളിലേറെയും കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളവയായതിനാൽ ഇവയ്ക്കു സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതു വലിയ ചെലവുള്ള കാര്യമാണെന്നാണു ലോറി ഉടമകളുടെയും കരാറുകാരുടെയും നിലപാട്.
പലക കൊണ്ടു തയാറാക്കിയ പഴഞ്ചൻ ക്യാബിനുകളിലാണു പല ലോറികളുടെയും സീറ്റുകൾ ഘടിപ്പിച്ചിട്ടുള്ളത്. ഇവയിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ചുരുങ്ങിയത് 5000 രൂപയെങ്കിലും ചെലവാകുമെന്ന് ഇവർ പറയുന്നു. പൊളിക്കാൻ പാകത്തിനു പഴക്കമുള്ള ഇവയിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്ന അധികച്ചെലവിനു ‘പാങ്ങി’ല്ലെന്ന നിലപാട് ഭക്ഷ്യവകുപ്പിനെ അറിയിക്കാനൊരുങ്ങുകയാണു കരാറുകാരും വാഹന ഉടമകളും.
77 താലൂക്കുകളിലായി അഞ്ഞൂറോളം ലോറികളാണു റേഷൻ വിതരണത്തിനായി ഓടിക്കൊണ്ടിരിക്കുന്നത്. വിതരണത്തിനു കരാറെടുത്തവരുടെ ലോറികളാണു റേഷൻ വിതരണത്തിനുപയോഗിക്കേണ്ടതെങ്കിലും പല താലൂക്കുകളിലും ഗോഡൗണുകളുടെ സമീപത്തു ലഭ്യമാകുന്ന ലോറികളാണു വിതരണത്തിനുപയോഗിക്കുന്നത്. ലോറിയിൽ ജിപിഎസ് ഘടിപ്പിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തപ്പോൾ തന്നെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇതിനെ അതിജീവിച്ചാണു ജിപിഎസ് ഘടിപ്പിച്ചത്.
സീറ്റ് ബെൽറ്റ് കൂടി ഘടിപ്പിക്കാൻ നിർദേശമെത്തിയതോടെ എതിർപ്പു കൂടുതൽ ശക്തമായി. പഴക്കമേറിയ വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്ര നിർദേശം നടപ്പായാലുടൻ പൊളിക്കാൻ നൽകേണ്ട അവസ്ഥയിലുള്ളതാണ് ഈ ലോറികളിൽ ഏറെയും. ഇവയിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ഉടമകൾ തയാറായില്ലെങ്കിൽ റേഷൻ വിതരണത്തിനു കരാറെടുത്തവർ കുഴയും.