ADVERTISEMENT

മൂന്നു വർഷത്തിനകം ഒളിംപിക്സ് വിരുന്നെത്തുമ്പോൾ വൈദ്യുത പറക്കും ടാക്സി യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്ന പാരിസ് നഗരം. 2024 ഒളിംപിക്സിനു രണ്ട് വ്യോമപാതകളിൽ യാത്രാസൗകര്യം ഉറപ്പാൻ ലക്ഷ്യമിട്ട് പറക്കും ടാക്സികളുടെ പരീക്ഷണപ്പറക്കലിനുള്ള തയാറെടുപ്പിലാണു ഫ്രഞ്ച് തലസ്ഥാനം. നഗരത്തിലെ വിമാനത്താവളങ്ങളായ ചാർൾസ് ഡെ ഗോളിനെയും ലെ ബോർജെയെയും ബന്ധിപ്പിക്കുന്നതാവും പറക്കും  ടാക്സി റൂട്ടുകളിലൊന്നെന്ന് ഏറോപോർട്സ് ഡെ ഫ്രാൻസ് വെളിപ്പെടുത്തുന്നു. 

 

ദക്ഷിണപശ്ചിമ ഭാഗത്തെ രണ്ടു നഗരപ്രാന്തങ്ങളെ തലസ്ഥാനവുമായി ബന്ധിപ്പിക്കും വിധത്തിലാവും രണ്ടാമത്തെ വ്യോമപാത നിർണയിക്കുക. ‘പറക്കും ടാക്സി’കളുടെ ടേക് ഓഫിനും ലാൻഡിങ്ങിനുമായി പൊന്റോയ്സ് എൻ വെക്സിൻ ഹബ് പ്രയോജനപ്പെടുത്താനാണു പദ്ധതി. വൈദ്യുത വിമാന നിർമാതാക്കളായ വൊളോകോപ്റ്റർ ജിഎംബിഎച്ച്, എയർബസ് എസ് ഇ, വെർട്ടിക്കൽ ഏറോസ്പേസ് ഗ്രൂപ് ലിമിറ്റഡ്, ലിലിയം എൻ വി, ജോബി ഏവിയേഷൻ തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെയാണു ഫ്രാൻസിലെ സിവിൽ ഏവിയേഷൻ അതോറിട്ടി  ‘പറക്കും  ടാക്സി’കളുടെ പരീക്ഷണപറക്കൽ  സംഘടിപ്പിക്കുന്നത്. 

 

കുത്തനെ പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്യാൻ കഴിവുള്ള വൈദ്യുത(അഥവാ ഇ വി ടി ഒ എൽ) വിമാനങ്ങളെയാണു ഭാവിയുടെ വ്യോമഗതാഗത സാധ്യതയായി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇ വി ടി ഒ എൽ ഉപയോഗിച്ച് ‘പറക്കും ടാക്സി’ പദ്ധതികളുടെ ഗവേഷണ മേഖലയിൽ ശതകോടികളാണു നിക്ഷേപം. ബ്രിട്ടീഷ് കമ്പനിയായ വെർട്ടിക്കൽ ഏറോസ്പേസും ജർമനിയുടെ വൊളോകോപ്റ്ററുമാണ് ലിലിയത്തിനൊപ്പം ‘പറക്കും ടാക്സി’ മേഖലയിലെ പ്രമുഖർ.

 

വൻനഗരങ്ങളിൽ ‘പറക്കും  ടാക്സി’ സൗകര്യം ലഭ്യമാക്കാൻ ആഗോളതലത്തിലും ഗവേഷണ, വികസന പ്രവർത്തനങ്ങൾ ഗതിവേഗം കൈവരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിക്കുന്ന അർബൻ എയർപോർട്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് യു കെയിലും യു എസിലും ഓസ്ട്രേലിയയിലും  ‘പറക്കും ടാക്സി’കളും അവയുടെ ഹബ്വുകളും വികസിപ്പിക്കാൻ രംഗത്തുണ്ട്. ഈ സംയുക്ത സംരംഭത്തിന്റെ ആദ്യ ഹബ് ഇംഗ്ലണ്ടിലെ കവെൻട്രിയിൽ അടുത്ത വർഷം പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ. 

 

രണ്ടു വർഷത്തിനകം ‘പറക്കും ടാക്സി’കൾ യാഥാർഥ്യമാക്കാൻ റോമും തയാറെടുക്കുന്നുണ്ട്. 2024ൽ ഫ്ലുമിസിനൊ വിമാനത്താവളത്തിൽ നിന്നായിരിക്കും ‘എയർ ടാക്സി’ സേവനത്തിനു തുടക്കം. പദ്ധതിക്കുള്ള ഇ വി ടി ഒ എൽ വിമാനം ലഭ്യമാക്കുക വൊളോകോപ്റ്റർ ആവും.

 

English Summary: Paris dreams: Electric flying taxi routes possible for 2024 Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com