ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കുപ്പിവെള്ളം! ഒരു കുപ്പിക്ക് വില 50 ലക്ഷം രൂപ
Mail This Article
കുപ്പിവെള്ളം നമ്മുടെയെല്ലാം ഉപയോഗവസ്തുക്കളിലൊന്നാണ്. യാത്ര ചെയ്യുമ്പോൾ മുതൽ പല കാര്യങ്ങൾക്കായി നാം കുപ്പിവെള്ളം ഉപയോഗിക്കുന്നു. പലവിലയിലുള്ള കുപ്പിവെള്ളങ്ങൾ വിപണിയിൽ ലഭ്യമാണ്. പലതും നാം കുറച്ചുകാശ് കൊടുത്തു വാങ്ങാറുണ്ട്. ലോകത്തെ ഏറ്റവും വിലയുള്ള കുപ്പിവെള്ളം ഏതെന്നറിയുമോ?. അതാണ് അക്വ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി.
2010ൽ കുപ്പിവെള്ളത്തെ ലോകത്തെ ഏറ്റവും വിലയുള്ള കുപ്പിവെള്ളമായി ഗിന്നസ് വേൾഡ് റെക്കോർഡ് പരിഗണിച്ചിരുന്നു. 24 കാരറ്റ് സ്വർണത്തിൽ തീർത്ത കുപ്പിയിലാണ് ഈ വെള്ളം സംഭരിച്ചു നൽകുന്നത്. കുപ്പിവെള്ളത്തിന് ഉയർന്ന വില വരുന്നതിന് ഇതൊരു കാരണമാണ്. 24 കാരറ്റ് സ്വർണത്തിന്റെ 5 ഗ്രാം ഉപയോഗിച്ചാണ് കുപ്പി നിർമാണം.
ഭൂമിയിലെ മൂന്നിടങ്ങളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് അക്വ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി നിർമിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള അരുവിയിൽ നിന്ന് ഒരു ഭാഗവും ഫിജിയിൽ നിന്നുള്ള ഒരു അരുവിയിൽ നിന്ന് അടുത്ത ഭാഗവും ഐസ്‌ലൻഡിലെ ഹിമാനിയിൽ നിന്നുള്ള വെള്ളം മൂന്നാമത്തെ ഭാഗവുമാണ്. ഫെർണാണ്ടോ ആൽട്ടമിറാനോ എന്ന വ്യക്തിയാണ് ഈ വിലപിടിപ്പുള്ള വെള്ളം നിർമിച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോണിയാക് മദ്യബോട്ടിൽ നിർമിച്ചയാളുമാണ് ആൽട്ടമിറാനോ.
ഇത്രയുമധികം വിലയില്ലെങ്കിലും വിലപിടിപ്പുള്ള മറ്റു വെള്ളങ്ങളും ഭൂമിയിലുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖമാണ് ജപ്പാനിലെ കോന നിഗാരി. വളരെ ആഴത്തിലുള്ള ഒരു അരുവിയിൽ നിന്ന് ശേഖരിക്കുന്ന ഈ വെള്ളത്തിന് ഔഷധഗുണങ്ങളുണ്ടെന്ന വിശ്വാസമാണ് ഇത്രയും വിലവരാൻ കാരണമായത്. 750 മില്ലിലീറ്റർ ബോട്ടിലിന് 50 ലക്ഷം രൂപവരെയാണ് വില.
ചെസ് കരുക്കളുടെ രൂപത്തിലുള്ള ഫിലികോ കുപ്പിവെള്ളം, ബ്ലിഘ് എച്ച് 2ഒ തുടങ്ങിയവയൊക്കെ ലോകത്തെ വിലപിടിപ്പുള്ള കുപ്പിവെള്ളങ്ങളാണ്.