20 മിനിറ്റിൽ 5,000 ബുക്കിങ്; 2021 എംജി ആസ്റ്റർ വിറ്റുതീർന്നു
Mail This Article
എം ജി മോട്ടോർ ഇന്ത്യയുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ആസ്റ്ററിന്റെ ആദ്യ ബാച്ചിന്റെ ബുക്കിങ് വെറും 20 മിനിറ്റിൽ പൂർത്തിയായി. ബുക്കിങ് ആരംഭിച്ച് അര മണിക്കൂർ തികയും മുമ്പേ 2021ലേക്കുള്ള എം ജി ആസ്റ്റർ ബുക്കിങ് പൂർത്തിയായി എന്ന സന്ദേശം കമ്പനി വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. 25,000 രൂപ അഡ്വാൻഡ് ഈടാക്കിയാണ് എം ജി മോട്ടോർ പുതിയ ആസ്റ്ററിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്.
ഇക്കൊല്ലം 5,000 ആസ്റ്റർ നിർമിച്ചു വിൽക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിരുന്നത്. ഇവയുടെ ബുക്കിങ്ങാണു സമാപിച്ചത്. പുതിയ ആസ്റ്റർ നവംബർ ഒന്നു മുതൽ ഉടമസ്ഥർക്കു കൈമാറുമെന്നാണ് ചൈനീസ് സായ്കിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എം ജിയുടെ വാഗ്ദാനം. ആവേശകരമായ വരവേൽപ്പാണ് ആസ്റ്ററിനു ലഭിച്ചതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിലയിരുത്തി. അതേസമയം സിലിക്കൺ(സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മൂലം ഇക്കൊല്ലം പരിമിതമായ ഉൽപ്പാദനം മാത്രമേ സാധ്യമാവൂ എന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ അടുത്ത വർഷം ആദ്യ പാദത്തോടെ വാഹന ലഭ്യത മെച്ചപ്പെടുമെന്നും ഛാബ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇടത്തരം എസ് യു വി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റയെയും കിയ സെൽറ്റൊസിനെയും സ്കോഡ കുഷാക്കിനെയുമൊക്കെ നേരിടാനെത്തുന്ന ആസ്റ്ററിന് 9.78 ലക്ഷം മുതൽ 16.78 ലക്ഷം രൂപ വരെയാണു ഷോറൂം വില. ഇടത്തരം എസ് യു വി വിപണിയിൽ രാജ്യത്ത് ശരാശരി 27,000 യൂണിറ്റ് വിൽപ്പനയാണു മാസം തോറും രേഖപ്പെടുത്തുന്നത്. ഇക്കൊല്ലമാവട്ടെ ഈ വിഭാഗം 42% വിൽപ്പന വളർച്ചയും കൈവരിച്ചു. നിലവിൽ 42% വിപണി വിഹിതത്തോടെ ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് ഈ വിഭാഗത്തിൽ നായകസ്ഥാനം.
അടുത്ത വർഷം ആദ്യ പാദത്തിൽ സിലിക്കൺ ചിപ് ലഭ്യത മെച്ചപ്പെടുന്നതോടെ ‘ആസ്റ്റർ’ ഉൽപ്പാദനത്തിലും കാര്യമായ പുരോഗതി നേടാനാവുമെന്നാണ് എം ജി മോട്ടോറിന്റെ പ്രതീക്ഷ. ചിപ് ക്ഷാമത്തിന്റെ ഫലമായി സ്ഥാപിത ശേഷിയുടെ 50 – 60% ഉൽപ്പാദനം മാത്രമാണു കമ്പനി നടത്തുന്നത്. പുതിയ മോഡലുകളുടെ പിൻബലത്തിൽ അടുത്ത വർഷം പ്രതിമാസ വിൽപന 7000 – 8000 യൂണിറ്റായി ഉയർത്താനാവുമെന്നും കമ്പനി കരുതുന്നു.
നിലവിലെ സാഹചര്യം അനുകൂലമല്ലെങ്കിലും ഗുജറാത്തില ഹാലോൾ ശാലയിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് എം ജി മോട്ടോർ ഇന്ത്യയുടെ പദ്ധതി. അടുത്ത വർഷം ഇന്ത്യയിൽ 80,000 മുതൽ ഒരു ലക്ഷം യൂണിറ്റ് വരെ വിൽപന നേടാനാവുമെന്നും കമ്പനി കരുതുന്നു. വെല്ലുവിളികൾ ധാരാളമുണ്ടെങ്കിലും ഈ വർഷം 50000 യൂണിറ്റ് വിൽപന നേടാനാണ് എംജി മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം 28,162 യൂണിറ്റ് വിൽപനയാണ് എം ജി മോട്ടോർ ഇന്ത്യ നേടിയത്. 1.2% വിപണി വിഹിതം സ്വന്തമാക്കിയതോടെ ദശാബ്ദങ്ങളായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഫോക്സ്‌വാഗനെയും സ്കോഡയെയും നിസ്സാനെയും ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലി(എഫ്സിഎ)നെയുമൊക്കെ പിന്തള്ളാനും എംജി മോട്ടോറിനു സാധിച്ചു.
English Summary: MG Astor Sold Out for 2021, New Bookings to Open from November 1