ബൈപോളാര്‍ ഡിസോര്‍ഡര്‍ കണ്ടെത്താന്‍ ലളിതമായ രക്തപരിശോധന
Mail This Article
അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. അപ്രതീക്ഷിതമായ ഇത്തരം മാനസിക ചാഞ്ചാട്ടങ്ങള്‍ അനുഭവിക്കുന്ന എട്ടു കോടിയോളം പേര്‍ ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 40 ശതമാനം രോഗികളിലും ബൈപോളാര്‍ ഡിസോര്‍ഡര്‍ (Bipolar Disorder) വിഷാദരോഗമായി (Depression) തെറ്റായി രോഗനിര്‍ണയം ചെയ്യപ്പെടുന്നു. എന്നാല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗനിര്‍ണയത്തിനായി ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഈ രക്തപരിശോധനയിൽ, ബൈപോളാര്‍ ഡിസോർഡര്‍ ബാധിച്ച രോഗികളിലെ 30 ശതമാനത്തെയും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഈ രക്തപരിശോധനയ്‌ക്കൊപ്പം മാനസികാരോഗ്യ വിദഗ്‌ധന്റെ വിലയിരുത്തല്‍ കൂടിയായാല്‍ കൂടുതല്‍ കാര്യക്ഷമമായ രോഗനിര്‍ണയം സാധ്യമാണെന്നും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചില ബയോമാര്‍ക്കറുകളാണ് വ്യക്തിയുടെ ബൈപോളാര്‍ ഡിസോഡറിനെ പറ്റി വിലപ്പെട്ട സൂചനകള്‍ നല്‍കുന്നതെന്ന് ജാമാ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. കൃത്യ സമയത്ത് രോഗിക്ക് ചികിത്സ ഉറപ്പാക്കാനും വിശദമായ മാനസികാരോഗ്യ പരിശോധനകളിലേക്ക് നയിക്കാനും രക്തപരിശോധന സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് - വിഡിയോ