ADVERTISEMENT

ബ്യുഗാറ്റിയുടെ ഹൈപ്പർ കാറായ ഷിറോണിന്റെ നിർമാണം അവസാനഘട്ടത്തോടടുക്കുന്നു. ഉൽപ്പാദനം 500 തികയ്ക്കാൻ ഷിറോൺ പർ സ്പോർട്സ്, ഷിറോൺ സൂപ്പർ സ്പോർട് എന്നിവയുടെ നാൽപതോളം യൂണിറ്റുകൾ അവശേഷിക്കുന്നെന്നാണു ബ്യുഗാറ്റിയുടെ കണക്ക്. അഞ്ചു വർഷം മുമ്പ് 2016ലെ ജനീവ രാജ്യാന്തര മോട്ടോർഷോയിലായിരുന്നു ഷിറോണിന്റെ അരങ്ങേറ്റം. അടുത്ത മാർച്ചിൽ ആദ്യ ഷിറോൺ നിർമിച്ചു ബ്യുഗാറ്റി ഉടമസ്ഥനു കൈമാറി.

ആദ്യ പ്രഖ്യാപനം കഴിഞ്ഞു 18 മാസം തികയുമ്പോഴേക്കു മൊത്തം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന 500 ഷിറോൺ കാറുകളിൽ 300 എണ്ണവും വിറ്റു പോയിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുള്ള വൻപ്രതിസന്ധിക്കും കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കനത്ത വെല്ലുവിളിക്കുമിടയിലും ഷിറോൺ വിൽപന മാറ്റമില്ലാതെ തുടർന്നെന്നു ബ്യുഗാറ്റി അവകാശപ്പെടുന്നു. മണിക്കൂറിൽ 300 മൈൽ വേഗപരിധി മറികടന്നു ചരിത്രം സൃഷ്ടിച്ചായിരുന്നു ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസിന്റെ വരവ്. 2019ൽ ആദ്യമായി പുറത്തെത്തിയ കാർ മണിക്കൂറിൽ 490.484 കിലോമീറ്റർ വേഗം കൈവരിച്ചാണു വിസ്മയം തീർത്തത്; ഇതോടെ മണിക്കൂറിൽ 300 മൈൽ(അഥവാ 482.803 കിലോമീറ്റർ) വേഗപരിധി മറികടക്കുന്ന ആദ്യ ഹൈപ്പർ കാറുമായി ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസ്. 35 ലക്ഷം യൂറോ(ഏകദേശം 30.30 കോടി രൂപ) വില പ്രതീക്ഷിക്കുന്ന ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസ് കാറുകൾ 30 എണ്ണം മാത്രമാണു നിർമിക്കുകയെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഷിറോണിന്റെ ഏറ്റവും വലിയ വിപണിയായ യു എസിൽ കഴിഞ്ഞ ജൂലൈ – സെപ്റ്റംബർ ത്രൈമാസത്തിൽ റെക്കോഡ് പ്രകടനമാണു ബ്യൂഗാറ്റി കൈവരിച്ചത്. ഓരോ ഷിറോണിന്റെയും രൂപകൽപനയ്ക്കും നിർമാണത്തിനും പിന്നിലെ സമർപ്പണബുദ്ധി തിരിച്ചറിയുന്ന ഉപയോക്താക്കളാണു യു എസിലുള്ളതെന്നു കമ്പനിയുടെ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഹെൻഡ്രിക് മാലിനോവ്സ്കി കരുതുന്നു. പ്രകടനക്ഷമതയിലൂടെ ലോകമെങ്ങുമുള്ള കാർ പ്രേമികളുടെ മനം കവർന്നായിരുന്നു ‘ഷിറോണി’ന്റെ മുന്നേറ്റം. നിരത്തിനായി നിർമിച്ചതിലേക്കും കരുത്തുറ്റ കാർ എന്ന റെക്കോഡും ‘ഷിറോണി’നു സ്വന്തമാണെന്നു ബ്യുഗാറ്റി അവകാശപ്പെടുന്നു. 

നാലു ടർബോ ചാർജർ സഹിതമെത്തുന്ന എട്ടു ലീറ്റർ, ഡബ്ല്യു 16 എൻജിനാണ കാറിനു കരുത്തേകുന്നത്്; 1,500 ബി എച്ച് പിയോളം കരുത്തും 1,600 എൻ എം  വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.4 സെക്കൻഡിലാണു കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക; 6.1 സെക്കൻഡിൽ വേഗം 200 കിലോമീറ്ററും 13.1 സെക്കൻഡിൽ വേഗം 300 കിലോമീറ്ററുമായി ഉയരും. പോരെങ്കിൽ 2017ൽ മണിക്കൂറിൽ 400 കിലോമീറ്റർ വേഗം കൈവരിച്ചും ‘ഷിറോൺ’ ചരിത്രം കുറിച്ചിരുന്നു; നിശ്ചലാവസ്ഥയിൽ നിന്ന് 41.96 സെക്കൻഡിലാണു കാർ ഈ അവിശ്വസനീയ വേഗത്തിലേക്കു കുതിച്ചത്. 

English Summary: Bugatti Chiron at final production stage, Less than 40 units To be Produced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com