സ്വപ്നകാർ സമ്മാനം; മകന്റെ 18-ാം പിറന്നാളിന് 5 കോടിയുടെ ലംബോർഗിനി നൽകി പിതാവ്
Mail This Article
മകന്റെ പതിനെട്ടാം പിറന്നാളിന് ലംബോർഗിനി ഹുറാകാൻ എസ്‍ടിഒ സമ്മാനിച്ച് പിതാവ്. യുഎഇ ബിസിനസുകാരനായ വിവേക് കുമാർ റുങ്റ്റയാണ് മകൻ താരുഷിന് ഏകദേശം 5 കോടി രൂപ വില വരുന്ന ലംബോർഗിനി നൽകിയത്. സൂപ്പർകാർ സമ്മാനമായി നൽകുന്ന വിഡിയോയും ലംബോർഗിനി യുഎഇ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ലംബോർഗിനിയുടെ വലിയ ആരാധകനായ തനിക്ക് ഇതിൽ മികച്ചൊരു സമ്മാനം ലഭിക്കാനില്ലെത്തും സ്വപ്ന വാഹനം നൽകിയ പിതാവിനോടുള്ള സ്നേഹമറിയിച്ചുകൊണ്ടുള്ള കുറിപ്പും താരുഷ് പങ്കുവച്ചിട്ടുണ്ട്. താരുഷും പിതാവും വാഹനത്തിന്റെ ഡെലിവറി ഏറ്റുവാങ്ങുന്നതിനായി യു എ ഇ യിലെ ഡീലർഷിപ്പിൽ എത്തുന്നതും ആശ്ചര്യത്തോടെ കുടുംബാംഗങ്ങൾക്കൊപ്പം വാഹനം സ്വീകരിക്കുന്നതും വിഡിയോയിൽ കാണാവുന്നതാണ്.
2021 ൽ ഇന്ത്യൻ വിപണിയിൽ ലംബോർഗിനി ഔദ്യോഗികമായി അവതരിപ്പിച്ച വാഹനമാണ് ഹുറാകാൻ എസ് ടി ഒ. മറ്റു ഹുറാകാനിൽ നിന്നും എസ് ടി ഒ യെ വ്യത്യസ്തമാക്കുന്നത് അതിന്റെ പെർഫോമൻസ് തന്നെയാണ്. സൂപ്പർ ട്രോഫിയോ ഇവോ റേസ് കാറിനെ അടിസ്ഥാനമാക്കിയുള്ളതാണിത്. ലംബോർഗിനി ഹുറാകാനിന്റെ ഏറ്റവും വേഗമാർന്ന മോഡലുമാണ് എസ് ടി ഒ. ഇന്ത്യയിൽ ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത് 4.99 കോടി രൂപയാണ്.
മറ്റുള്ള ഹുറാകാൻ പോലെ തന്നെ 5.2 ലീറ്റർ വി 10 എൻജിനാണ് കാറിനു കരുത്തു നൽകുന്നത്. 640 പി എസ് പവറും 565 എൻ എം ടോർക്കുമാണ് പരിധി. എസ് ടി വി ഒരു റിയർ വീൽ ഡ്രൈവ് കാറാണ്. റോഡുകളിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി അഡാപ്റ്റീവ് ഡാംപെഴ്സ് നൽകിയിട്ടുണ്ട്. പെർഫോമൻസിന്റെ കാര്യമെടുത്താൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3 .0 സെക്കൻഡുകൾ മതിയാകും. പരമാവധി വേഗം 310 കിലോമീറ്ററാണ്.