ADVERTISEMENT

പൊൻകുന്നത്തെ റിങ്കോസ് ബുള്ളറ്റ് വർക്​ഷോപ്പിലെ മെക്കാനിക്കുകളെ കാണുമ്പോൾ നിങ്ങൾക്ക് അൽപമൊക്കെ കൗതുകം തോന്നാം. ചിരിച്ചും കളിച്ചും പണിയെടുക്കുന്ന അച്ഛനും മക്കളും മരുമക്കളുമെല്ലാം. ഒരു കുടുംബം മുഴുവൻ മെക്കാനിക്കുമാരായി മാറിയിരിക്കുന്ന കാഴ്ചയാണ് കോട്ടയം പൊൻകുന്നത്തുള്ള റിങ്കോസ് വർക്ഷോപ്പിലുള്ളത്. 

bullet-family-4

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു ടൂ വീലർ മെക്കാനിക്കിനൊപ്പം നിന്നും പണി പഠിച്ചതായിരുന്നു ശിവദാസ്. പിന്നീട് ബുള്ളറ്റിനോടുള്ള താൽപര്യം പൊൻകുന്നത്ത് സ്വന്തമായി ഒരു വർക്‌ഷോപ്പിലേക്കെത്തിച്ചു. വീടിന്റെ മുകളിലായിത്തന്നെ ഒരു വർക്‌ഷോപ്പും ആരംഭിച്ചു. സ്കൂൾ കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ മക്കളായ ഹരീഷും ഗിരീഷും അച്ഛനൊപ്പം കൂടും. അവിടെയുള്ള ചെറിയ പണികൾ ചെയ്ത് അച്ഛനെ സഹായിച്ചു നിൽക്കും. പിന്നീട് ആ വർക്‌ഷോപ്പ് തന്നെ ജീവിതമെന്ന് അവർ രണ്ടു പേരും തീരുമാനിച്ചു. മക്കൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ വിട്ടപ്പോഴും ശിവദാസൻ അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഒരു കുറവും വരുത്തിയിട്ടില്ല. രണ്ടു പേരും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരികളാണ്. 

നാലു വർഷങ്ങൾക്കു മുൻപാണ് ഹരീഷിന്റെ ഭാര്യയായി അമൃത  വീട്ടിലേക്കെത്തുന്നത്. ഒഴിവു നേരങ്ങളിൽ ഭർത്താവിനൊപ്പമിരിക്കാൻ മുകളിലെ  വർക്‌ഷോപ്പിലേക്കെത്തിയ അമൃത ഓരോ കാര്യങ്ങൾ കണ്ടു പഠിച്ചു മെക്കാനിക്കൽ രംഗത്തിലേക്കു കടന്നു വരികയായിരുന്നു. പിന്നീട് രണ്ട് വർഷങ്ങവ്‍ക്കു ശേഷം ഗിരീഷിന്റെ പ്രിയ സഖിയായി എത്തിയ ശ്രുതിയും അമൃതയ്ക്കൊപ്പം ചേർന്നു. ഇപ്പോൾ പൊൻകുന്നത്തെ ബുള്ളറ്റ് പ്രേമികളുടെ പ്രിയപ്പെട്ട മെക്കാനിക്കുകളാണ് റിങ്കോസിലെ ഈ അച്ഛനും മക്കളും.

bullet-family-1

പഠിക്കുന്ന സമയങ്ങളിൽ മെക്കാനിക്കൽ ജോലികൾ പഠിച്ചെടുത്ത മക്കള്‍ രണ്ടും പിന്നീട് റിങ്കോസ് ഗരാജിലെ സ്ഥിരം മെക്കാനിക് പദവി ഏറ്റെടുത്തു. എൻജിനീയറിങ് കഴിഞ്ഞിട്ടും മറ്റു ജോലികൾക്കൊന്നു പോകാത്തതിന്റെ കാരണം ഹരീഷിനോടോ ഗിരീഷിനോടോ ചോദിച്ചാൽ മറുപടി ഇങ്ങനെ.

നമുക്കൊരു സ്ഥാപനം ഉള്ളപ്പോൾ മറ്റൊരാളുടെ അടുത്ത് ജോലിക്കാരനായി നിൽക്കേണ്ട ആവശ്യമുണ്ടോ? വീടും ഗാരിജുമെല്ലാം അടുത്ത് തന്നെയുള്ളപ്പോൾ ഇവിടെ  നിൽക്കാനായിരുന്നു ഇഷ്ടം. ചെറുപ്പം മുതലേ ഇതെല്ലാം കണ്ടു വളർന്നതുകൊണ്ട് ഈ ജോലിയോട് ഒരു ഇഷ്ടവും ഉണ്ടായിരുന്നു. നമുക്ക് എന്തെങ്കിലും കാര്യങ്ങൾക്കു പോകണമെങ്കിലും ആരോടും ചേദിക്കണ്ടല്ലോ. പഠിത്തം കഴിഞ്ഞപ്പോൾ അനുജനും മെക്കാനിക്കൽ ജോലി തന്നെ മതിയെന്നു തീരുമാനിച്ചു, അതും വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കുടുബത്തിനോടെപ്പം ഇരിക്കുക എന്നത് തന്നെയല്ലേ വലിയ സന്തോഷം നമ്മുടെ ജോലി സമയത്തും അങ്ങനെ ഇരിക്കാൻ കഴിയുന്നത് ഭാഗ്യമല്ലേ..  വിവാഹ ശേഷം ഞങ്ങളുടെ ഭാര്യമാരും മെക്കാനിക്കൽ ജോലികൾ ഇഷ്ട്ടപ്പെട്ട് ഗാരിജിലേക്ക് എത്തുകയായിരുന്നു.

bullet-family

മെക്കാനിക്കൽ ജോലികളുള്ള ആളുകളെ വിവാഹംകഴിക്കാൻ പോലും മടിക്കുന്ന കാലത്ത് പങ്കാളികൾക്കൊപ്പം മെക്കാനിക്കുകളായി മാറുകയായിരുന്നു അമൃുതയും ശ്രുതിയും. ബിരുദധാരികളായ ഈ പെൺകുട്ടികൾ മെക്കാനിക്ക് ആയതിനെക്കുറിച്ചു പറയുന്നതിങ്ങനെ... 

വിവാഹം കഴിഞ്ഞു വെറുതേ വീട്ടിലിരുന്നപ്പോഴാണ് മുകളിലെ വർക്​ഷോപ്പിലേക്ക് കയറി വന്നത്. ആദ്യം ഓരോ ടൂളുകൾ എടുക്കാൻ പറയുമായിരുന്നു പിന്നീട് പാർട്സുകളൊക്കെ അഴിക്കുമ്പോൾ നോക്കി നില്‍ക്കും എന്തെങ്കിലും സഹായങ്ങൾ ചെയ്യും. ബൈക്കുകളോട് ഇഷ്ടമുണ്ടായിരുന്നതിനാൽ അതിന്റെ പണികൾ ചെയ്യാനും ഒരു താൽപര്യം ഉണ്ടായിരുന്നു. നമ്മുടെ സ്വന്തം സ്ഥാപനത്തിലാകുമ്പോൾ മറ്റൊന്നും നോക്കേണ്ട കാര്യമില്ലല്ലോ? ആദ്യമൊക്കെ കാര്യങ്ങളൊക്കെ പഠിച്ചെടുക്കാൻ പ്രയാസമായിരുന്നു. ഞാൻ ബിഎസ്‌സി മാക്സ് ആയിരുന്നു പഠിച്ചത് എനിക്കിപ്പോൾ  മാക്സ് വളരെ എളുപ്പമായി തോന്നുന്നു. മെക്കാനിക്കൽ ഒരിക്കലും പഠിച്ചു തീർക്കാൻ കഴിയില്ല പുതിയ വാഹനങ്ങൾ ഇറങ്ങുമ്പോൾ അതിനെക്കുറിച്ചു പഠിച്ചു കൊണ്ടേ ഇരിക്കണം. ആദ്യമൊക്കെ ക്ലീനിങ് ആയിരുന്നു ചെയിതിരുന്നത് പിന്നീട് എയർ ഫിൽടർ മാറാൻ തുടങ്ങി. ഇപ്പോൾ ബുള്ളറ്റിന്റെ ഒട്ടു മിക്ക ജോലികളും ചെയ്യാറുണ്ട് എൻജിൻ പണികളൊക്കെ ചെയ്യുമ്പോൾ അച്ഛനോ മറ്റാരങ്കിലുമൊക്കെ കൂടെ ഉണ്ടാവും.

bullet-family-3

ഞങ്ങൾ രണ്ടു പേരും വർക്‌ഷോപ്പിൽ ജോലിക്കു വന്നതു മുതല്‍ എല്ലാവർക്കും ഒരു കൗതുകമുണ്ടെങ്കിലും ആരും മോശമായ രീതിയിൽ പ്രതികരിച്ചിട്ടില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ. എറ്റവും വലിയ സന്തോഷം നമ്മുടെ പാട്നറിനൊപ്പം എപ്പോഴും ചിലവഴിക്കാൻ കഴിയുന്നുണ്ട് എന്നതാണ്. ‍വിദേശത്തു പോയി ജോലി ചെയ്യുന്ന പല സുഹൃത്തക്കളും ഇതൊരു ഭാഗ്യമാണെന്നു വിളിച്ചു പറയാറുണ്ട്.എല്ലാവരും ഒന്നിച്ചു ജോലി ചെയ്യുന്നത് നമ്മുടെ കുടുബത്തിനുവേണ്ടി തന്നയല്ലേ.

വീട്ടിലെ ജോലികൾ കഴിഞ്ഞേ ഞങ്ങൾ വർക്‌ഷോപ്പിലേക്കു എത്താറുള്ളു ചിലപ്പോൾ അമ്മ തന്നെ ‍ഞങ്ങവെ രണ്ടുപേരെയും പറഞ്ഞയക്കും അടുക്കളയിലെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം നിങ്ങൾ അച്ഛനെപ്പോയി സഹോയിച്ചോ എന്നാണ് പലപ്പോഴും അമ്മ പറയുന്നത്. വൈകുന്നേരം സമയങ്ങളിൽ അമ്മയും വർക്‌ഷോപ്പിലേക്കു വരാറുണ്ട് എല്ലാവും ഒന്നിച്ചു വർത്തമാനം ഒക്കെ പറഞ്ഞിരിക്കും.

ബുള്ളറ്റുകൾക്കു പുറമേ റോയൽ എൻഫീൽഡിന്റെ മറ്റു മോട്ടർ സൈക്കിളുകളും റിങ്കോസ് വർക്‌ഷോപ്പിൽ പണിയുന്നുണ്ട്. പുതുതായി ഇറങ്ങുന്ന എല്ലാ ബൈക്കുകളുെടയും ട്രെയിനിങ് റോയ‍ൽ എൻഫീൽഡ് ഇവർക്കു നൽകുന്നുണ്ട്. പഴയ ബുള്ളറ്റുകൾ ശരിയാക്കാൻ പൊൻകുന്നംകാരുടെ സ്വന്തം ശിവദാസന്‍ ആശാനുണ്ട്. 

English Summary:

Discover Rinko's Bullet Workshop, a heart-warming family business in Ponkunnam, Kerala, where passion for Royal Enfield motorcycles unites generations of skilled mechanics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com