ഒന്നാം ക്ലാസ്സ് യോഗ്യത 6 വയസ്സ്: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്ക് പ്രതിസന്ധിയില്ല

Mail This Article
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആക്കാനുള്ള തീരുമാനം സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നു വിലയിരുത്തൽ. ഭൂരിഭാഗം സിബിഎസ്ഇ സ്കൂളുകളും കഴിഞ്ഞ 2 വർഷമായി 6 വയസ്സ് നിബന്ധന പാലിക്കുന്നുണ്ടെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് 6 വയസ്സ് നിബന്ധന കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്. സംസ്ഥാനം ഇതിനോടു വിമുഖത കാട്ടിയെങ്കിലും സിബിഎസ്ഇ സ്കൂളുകൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ നടപടി സ്വീകരിച്ചിരുന്നു.
ഈ നിബന്ധന നടപ്പാക്കാൻ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്ക് 2022–23 ൽ നിർദേശം ലഭിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ, സൈനിക സ്കൂളുകളും ഇതിനു വഴങ്ങിയെങ്കിലും മറ്റു സിബിഎസ്ഇ സ്കൂളുകൾ 2 വർഷത്തെ സാവകാശം തേടി. പ്രീ കെജി, എൽകെജി പ്രവേശനത്തിൽ പ്രായപരിധി കർശനമാക്കാതിരുന്ന സ്കൂളുകൾക്കു വലിയ പ്രശ്നങ്ങളില്ലാതെ പുതിയ രീതിയിലേക്കു മാറ്റം സാധ്യമാക്കാനാണു സാവകാശം തേടിയത്. മിക്ക സ്കൂളുകളും ഇതിനകം പ്രതിസന്ധി മറികടന്നു. ഇതിനാൽ, 2026 ൽ പ്രായനിബന്ധന നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആശങ്കപ്പെടുത്തുന്നില്ലെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം.ഇബ്രാഹിംഖാൻ പറഞ്ഞു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ഒന്നോ രണ്ടോ മാസങ്ങളുടെ ഇളവു വേണ്ടിവരുന്ന ചുരുക്കം ചില കുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതപത്രം വാങ്ങി ഈ അധ്യയനവർഷം കൂടി പ്രവേശനം നൽകാനാണു തീരുമാനമെന്ന് നാഷനൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഇന്ദിര രാജൻ പറഞ്ഞു.