ADVERTISEMENT

‘കവിത ചൊല്ലുന്ന വീട്’ സങ്കല്‍പമല്ല യാഥാര്‍ഥ്യമാണ്. ഭാവനയെ അതിരുവിട്ട് ആശ്രയിച്ച ഏതെങ്കിലും കവിയുടെ ഭാവനയല്ല, കാല്‍പനിക കവികള്‍ ജീവിച്ചിരുന്ന വീട്. അങ്ങനെയൊരു വീടുണ്ട് ബ്രിട്ടനില്‍. കവിത മൂളുന്ന ആ വീട് ഇനി ബുദ്ധസന്യാസികളുടെ വിഹാര കേന്ദ്രം എന്നതാണ് പുതിയ വാര്‍ത്ത. 

 

കവിതയെ പ്രകൃതിയുടെ ഈണമായും താളമായും മാറ്റിയ സാക്ഷാല്‍ വില്യം വേഡ്സ്‍വര്‍ത്തിന്റെ വീടിനാണ് രൂപമാറ്റവും ഭാവമാറ്റവും വരുന്നത്. 

 

പ്രകൃതി സമ്മാനിച്ച അലൗകിക ആഹ്ലാദങ്ങളെ കവി വാക്കുകളിലേക്കു പകര്‍ന്ന മുറികള്‍ ഉള്‍ക്കൊള്ളുന്ന വീട്. കവിയും സഹോദരിയും ഡൊറോത്തിയും കൂടി സ്വപ്നം കണ്ടുനടന്ന ഉദ്യാനങ്ങള്‍ വീടിനു മുറ്റത്തുണ്ട്. ലഹരിയുടെ ചിറകില്‍ കാറ്റത്തിളകുന്ന മരം പോലെ ആടിയുലഞ്ഞ സാമുവല്‍ ടെയ്‍ലര്‍ കോള്‍റി‍ഡ്ജ് കവിത ചൊല്ലിക്കേള്‍പിക്കാന്‍ ഓടിക്കിതച്ചെത്തിയ പ്രിയ കൂട്ടുകാരന്റെ വീട്. മുറിയും ചുവരും മേല്‍ക്കൂരയും മുറ്റത്തെ ചെടികളും പൂക്കളും പോലും കവിത മൂളിയ വീടിന് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് പുനര്‍ജന്‍മം; മോക്ഷവും. 

 

വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട  വീട് കുറച്ചുനാള്‍ ഗ്രാമീണ ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ വീട് 

ബുദ്ധ സന്യാസിമാര്‍ സ്വന്തമാക്കിയിരിക്കുന്നു. വില്‍പന നടന്നുകഴിഞ്ഞു. ഏകദേശം 20 കോടിക്ക്. സന്യാസിമാരുടെ ആവാസ സ്ഥലമാണെങ്കിലും അവിടെ കവികള്‍ക്കും പ്രവേശനമുണ്ടായിരിക്കും. എഴുതാം. വായിക്കാം. കവിതചൊല്ലാം. സ്വപ്നം കണാം. ഭാവനയുടെ ഏഴഴകുള്ള തേരിലേറി അറിയാലോകങ്ങളിലേക്കും കാണാക്കാഴ്ചകളിലേക്കും സഞ്ചരിക്കാം. 

 

സോമര്‍സെറ്റില്‍ ഹൊള്‍ഫോഡ് എന്ന സ്ഥലത്താണ് വേഡ്സ്‍വര്‍ത്ത് താമസിച്ചിരുന്ന അല്‍ഫോക്സ്റ്റന്‍ പാര്‍ക്ക് ഹോട്ടല്‍. 1797 ല്‍ ഒരു വര്‍ഷം കവിയും സഹോദരിയും ഇവിടെ ഒരുമിച്ചു താമസിച്ചിരുന്നു. ഒരു പൂമൊട്ടില്‍ ലോകത്തിന്റെ സമസ്ത സൗന്ദര്യവും കവി ദര്‍ശിച്ചത് ഇവിടെവച്ചാണ്. നിഷ്കളങ്കനായ കുട്ടി മനുഷ്യന്റെ പിതാവാണ് എന്ന് എഴുതിയത്. കോള്‍റിഡ്ജ് തന്റെ പ്രശസ്തമായ എന്‍ഷ്യന്റ് മാരിനര്‍, കുബ്ളാ ഖാന്‍ എന്നീ കവിതകള്‍ ഇവിടെയെത്തിയാണ് വേഡ്സ്‍വര്‍ത്തിനെ വായിച്ചുകേള്‍പിച്ചത്. 

 

കവികളുടെ വിയോഗത്തിനുശേഷം വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു വീട്. പുരാതനവും ഒട്ടേറെ കഥകളും കവിതകളും ഉറങ്ങുന്നതുമായ വീട് സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അല്‍ഫോക്സ്റ്റന്‍ പാര്‍ക്ക് ഹോട്ടല്‍ സ്വന്തമാക്കിയ ബുദ്ധിസ്റ്റ് സ്ഥാപനം. 

 

18-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വീടിന് കാലപ്പഴക്കമുണ്ട്; കാലം വരുത്തിവച്ച പരുക്കുകളും. പുതുക്കിപ്പണിത്, അറ്റകുറ്റപ്പണികളും ചെയ്താല്‍ മാത്രമേ വീണ്ടും ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ കുറച്ചു നാളത്തെ ജോലികൊണ്ടുതന്നെ വീടിനെ യഥാര്‍ഥ കീര്‍ത്തിയിലേക്കും പുരാതന ഐശ്യര്യത്തിലേക്കും നയിക്കാമെന്നാണ് പുതിയ ഉടമകളുടെ വിശ്വാസം. 1710 ല്‍ തീപിടിത്തത്തില്‍ വീടിന് കുറച്ചു നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുതുക്കിപ്പണിത രീതിയിലാണ് ഇന്ന് കെട്ടിടം നിലനില്‍ക്കുന്നത്. 

 

പ്രകൃതിയുടെ നിത്യകാമുകനായ വേഡ്സ്‍വര്‍ത്തിന്റെ വീട്ടില്‍ നിന്ന് ഈ മാസം തന്നെ ബുദ്ധമന്ത്രങ്ങള്‍ ഉയരും. രാജകൊട്ടാരം ഉപേക്ഷിച്ച സിദ്ധാര്‍ഥ രാജകുമാരന്‍ അഭയം തേടിയതും പ്രകൃതിയുടെ മടിയില്‍ തന്നെയായിരുന്നല്ലോ. ആലിലകളുടെ മന്ത്രോച്ചാരണങ്ങളില്‍ ആ രാജകുമാരന്റെ പ്രാര്‍ഥനയും ഇഴുകിച്ചേര്‍ന്നപ്പോഴാണല്ലോ ബുദ്ധന്‍ ജനിച്ചത്. വേദനിക്കുന്ന മനസ്സുകള്‍ക്ക് കവിതപോലെ പുതിയൊരു മുക്തിമന്ത്രം ലഭിച്ചതും. 

 

English Summary: Wordsworth's Alfoxton Park home bought by Buddhist charity

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com