ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

കെ.കെ.ശൈലജയ്ക്കെതിരെ വടകരയിൽ നടന്ന കാഫിർ പ്രയോഗ വിവാദത്തിന് തന്റെ മകനാണ് ഉത്തരവാദിയെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ.ലതിക പറഞ്ഞുവെന്ന  അവകാശവാദത്തോടെ ഒരു ന്യൂസ്‌കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് . “വടകരയിലെ കാഫിർ പ്രയോഗത്തിൽ സംഭവിക്കേണ്ടത് സംഭവിച്ചു; തന്റെ മകനൊരു തെറ്റ് പറ്റി, ഇനി അതിന്റെ പേരിൽ മകനെ കുരുക്കിലാക്കരുത്; കെ കെ ലതിക,” എന്നാണ് പ്രചരിക്കുന്ന ന്യൂസ് കാർഡിലുള്ളത്.

∙ അന്വേഷണം

ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജിൽ പരിശോധിച്ചപ്പോൾ, 2024  മേയ് 30ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കാർഡ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ലഭിച്ചു.വടകരയിലെ കാഫിർ പ്രയോഗം, പൊലീസ് മുൻ എംഎൽഎ കെ.കെ.ലതികയുടെ മൊഴിയെടുത്തു, എന്നാണ് യഥാർത്ഥ കാർഡ്. ഇപ്പോൾ പ്രചരിക്കുന്ന വൈറൽ കാർഡിലുള്ള അതെ പടങ്ങൾ തന്നെയാണ് ആ കാർഡിലുമുള്ളത്. ആ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് ഉണ്ടാക്കിയത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

കൂടുതൽ അന്വേഷണത്തിൽ, ഇതേ മാധ്യമത്തിന്റെ വെബ്‌സൈറ്റിൽ നിന്നും സംഭവുമായി ബന്ധപ്പെട്ട  വാർത്ത ലഭിച്ചു.

“വടകരയിലെ കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻ എംഎൽഎ കെ.കെ.ലതികയുടെ മൊഴി രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്‌സാപ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെ.കെ.ലതികയുടെ വീട്ടിലെത്തിയത്,”എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്‌സാപ് സന്ദേശം പുറത്തു വന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിമായും കെ.കെ.ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ.കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടിച്ച് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പി.കെ. കാസിമാണ് പൊലീസിന് പരാതി നൽകിയത്. വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു. എന്നാൽ വടകരയിലെ കാഫിർ പ്രയോഗത്തിൽ തന്റെ മകനാണ് ഉത്തരവാദി എന്ന് കെ.കെ.ലതിക പറഞ്ഞതായി ഈ വാർത്തയിൽ ഇല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ കാഫിർ പ്രയോഗത്തിൽ മുൻ എംഎൽഎ കെ.കെ.ലതികയുടെ മൊഴിയെടുത്തു. രണ്ടുദിവസം മുമ്പാണ് വടകര എസ്എച്ചഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. ലതിക വർഗീയ പരാമർശമുള്ള പോസ്റ്റർ ഷെയർ ചെയ്തിരുന്നു എന്ന വിവരങ്ങളടങ്ങിയ മറ്റ് മാധ്യമ വാർത്തകളും ലഭിച്ചു. വടകരയിലെ കാഫിർ പ്രയോഗത്തിന് തന്റെ മകനാണ് ഉത്തരവാദി എന്ന് കെ.കെ.ലതിക പറഞ്ഞതായി ഈ വാർത്തകളിലും പരാമർശമില്ല. അത്തരം ഒരു പരാമർശം ലതിക നടത്തിയതായുള്ള ഒരു സൂചന ഞങ്ങൾക്ക് കീ വേർഡ് പരിശോധനയിലും ലഭിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന ഈ ന്യൂസ് കാർഡ് വ്യാജമാണെന്ന് ഏഷ്യാനെറ്റ്  ന്യൂസ് ഓൺലൈൻ എഡിറ്റർ എ.കെ.മുരളീധരനും  ഞങ്ങളെ അറിയിച്ചു. ഇതിൽ നിന്ന് വടകരയിലെ കാഫിർ പ്രയോഗത്തിൽ തന്റെ മകനാണ് ഉത്തരവാദി എന്ന് കെ.കെ.ലതിക എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.

∙ വസ്തുത

വടകരയിലെ കാഫിർ പ്രയോഗത്തിന് തന്റെ മകനാണ് ഉത്തരവാദിയെന്ന് കെ.കെ.ലതിക പറഞ്ഞതായി അവകാശപ്പെടുന്ന ന്യൂസ്കാർഡ് വ്യാജമാണ്.

English Summary :Newscard claiming that KK Latika said her son was responsible for the Kafir incident in Vadakara is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com