5 വർഷം, 20000 ബെന്റെയ്‌ഗ; ബെന്റ്ലിക്ക് ഇതു ചെറിയ കാര്യമല്ല
Mail This Article
ഇന്ത്യ പോലൊരു രാജ്യത്ത് ഏതെങ്കിലും കാറിന്റെ ഉൽപാദനം 20,000 യൂണിറ്റ് പിന്നിട്ടു എന്നതു വാർത്താ പ്രാധാന്യം നേടില്ല, കാരണം മാരുതി സുസുക്കിയും ഹ്യുണ്ടേയ്‌യുമൊക്കെ ദിവസങ്ങൾക്കുള്ളിൽ ഒരേ മോഡലിൽ പെട്ട പതിനായിരക്കണക്കിനു കാറുകൾ നിർമിക്കാറുണ്ട്. പക്ഷേ ഉൽപ്പാദനത്തിൽ 20,000 തികച്ചത് അത്യാഡംബര എസ്‌യുവിയായ ബെന്റ്ലി ബെന്റെയ്‌ഗയാവുന്നതോടെ കഥ മാറുകയായി. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് 2016ലാണു ബെന്റെയ്‌ഗയുമായി എസ്‌യുവി വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ യുകെയിലുള്ള ക്രൂവിലുള്ള നിർമാണശാലയിൽ നിന്ന് 20,000–ാമത് ബെന്റെയ്‌ഗ നിരത്തിലുമെത്തി.
ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര എസ് യു വി എന്ന പെരുമയോടെയാണു ബെന്റെയ്‌ഗയുടെ വരവ്. സാങ്കേതികവിദ്യയും റോബോട്ടിക്സും നിർമിത ബുദ്ധിയുമൊക്കെ അരങ്ങു വാഴുന്ന ഈ കാലത്ത് 230 എൻജിനീയർമാർ നൂറിലേറെ മണിക്കൂർ അത്യധ്വാനം ചെയ്താണ് ഓരോ ബെന്റെയ്‌ഗയും യാഥാർഥ്യമാക്കുന്നത്. പോരെങ്കിൽ ബെന്റ്ലിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലവും വിശദവുമായ വികസന പദ്ധതിക്കൊടുവിലാണു ബെന്റെയ്‌ഗ പിറവിയെടുക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ചെളിയും ചതുപ്പും ദുബായിലെ മണൽക്കൂമ്പാരങ്ങളും ചെഷയറിലെ മൺപാടങ്ങളുമൊക്കെയായി അഞ്ചു ഭൂഖണ്ഡങ്ങളിലായിരുന്നു ബെന്റെയ്‌ഗയുടെ പരീക്ഷണഓട്ടം. തണുത്തുറഞ്ഞ വടക്കൻ കേപ്പിലെ മൈനസ് 30 ഡിഗ്രി മുതൽ മരുഭൂമിയിലെ തിളച്ചു മറിയുന്ന 50 ഡിഗ്രി സെൽഷ്യസിൽ വരെ ബെന്റെയ്‌ഗ മികവു തെളിയിച്ചു.
നാലു വ്യത്യസ്ത പവർ ട്രെയ്നുകളോടെ അഞ്ചു വകഭേദങ്ങളിലാണു ബെന്റ്ലി ബെന്റെയ്‌ഗ വിൽപനയ്ക്കുള്ളത്. ഇരട്ട ടർബോ ചാർജ്ഡ്, ആറു ലീറ്റർ, ഡബ്ല്യു 12(608 പി എസ് കരുത്തും 900 എൻ എം ടോർക്കും) എൻജിനുള്ള ബെന്റെയ്‌ഗ നിശ്ചലാവസ്ഥയിൽ നിന്നു 4.1 സെക്കൻഡിലാണ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. 550 പി എസ് വരെ കരുത്തും 770 എൻ എം ടോർക്കും സൃഷ്ടിക്കുന്ന വി എയ്റ്റ് എൻജിനാവട്ടെ 4.5 സെക്കൻഡിൽ ഈ വേഗം കൈവരിക്കുമെന്നാണു ബെന്റ്ലിയുടെ അവകാശവാദം.
പിന്നീട് 635 പി എസ് വരെ കരുത്തു സൃഷ്ടിക്കുന്ന ഡബ്ല്യു 12 എൻജിനോടെ ബെന്റെയ്‌ഗ സ്പീഡും ബെന്റ്ലി അവതരിപ്പിച്ചു. 3.9 സെക്കൻഡിലാണ് ഈ എസ്‌യുവി മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക. തുടർന്ന് ബെന്റെയ്‌ഗയുടെ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പും ബെന്റ്ലി പുറത്തിറക്കി. വൈദ്യുത മോട്ടോറിനൊപ്പം മൂന്നു ലീറ്റർ, ടർബോ ചാർജ്ഡ് വി സിക്സ് പെട്രോൾ എൻജിനാണ് ബെന്റെയ്‌ഗയ്ക്കു കരുത്തേകുന്നത്. പരമാവധി 127.80 പി എസ് വരെ കരുത്തും 400 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള വൈദ്യുത മോട്ടോറാണു ബെന്റെയ്‌ഗയ്ക്കായി ബെന്റ്ലി തിരഞ്ഞെടുത്തത്. വെറും രണ്ടര മണിക്കൂറിനകം കാറിലെ ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാനുമാവും. ഒടുവിലാണു ബെന്റ്ലിയുടെ ആദ്യ ഡീസൽ മോഡലായും ബെന്റെയ്‌ഗ അവതരിച്ചത്. കാറിലെ നാലു ലീറ്റർ വി എയ്റ്റ് ഡീസൽ എൻജിന് 429 പി എസ് കരുത്തും 900 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.
English Summary: Bentley Bentayga SUV Hits Milestone, Crosses 20000-Unit Sales