ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മേല്‍വിലാസ അപേക്ഷ ഫോറം സമര്‍പ്പിക്കാന്‍ തൊഴിലുടമകളെ അധികാരപ്പെടുത്താം
Mail This Article
ദോഹ∙ ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ ദേശീയ മേല്‍വിലാസ അപേക്ഷ ഫോറം സമര്‍പ്പിക്കാന്‍ തൊഴിലുടമകളെ അധികാരപ്പെടുത്താം.
ദേശീയ മേല്‍വിലാസ നിയമ പ്രകാരം രാജ്യത്തെ 18 വയസ് പൂര്‍ത്തിയായ എല്ലാ സ്വദേശികളും പ്രവാസി താമസക്കാരും ജൂലൈ 26 ന് മുമ്പായി നിര്‍ബന്ധമായും തങ്ങളുടെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ദേശീയ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്യാനായി ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അപേക്ഷാ ഫോറമാണ് ഉപയോഗിക്കേണ്ടത്. ഫോറം പൂരിപ്പിച്ച് ഗാര്‍ഹിക തൊഴിലാളി ഒപ്പ് വച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമയെ അധികാരപ്പെടുത്താം.
വീടിന്റെ വിലാസം, മൊബൈല്‍-ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം, തൊഴിലിടത്തിന്റെ വിലാസം എന്നിവയെല്ലാം കൃത്യമായി തന്നെ പൂരിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 2020 ജനുവരി 27 മുതല്‍ക്കാണ് ദേശീയ മേല്‍വിലാസ റജിസ്‌ട്രേഷന്‍ തുടങ്ങിയത്. ജൂലൈ 26 വരെയാണ് സമയപരിധി. റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിക്കായിരിക്കും.
അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തില്ലെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും 10,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. ലംഘനം കോടതിയില്‍ എത്തുന്നതിന് മുമ്പായി 5,000 റിയാല്‍ അടച്ച് ഒത്തുതീര്‍പ്പാക്കാം. നിലവില്‍ പത്തു ലക്ഷത്തിലധികം പേര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.